Entertainment News

'നിതീഷേ വേഗം പണി തുടങ്ങ്'; ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടിയുടെ പുതിയ ലുക്ക്

കട്ടി മീശയും കട്ടി താടിയുമായി മാസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

Entertainment Desk

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ലുക്കിൽ ആരാധകർ ആവേശത്തിൽ. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടി കൊമേഴ്‌സ്യൽ ചിത്രത്തിന്റെ ഭാഗമാകാൻ പോകുമ്പോൾ ആ സിനിമയ്ക്കു വേണ്ടിയുള്ള ലുക്കാണോ ഇതെന്ന സംശയമാണ് ആരാധകർക്ക്.

ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് വേദിയിൽ എത്തിയപ്പോൾ ആണ് മമ്മൂട്ടിയുടെ പുത്തൻ ലുക്ക് ആരാധകർ കാണുന്നത്. കട്ടി മീശയും കട്ടി താടിയുമായി മാസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റിൽ ചിത്രത്തിലെ ലുക്കായിരിക്കും ഇതെന്നാണ് ആരാധകരുടെ പ്രവചനം.

നിതീഷ് സഹദേവ് ചിത്രത്തിൽ മമ്മൂട്ടിയുടെ ലുക്ക് വളരെ വ്യത്യസ്തമായിരിക്കുമെന്നും പഴയ മാസ് പടങ്ങളിലേതിനു സമാനമായിരിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ആരാധകരെ പോലും ഞെട്ടിക്കുന്ന ലുക്കിൽ മമ്മൂട്ടി അവാർഡ് വേദിയിൽ പ്രത്യക്ഷപ്പെട്ടത്.

മാസ് എന്റർടെയ്നർ ഴോണറിലാണ് ചിത്രം ഒരുക്കുക. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നാണ് വിവരം. 'ഫാലിമി'ക്കു ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന മലയാള ചിത്രമാണിത്. ഡാർക്ക് ഹ്യൂമറിന് പ്രാധാന്യമുണ്ടായിരിക്കും. പുരുഷ കേന്ദ്രീകൃത കഥയായിരിക്കുമെങ്കിലും, കഥാഗതിയെ മുന്നോട്ട് നയിക്കുന്നത് ഒൻപത് വയസ്സുകാരിയായ പെൺകുട്ടിയുടെ കഥാപാത്രമായിരിക്കും. ചിത്രത്തിൽ നായിക കഥാപാത്രമില്ല. കേരള-തമിഴ്‌നാട് ബോർഡർ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയിൽ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റർ ആയിട്ടാണ് എത്തുന്നത്. സിനിമയ്ക്കായി ഒരു 'ഫിക്ഷണൽ ലോകം' (സങ്കൽപ്പ ലോകം) സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ആക്ഷനും വലിയ പ്രാധാന്യമുണ്ടായിരിക്കും. നിതീഷിനൊപ്പം അനുരാജ് ഒ ബി കൂടി ചേർന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ. അഗ്നിവേശ് രഞ്ജിത്താണ് പ്രൊജക്ട് ഡിസൈനർ.

അടൂർ ഗോപാലകൃഷ്ണൻ ചിത്രം 'പദയാത്ര'യിലാണ് മമ്മൂട്ടി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ഇതൊരു നോൺ കൊമേഴ്‌സ്യൽ ചിത്രമാണ്. മമ്മൂട്ടി കമ്പനി തന്നെയാണ് നിർമാണം. അതിനുശേഷം ധനുഷ് നായകനാകുന്ന തമിഴ് ചിത്രത്തിന്റെ ഭാഗമായി. ധനുഷിനൊപ്പം വളരെ ശക്തമായ കഥാപാത്രമാണ് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടേത്. ഈ ചിത്രം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയെത്തിയ മമ്മൂട്ടി ഇനി നിതീഷ് സഹദേവ് ചിത്രത്തിൽ അഭിനയിക്കും.

Megastar Mammootty's rugged new look at the Anand TV Film Awards, featuring a thick beard and mustache, has taken the internet by storm. Fans are highly excited and speculate that this 'mass' avatar is for his upcoming big-budget commercial film directed by Nithish Sahadev.