മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് പ്രായം 75ലെത്തിയെങ്കിലും ലുക്കിലും സ്റ്റൈലിലും ഇന്നും 25കാരന്റെ എനർജിയാണ്. മമ്മൂട്ടിയുടെ കോസ്റ്റ്യൂംസായാലും ലുക്കായാലും, എന്തിനേറെ അദ്ദേഹത്തിന്റെ സ്വാഗ് പോലും ഇന്നും യുവാക്കൾക്ക് റോൾ മോഡലാണ്. മമ്മൂക്കയുടെ ഈ സ്റ്റൈലിഷ് ലുക്കുകൾക്ക് പിന്നിൽ ആരാണ്? അദ്ദേഹത്തെ സ്റ്റൈൽ ചെയ്യുന്നത് ആരാണ്? ഇത്തരം ചോദ്യങ്ങൾ പലപ്പോഴും ആരാധകരുടെ ഇടയിൽ ഉയരാറുണ്ട്.
മമ്മൂട്ടിയുടെ സ്റ്റൈലിങ് ലോകത്ത് നിർണായക സാന്നിധ്യമായ അഭിജിത് സിയാണ് ഈ ചോദ്യങ്ങൾക്കുള്ള പ്രധാന ഉത്തരങ്ങളിലൊന്ന്. മമ്മൂക്കയുടെ 75-ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ, മലയാളത്തിന്റെ സ്റ്റൈൽ ഐക്കണിന്റെ ലുക്കുകൾക്ക് പിന്നിലെ പ്രധാന വ്യക്തികളിലൊരാളായ അഭിജിത് സിയെക്കുറിച്ചും അദ്ദേഹത്തിന്റെ സ്റ്റൈലിങ് യാത്രയെക്കുറിച്ചും അറിയാം.
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിജിത് മമ്മൂക്കയുടെ കടുത്ത ആരാധകനാകുന്നത്. വർഷങ്ങൾക്കിപ്പുറം അതേ മമ്മൂക്കയ്ക്കായി കോസ്റ്റ്യൂമുകൾ ഒരുക്കുന്ന പേഴ്സണൽ കോസ്റ്റ്യൂം ഡിസൈനറായി മാറുമെന്ന് അന്ന് ഒരുപക്ഷേ അയാൾ പോലും കരുതിയിട്ടുണ്ടാകില്ല. എന്നാൽ ആരാധനയിൽ തുടങ്ങിയ ആ ബന്ധം ഇന്ന് പതിമൂന്ന് വർഷത്തിലേറെ നീളുന്ന ഒരു പ്രൊഫഷണൽ യാത്രയായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയെ ആദ്യമായി ആരാധിക്കാൻ തുടങ്ങിയ കാലം മുതലുള്ള ഓർമകൾ അദ്ദേഹത്തിന്റെ 75-ാം പിറന്നാൾ ദിനത്തിൽ പങ്കുവെക്കുകയാണ് അഭിജിത്.
‘‘പണ്ട് ആറിലോ മറ്റോ പഠിക്കുമ്പോഴാണ് ദൂരദർശനിൽ വൈകുന്നേരം നാലുമണിക്ക് ‘കൗരവർ’ സിനിമ സംപ്രേഷണം ചെയ്യുന്നത്. സിനിമ കാണാൻ കഴിഞ്ഞില്ല. എന്നാൽ അടുത്ത ദിവസം ക്ലാസിലെത്തിയപ്പോൾ കൂട്ടുകാർ സിനിമയെക്കുറിച്ച് ഗംഭീരമായി സംസാരിക്കുന്നത് കേട്ടു. സിനിമ കാണാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിലുണ്ടായിരുന്നെങ്കിലും, ദിവസങ്ങളോളം ക്ലാസിൽ ‘കൗരവർ’ ചർച്ചയായിക്കൊണ്ടിരുന്നു. അങ്ങനെയൊരു സമയത്തായിരിക്കാം എന്നിൽ ഒരു മമ്മൂട്ടി ആരാധകൻ ഉണർന്നത്.
അങ്ങനെ മമ്മൂട്ടി ആരാധകനായ എനിക്ക് പൊതുവെ മാസ് സിനിമകളിലും ഇടിപടങ്ങളിലുമുള്ള നായകനെയായിരുന്നു ഏറെ ഇഷ്ടം. എന്നാൽ ഇന്ന് കാര്യങ്ങൾ ഒരുപാട് വളർന്നിരിക്കുന്നു. ഒരു ആരാധകനായ ഞാൻ, എന്നെപ്പോലെ ഒരുപാട് പേർ ഇഷ്ടപ്പെടുന്ന ആ നായകനെ അതേ മാസ് കഥാപാത്രങ്ങൾക്കായി കോസ്റ്റ്യൂം ഡിസൈൻ ചെയ്യാൻ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. മമ്മൂക്കയ്ക്കായി അത്തരത്തിലുള്ള വേഷങ്ങൾ ഒരുക്കാൻ കഴിയുന്നത് ഇന്നും വലിയ ഭാഗ്യമായാണ് കാണുന്നത്’’ അഭിജിത് കുറിച്ചു.
ഒരിക്കൽ ആരാധകനായി ഇഷ്ടപ്പെട്ടിരുന്ന ആ നായകനെ, തനിക്ക് മാത്രമല്ല, തന്നെപ്പോലെ ഒരുപാട് പേർ ഇഷ്ടപ്പെടുന്ന തരത്തിൽ ഒരുക്കാനുള്ള അവസരമാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് അഭിജിത്ത് പറഞ്ഞു. മമ്മൂക്കയുടെ മാസ് ലുക്കുകൾക്കായി കോസ്റ്റ്യൂമുകൾ ഡിസൈൻ ചെയ്യുമ്പോഴും, ഓരോ കഥാപാത്രത്തിന്റെയും സ്വഭാവവും സിനിമയുടെ പശ്ചാത്തലവും മനസ്സിലാക്കി വസ്ത്രങ്ങൾ ഒരുക്കുമ്പോഴും, ഒരിക്കൽ സ്ക്രീനിൽ മാത്രം കണ്ടിരുന്ന താരത്തോടുള്ള ആരാധന പതിയെ ഒരു പ്രൊഫഷണൽ ഉത്തരവാദിത്തമായി മാറുകയായിരുന്നു എന്നും അദ്ദേഹം കുറിച്ചു.
മമ്മൂക്കയ്ക്കായി മാത്രം പതിമൂന്ന് വർഷത്തിലേറെയായി ആയിരക്കണക്കിന് വസ്ത്രങ്ങൾ ഒരുക്കാൻ കഴിഞ്ഞത് ചെറിയ നേട്ടമല്ലെന്ന് അഭിജിത്തിന് നന്നായി അറിയാം. സിനിമയിലെ വ്യത്യസ്ത കഥാപാത്രങ്ങൾക്കായും സിനിമയ്ക്ക് പുറത്തുള്ള വിവിധ ലുക്കുകൾക്കായും മമ്മൂട്ടിയുടെ വസ്ത്രങ്ങൾ ഒരുക്കാനുള്ള അവസരം ഈ യാത്രയിൽ അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ ആ വർഷങ്ങളിലെ ഏറ്റവും മനോഹരമായ ഓർമകളിലൊന്ന് മറ്റൊന്നാണ്.
വർഷങ്ങൾക്ക് മുൻപുള്ള മമ്മൂക്കയുടെ ഒരു പിറന്നാൾ ദിവസം. പതിവുപോലെ കാരവാന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ മമ്മൂക്ക ആദ്യം ചോദിച്ചത്, ‘എന്താ നിന്റെ പേര്?’ എന്നായിരുന്നു. വർഷങ്ങളോളം ആരാധനയോടെ സ്ക്രീനിൽ മാത്രം കണ്ടിരുന്ന താരത്തിന് മുന്നിൽ ആദ്യമായി നിൽക്കുന്ന ഒരു ആരാധകൻ. ആ നിമിഷത്തിൽ അയാൾ കേൾക്കാൻ ആഗ്രഹിച്ചേക്കാവുന്ന ഏറ്റവും സാധാരണമായ ചോദ്യം. പക്ഷേ, അഭിജിത്തിനെ സംബന്ധിച്ച് അതിനേക്കാൾ വിലപ്പെട്ട മറ്റൊരു ചോദ്യം ഉണ്ടായിരിക്കില്ല. ഒരിക്കൽ അകലെ നിന്ന് ആരാധിച്ചിരുന്ന മമ്മൂക്കയുടെ മുന്നിൽ, സ്വന്തം പേര് ചോദിക്കപ്പെട്ട ആ നിമിഷം ഇന്നും അഭിജിത്തിന്റെ മനസ്സിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നാണ്.
ഒരിക്കൽ സ്ക്രീനിൽ മാത്രം കണ്ട താരത്തെ ആരാധിച്ചിരുന്ന ആ പയ്യന് ഇന്ന് മമ്മൂക്കയോട് പറയാനുള്ളത് വളരെ ലളിതമായൊരു വാക്കാണ്. ‘‘എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ.’’ അതിനുള്ളിൽ വർഷങ്ങളായുള്ള ആരാധനയും സ്നേഹവും നന്ദിയും ഒളിഞ്ഞിരിക്കുന്നു.
On Mammootty’s 75th birthday, personal costume designer Abhijith C shares his journey from being a young fan of the superstar to styling him for over 13 years. He recalls how his childhood admiration for Mammootty eventually became a professional journey filled with memorable moments.