Entertainment News

'കെട്ടിച്ചമച്ച ആരോപണങ്ങൾ'; അതുല്യ ഉന്നയിച്ച ആരോപണങ്ങൾ തള്ളി കുക്കു പരമേശ്വരൻ

തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും വിഷയത്തിൽ നിയമനടപടികൾ ആരംഭിച്ചതായും കുക്കു പരമേശ്വരൻ വ്യക്തമാക്കി

Entertainment Desk

താരസംഘടനയായ 'അമ്മ'യുടെ മാനേജർ അതുല്യ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് പ്രതികരിച്ച കുക്കു പരമേശ്വരൻ, വിഷയത്തിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ യാഥാർഥ്യവുമായി ബന്ധമില്ലാത്തവയാണെന്ന് കുക്കു പരമേശ്വരൻ പറഞ്ഞു. ഒരു തൊഴിൽ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് വിവാദങ്ങൾക്ക് തുടക്കമായതെന്നും പിന്നീട് ചിലരുടെ ഇടപെടലിലൂടെ വിഷയം മറ്റൊരു ദിശയിലേക്ക് നീങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. അതുല്യയുടെ നിലവിലെ പരാതിയും അതേ പശ്ചാത്തലത്തിൽ ഉയർന്ന കെട്ടിച്ചമച്ച ആരോപണമാണെന്നാണ് കുക്കു പരമേശ്വരന്റെ നിലപാട്.

വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷണത്തിലൂടെ വ്യക്തത വരുമെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. ആരോപണങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സംഘടനയിലെ മുതിർന്ന അംഗങ്ങളെ സംഭവവികാസങ്ങളെക്കുറിച്ച് തുടർച്ചയായി അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഉയർന്നുവന്ന പരാതികൾക്ക് പരിഹാരം ജനറൽ ബോഡിയിൽ കണ്ടെത്താനാകുമെന്നും കൂട്ടിച്ചേർത്തു. അതേസമയം, കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണങ്ങളുമായി അതുല്യ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കാൻ ഒരു സുരക്ഷാ ജീവനക്കാരനെ കുക്കു പരമേശ്വരൻ നിർബന്ധിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അതുല്യ പരാതി നൽകിയിട്ടുണ്ട്.

കൂടാതെ, ഉണ്ണി ശിവപാലിന് അനുകൂലമായി കുക്കു പരമേശ്വരൻ സംഘടനയിൽ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്ന ആരോപണവും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. തനിക്കെതിരെ തൊഴിൽ പീഡനവും വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയും നടന്നുവെന്നും അതുല്യ ആരോപിക്കുന്നു. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നതായി സുരക്ഷാ ജീവനക്കാരനായ മുഹമ്മദ് സമ്മതിക്കുന്നതായി അവകാശപ്പെടുന്ന ഒരു ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്. പരാതിയിൽ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് അതുല്യയുടെ ആവശ്യം. വിഷയത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

English Summary: AMMA General Secretary Kuku Parameswaran has denied allegations made by manager Athulya, calling them baseless and fabricated. He stated that legal action has been initiated while police continue investigating the complaints.