തമിഴ് നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ 'ടിവികെ' മുദ്രാവാക്യങ്ങളുമായി ആരാധകർ. തമിഴക വെട്രി കഴകം പ്രവർത്തകരുടെയും ആരാധകരുടെയും ബഹളത്തെത്തുടർന്ന് വേദിയിലെ പ്രസംഗം നിർത്തിവെക്കേണ്ടി വന്ന ജേസൺ, അവർക്ക് നേരെ 'തംബ്‌സ് അപ്പ്' കാണിച്ചാണ് പ്രതികരിച്ചത്. മാതാപിതാക്കൾ തമ്മിൽ ഭിന്നതയിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുന്നതിനിടെയാണ് സേലത്ത് നടന്ന പ്രൊമോഷൻ പരിപാടിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഹീസ്റ്റ് കോമഡി ചിത്രമായ ‘സിഗ്മ’യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് സംഭവം. വേദിയിലെത്തി സംസാരിച്ച ജേസൺ, ചിത്രത്തിന്റെ പ്രധാന ചിത്രീകരണ കേന്ദ്രങ്ങളിലൊന്നായ സേലത്തോട് നന്ദി പറഞ്ഞു. പിന്നാലെ ‘കുടുംബത്തിന്’ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നതായി പറഞ്ഞതോടെയാണ് സദസ്സിൽ നിന്ന് വലിയ തോതിൽ കരഘോഷവും ടിവികെ മുദ്രാവാക്യങ്ങളും ഉയർന്നത്.
ആരാധകരുടെ ബഹളം തുടർന്നതോടെ ജേസണിന് പ്രസംഗം താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. വേദിയിലുണ്ടായിരുന്ന നായകൻ സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും പുഞ്ചിരിയോടെയാണ് സംഭവങ്ങൾ വീക്ഷിച്ചത്. സൗണ്ട് സിസ്റ്റം ക്രമീകരിച്ചശേഷം പ്രസംഗം തുടർന്ന ജേസൺ, സാധാരണക്കാർക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാൻ കഴിയുന്ന കഥയാണ് ചിത്രം പറയുന്നതെന്ന് വ്യക്തമാക്കി. അച്ഛൻ വിജയ്‌യെയും അമ്മ സംഗീതയെയും കുറിച്ചുള്ള ചോദ്യങ്ങൾക്കും ജേസൺ വേദിയിൽ മറുപടി നൽകി.
‘താങ്കൾ ആദ്യമായി കണ്ട സിനിമ ഏതായിരുന്നു?’ എന്ന അവതാരകന്റെ ചോദ്യത്തിന് ‘തിരുമലൈ’ എന്നായിരുന്നു ജേസന്റെ മറുപടി. വിജയ്‌യും ജ്യോതികയും ഒന്നിച്ചഭിനയിച്ച ചിത്രം കാണുമ്പോൾ തനിക്ക് മൂന്ന് വയസ്സ് മാത്രമായിരുന്നുവെന്നും താരം പറഞ്ഞു.
താൻ സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന വാർത്ത ആദ്യം അറിയിച്ചത് അമ്മയെയാണെന്നും ജേസൺ പറഞ്ഞു. വാർത്ത അറിഞ്ഞപ്പോൾ അമ്മയ്ക്ക് ഏറെ സന്തോഷമായെന്നും താരം അറിയിച്ചു. ചടങ്ങിൽ സംസാരിച്ച സുന്ദീപ് കിഷൻ, വിജയ്‌യെ തങ്ങളുടെ ചിത്രത്തിന്റെ വലിയ പ്രചോദനമെന്നും വിശേഷിപ്പിച്ചു.
വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിന് അപേക്ഷിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് വിജയ്‌യും മകൻ ജേസണും തമ്മിൽ അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിൽ ജേസൺ അച്ഛനെ അൺഫോളോ ചെയ്തതും പേരിനൊപ്പമുണ്ടായിരുന്ന ‘വി’ ഒഴിവാക്കി അമ്മയുടെ പേരിന്റെ ആദ്യാക്ഷരമായ ‘എസ്’ ചേർത്തതുമെല്ലാം ചർച്ചയായിരുന്നു. എന്നാൽ ഈ വിഷയങ്ങളിൽ വിജയോ ജേസണോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിഗ്മ ഒക്ടോബർ 2ന് തിയറ്ററുകളിലെത്തും. മുൻപ് ചിത്രം ജൂലൈ 31-ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിജയ്‌യുടെ ചിത്രം 'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലെത്തിയതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, റാജു സുന്ദരം തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന് തമൻ എസ് ആണ് സംഗീതം നൽകുന്നത്.
During the Salem promotion of Jason Sanjay’s directorial debut Sigma, fans raised TVK slogans, forcing him to briefly pause his speech. Jason responded with a thumbs-up, while also answering questions about his first film, parents Vijay and Sangeetha, and his directorial debut.