Entertainment News

ഉണ്ണിയാർച്ചയെ പോലെ അൻസിബ വന്നതുകൊണ്ട് രാജിവച്ചവരല്ല ഞങ്ങൾ, തീരുമാനം ചിലർക്ക് കാര്യങ്ങൾ മനസ്സിലാവാൻ: ലക്ഷ്മി പ്രിയ

തന്റെ രാജി പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ലെന്നും ചിലർക്ക് കാര്യങ്ങൾ മനസ്സിലാവാൻ വേണ്ടി വ്യക്തമായി നൽകിയ മറുപടിയാണെന്നും താരം

Kousalya Murugan

താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ ഭിന്നതകളും തർക്കങ്ങളും പുകയുന്ന പശ്ചാത്തലത്തിൽ, സംഘടനയുമായുള്ള തന്റെ ബന്ധം പൂർണ്ണമായും അവസാനിപ്പിച്ചതായി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ താരം ലക്ഷ്മി പ്രിയ. സംഘടനയ്ക്കുള്ളിലെ നിലപാടില്ലായ്മകളോടുള്ള കടുത്ത വിയോജിപ്പ് പരസ്യമാക്കിക്കൊണ്ടാണ് താരം കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെയും തന്റെ രാജി തീരുമാനത്തെക്കുറിച്ചും സംഘടനയുടെ ഭാവിയെക്കുറിച്ചും 'മാഡിസം ഡിജിറ്റലിനോട്' മനസ്സ് തുറക്കുകയാണ് നടി ലക്ഷ്മി പ്രിയ

ഏറ്റവും നല്ല ആളുകൾ പുതിയ നേതൃത്വത്തിലേക്ക് വന്ന് താര സംഘടനയെ ഗംഭീരമായി മുന്നോട്ട് കൊണ്ടുപോകട്ടെ

തന്റെ രാജി പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ലെന്നും ചിലർക്ക് കാര്യങ്ങൾ മനസ്സിലാവാൻ വേണ്ടി വ്യക്തമായി നൽകിയ മറുപടിയാണെന്നും താരം പറഞ്ഞു. 'അമ്മ വിഷയം എന്റെ മനസ്സിൽ നിന്ന് വിട്ടുകളഞ്ഞതാണ്. സംഘടനയിൽ ഇനി എന്ത് നടന്നാലും അത് ബാധിക്കില്ല. അവിടെ കാര്യങ്ങൾ നോക്കാൻ ഒട്ടനവധി പ്രാപ്തിയുള്ള ആളുകളുണ്ടെന്നും, അവർ അത് നോക്കിക്കൊള്ളും' എന്നാണ് ലക്ഷ്മി പ്രിയയുടെ നിലപാട്. എന്നാൽ സംഘടനയിലെ വിയോജിപ്പുകൾ മുൻനിർത്തി തന്നെയാണ് താൻ രാജി സമർപ്പിച്ചതെന്നും ലക്ഷ്മി ഉറപ്പിച്ചു പറയുന്നു.

രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന ചില റിപ്പോർട്ടുകൾ വ്യാജമാണെന്നും ലക്ഷ്മി പ്രിയ പറയുന്നു. നടി അൻസിബ ഹസ്സൻ ഉന്നയിച്ച കാര്യങ്ങളാണ് തങ്ങളുടെ രാജിക്ക് പിന്നിലെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നതാണ് ഇതിൽ പ്രധാനം. ശ്വേത മേനോനും താനും ഉൾപ്പെടെയുള്ളവർ രാജിവെച്ചതിന് ശേഷമാണ് അൻസിബ അന്നത്തെ യോഗത്തിൽ വന്ന് സംസാരിക്കുന്നത്. അതുകൊണ്ട് അൻസിബ തങ്ങളെ വീഴ്ത്തിക്കളഞ്ഞു എന്ന രീതിയിലുള്ള വാർത്തകളോട് ഒട്ടും യോജിക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു

സംഘടനയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് താരം പങ്കുവെച്ചത്. 'ദി ഷോ മസ്റ്റ് ഗോ ഓൺ' എന്ന് പറയുന്നതുപോലെ പുതിയൊരു ടീം വന്ന് സംഘടന ഗംഭീരമായി മുന്നോട്ട് പോകണം. ഈ ലോകത്ത് ആരും എവിടെയും അത്യന്താപേക്ഷിതരല്ല. മുൻപ് വലിയ വലിയ നടി നടന്മാർ പോയപ്പോഴും മലയാള സിനിമ മുന്നോട്ട് പോയിട്ടുണ്ട്. പ്രകൃതിയിൽ ഒരാളുടെ വീഴ്ചയും ആർക്കും ബാധ്യതയല്ല എന്നത് പ്രകൃതി നിയമമാണ്. ഏറ്റവും നല്ല ആളുകൾ പുതിയ നേതൃത്വത്തിലേക്ക് വന്ന് താര സംഘടനയെ ഗംഭീരമായി മുന്നോട്ട് കൊണ്ടുപോകട്ടെ എന്നും താരം ആശംസിച്ചു.

Actress Lakshmi Priya has defended her decision to resign from AMMA, stating that no individual is indispensable and that the organization should move forward under new leadership. She dismissed claims linking her resignation to recent controversies and expressed hope that a capable new team will strengthen the association.