ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ ഖത്തര്‍ - സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തില്‍ ഓഫ് സൈഡ് വിവാദം. സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയ സ്റ്റേഡിയത്തില്‍ കരുത്തരായ സ്വിറ്റ്സര്‍ലന്‍ഡിനെ ഖത്തര്‍ സമനിലയില്‍ തളച്ച മത്സരത്തിലാണ് വാര്‍ സംശയത്തില്‍ നിഴലില്‍ നില്‍ക്കുന്നത്. 17ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രീല്‍ എംബോളോയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ഗോള്‍ നേടിയത്. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ നേടിയ ഹെഡറിലൂടെ ബൊലം ഖോഖി ഖത്തറിന് ഒരു പോയന്റ് നേടിക്കൊടുക്കുകയായിരുന്നു.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയിലേക്ക് നയിച്ച തീരുമാനമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പെനാല്‍റ്റിയിലേക്ക് നയിച്ച ഫൗളിന് മുന്‍പ് ഫൗള്‍ ചെയ്യപ്പെട്ട റെമോ ഫ്രൂളര്‍ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്നാണ് റീപ്ലേകള്‍ വ്യക്തമാക്കുന്നത്. ഇത് അനുവദിക്കപ്പെട്ടിരുന്നു എങ്കില്‍ പിന്നീട് പെനാല്‍റ്റി ലഭിക്കുമായിരുന്നില്ല. എന്നാല്‍ ഈ തീരുമാനത്തില്‍ വാര്‍ ഇടപെടുകയോ പരിശോധന നടത്തുകയോ ചെയ്യാതിരുന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് പിന്നില്‍. എന്നാല്‍ ഈ വിവാദ തീരുമാനത്തില്‍ അതിന്റെ ഡിജിറ്റല്‍ അനിമേഷന്‍ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഫിഫ തയ്യാറായിട്ടില്ല.
ലോകകപ്പിന് മുന്നോടിയായി കൂടുതല്‍ കൃത്യതയാര്‍ന്ന 'സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ്' സാങ്കേതികവിദ്യ തങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഫിഫ അവകാശപ്പെട്ടിരുന്നു. ഇതിലെ കൃത്യത സംബന്ധിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.
ഫിഫയുടെ അവകാശവാദങ്ങള്‍ പ്രകാരം ഏറ്റവും കൃത്യമായ ഓഫ്സൈഡ് തീരുമാനങ്ങളായിരുന്നു സാങ്കേതിക വിദ്യയിലൂടെ ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ 'ഓണ്‍സൈഡ് ആനിമേഷന്‍ ഗ്രാഫിക് സൃഷ്ടിക്കുന്നതില്‍ ചെറിയ സാങ്കേതിക തടസ്സം നേരിട്ടു എന്നാണ് ഫിഫ ഇപ്പോള്‍ പറയുന്നത്. മത്സരം പൂര്‍ത്തിയായി മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് ഈ പ്രതികരണം പുറത്തുവരുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറി വരച്ച വരകളില്‍ ഓഫ്സൈഡ് കാണിച്ചില്ലെന്നും രണ്ട് ചിത്രങ്ങള്‍ ഉണ്ടായിരുന്നു എന്നും ഫിഫ പറയുന്നു. എന്നാല്‍ ഡിജിറ്റല്‍ അനിമേഷന്‍ ഇമേജുകള്‍ പുറത്തുവിടാന്‍ ഫിഫ തയ്യാറായിട്ടില്ല.
വ്യാപക വിമര്‍ശനം
ഫിഫയുടെ സുതാര്യതയില്ലാത്ത നിലപാടിനെതിരെ മുന്‍ ഇംഗ്ലണ്ട് താരവും പ്രമുഖ ഫുട്ബോള്‍ നിരീക്ഷകനുമായ ഗാരി നെവില്‍ ഉള്‍പ്പെടെ കുറ്റപ്പെടുത്തി. ഏകാധിപത്യ നിലപാട് എന്നാണ് നെവിലിന്റെ വിമര്‍ശനം. തങ്ങളുടെ പക്കലുള്ള തെളിവുകള്‍ ആര്‍ക്കും കാണിക്കാതെ ആന്തരികമായി ഒളിച്ചുവെക്കുന്ന ഫിഫയുടെ ശൈലി തികച്ചും പരിഹാസ്യമാണ്. അത് ഓഫ്‌സൈഡ് അല്ലെങ്കില്‍ കൃത്യമായ ദൃശ്യങ്ങള്‍ കാണിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തൂ. എന്തുകൊണ്ടാണ് ഇതില്‍ സുതാര്യതയില്ലാത്തത്?' നെവില്‍ പ്രതികരിച്ചു.
നേരത്തെ കാനഡ - ബോസ്നിയ മത്സരത്തില്‍ ഫിഫ കൃത്യമായ അനിമേഷന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഖത്തറിനെതിരായ മത്സരത്തില്‍ സ്വിസ് താരത്തിന് അനുകൂലമായി വന്ന ഈ തീരുമാനത്തില്‍ ഫിഫ പുലര്‍ത്തുന്ന മൗനം കുറ്റകരമാണെന്നുമാണ് വിമര്‍ശങ്ങള്‍.
ലോകകപ്പില്‍ ഖത്തറിന് ആദ്യ പോയിന്റ്
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മുന്നേറ്റം വ്യക്തമായിരുന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ സമനില ഗോളിലൂടെ ഖത്തര്‍ ചരിത്രതത്തില്‍ ആദ്യമായി ലോക കപ്പില്‍ പോയിന്റ് നേടി. ക്യാപ്റ്റന്‍ ബൗലെം ഖൗഖിയാണ് ഖത്തറിന്റെ സമനില ഗോള്‍ നേടിിയത്. നാലു വര്‍ഷം മുന്‍പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് അരങ്ങേറ്റത്തില്‍ ഗ്രൂപ്പിലെ മൂന്ന് കളികളിലും ഖത്തര്‍ പരാജയപ്പെട്ടിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഖത്തറിന്റെ രണ്ടാം ഗോളാണ് ഖൗഖിയുടെ ഹെഡറില്‍ പിറന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഒറ്റ ഗോള്‍ മാത്രമാണ് ഖത്തര്‍ നേടിയത്.
A VAR-related offside controversy overshadowed the Group B FIFA World Cup clash between Qatar and Switzerland at the San Francisco Bay Area Stadium. Switzerland took the lead in the 17th minute when Breel Embolo converted a penalty. Qatar fought back in dramatic fashion, with Boualem Khoukhi scoring a late header in the fourth minute of injury time to secure a 1-1 draw and earn his side a valuable point. The match has sparked debate over key VAR decisions.