എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങൾ യഥാർഥ ഫോട്ടോകളിൽ നിന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ട് വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക പങ്കുവെച്ച് നടി കൃതി സനോൺ. തന്റേതായ എഐ ചിത്രങ്ങൾ റിപ്പോർട്ട് ചെയ്ത് നീക്കം ചെയ്യാൻ ഇൻസ്റ്റഗ്രാമിൽ പ്രത്യേക ഓപ്ഷനില്ലെന്നും സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് നിയമങ്ങളിലും മാറ്റം വരണമെന്നും കൃതി പറഞ്ഞു. എൻഡിടിവി വേൾഡ് സമ്മിറ്റ് 2026-ൽ ‘ദി മേക്കിങ് ഓഫ് എ മോഡേൺ സ്റ്റാർ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു താരം.
യഥാർഥ ചിത്രങ്ങളും എഐ ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം ആശങ്കാജനകമാണ് . എഐയുടെ സാധ്യതകൾ ഇനിയും എത്രത്തോളം വളരുമെന്ന് കൃത്യമായി മനസ്സിലാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഇതിനെ നിയന്ത്രിക്കാൻ ആവശ്യമായ നിയമങ്ങൾ നിലവിൽ വരണം. യഥാർഥ ചിത്രം എങ്ങനെയാണെന്നും എഐ സൃഷ്ടിച്ച ചിത്രം എങ്ങനെയാണെന്നും തിരിച്ചറിയുന്നതിനിടയിൽ വളരെ ചെറിയൊരു വ്യത്യാസം മാത്രമാണുള്ളത്. എഐ ഭാവിയിൽ എന്തായി മാറുമെന്നതിനെ നേരിടാൻ നമ്മൾ പൂർണമായി തയ്യാറായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അതിന് ചില നിയമങ്ങൾ ആവശ്യമാണ്,” കൃതി വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എഐ ചിത്രങ്ങൾക്കെതിരെ പരാതി നൽകുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകളും താരം ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും അത് നീക്കം ചെയ്യണമെന്നും അറിയിക്കാൻ പ്രത്യേക റിപ്പോർട്ടിങ് സംവിധാനം ഇല്ലെന്നാണ് കൃതി പറഞ്ഞത്. “സത്യസന്ധമായി പറയുകയാണെങ്കിൽ, ഇൻസ്റ്റഗ്രാമിൽ എന്തെങ്കിലും റിപ്പോർട്ട് ചെയ്യണമെന്ന് എനിക്ക് തോന്നിയാൽ, ‘ഇത് എന്നെക്കുറിച്ച് എഐ ഉപയോഗിച്ച് നിർമിച്ച ചിത്രമാണ്, അതിനാൽ ഇത് റിപ്പോർട്ട് ചെയ്ത് നീക്കം ചെയ്യണം’ എന്ന് വ്യക്തമാക്കാൻ പ്രത്യേക ഓപ്ഷനില്ല. സാങ്കേതികവിദ്യ വളരുന്ന വേഗത്തിൽ നമ്മൾ മുന്നോട്ടുപോകുന്നില്ല,” താരം പറഞ്ഞു.
എഐയുടെ വളർച്ചയെ ഭയത്തോടെയാണ് കാണുന്നതെന്നും കൃതി തുറന്നുപറഞ്ഞു. എന്നാൽ സാങ്കേതികവിദ്യയെയും പുതിയ കണ്ടുപിടിത്തങ്ങളെയും പൂർണമായി എതിർക്കുന്ന നിലപാടല്ല തന്റേതെന്നും താരം വ്യക്തമാക്കി. “എഐ എന്നെ ഭയപ്പെടുത്തുന്നുണ്ട്. ഒരുപാട് പേരെ അത് ഭയപ്പെടുത്തുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, അതൊരു ഉപകരണമാണ്, ലക്ഷ്യസ്ഥാനമല്ല. വളരെ മൂർച്ചയുള്ള ഉപകരണമാണത്. ഉപകരണം എത്രത്തോളം മൂർച്ചയുള്ളതാകുന്നുവോ അത്രത്തോളം അപകടസാധ്യതയും വർധിക്കും,” കൃതി പറഞ്ഞു.
സാങ്കേതികവിദ്യയുടെയും നൂതന കണ്ടുപിടിത്തങ്ങളുടെയും വളർച്ചയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമങ്ങൾ കൂടി അതിനൊപ്പം വികസിക്കേണ്ടതുണ്ടെന്നാണ് താരത്തിന്റെ നിലപാട്. എഐ ഉപയോഗിച്ച് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് നമുക്ക് ഇപ്പോഴും വ്യക്തമായ ധാരണയില്ലെന്നും വ്യക്തിഗത അവകാശങ്ങളുടെ കാര്യത്തിൽ ഇന്റർനെറ്റിൽ കാണുന്ന പല കാര്യങ്ങളും ഭയപ്പെടുത്തുന്നതാണെന്നും കൃതി കൂട്ടിച്ചേർത്തു
Actress Kriti Sanon has expressed concerns about AI-generated images and the growing difficulty of distinguishing them from real photographs. Speaking at the NDTV World Summit 2026, she highlighted the lack of a dedicated Instagram reporting option for AI-generated images of herself and called for stronger laws to protect individual rights.