മോഹൻലാലിനൊപ്പം സിനിമ ചെയ്യണമെന്നത് സംവിധായകൻ അനൂപ് സത്യന്റെ കുട്ടിക്കാലം മുതലുള്ള വലിയ ആഗ്രഹമായിരുന്നു. അച്ഛൻ സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ മോഹൻലാൽ നായകനാകാത്തതിന്റെ പേരിൽ പോലും പിണങ്ങിയിരുന്ന ആ ആരാധകൻ, വർഷങ്ങൾക്കിപ്പുറം തന്റെ രണ്ടാമത്തെ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരത്തെ നായകനാക്കിയിരിക്കുകയാണ്. മോഹൻലാലും അനൂപ് സത്യനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമായ ‘എൽ 368’ന്റെ പൂജാ ചടങ്ങിൽ ഈ അപൂർവ കൂടിച്ചേരലിന്റെ സന്തോഷം പങ്കുവെച്ചത് സത്യൻ അന്തിക്കാടും മോഹൻലാലും തന്നെയാണ്.
മോഹൻലാലിന്റെ 368-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘എൽ 368’ ഒരുങ്ങുന്നത്. കൊച്ചിയിൽ നടന്ന പൂജാ ചടങ്ങിൽ സംസാരിക്കവെ, തന്റെ സിനിമാജീവിതത്തിലെ മോഹൻലാലുമായുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് താരം ഓർത്തെടുത്തു. സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമ മുതൽ ഏറ്റവും പുതിയ ചിത്രത്തിൽ വരെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു യാത്രയാണെന്നും ആ ബന്ധത്തിന്റെ തുടർച്ചയായി അദ്ദേഹത്തിന്റെ മകനൊപ്പവും സിനിമ ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. നല്ലൊരു സിനിമയായി മാറാനുള്ള എല്ലാ സാധ്യതകളും ഈ ചിത്രത്തിനുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമായത് അനൂപിന്റെ കുട്ടിക്കാലത്തെക്കുറിച്ച് സത്യൻ അന്തിക്കാട് പങ്കുവെച്ച രസകരമായ അനുഭവമായിരുന്നു. സ്കൂൾ കാലം മുതൽ അനൂപ് കടുത്ത മോഹൻലാൽ ആരാധകനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ ഉണ്ടോ എന്നതായിരുന്നു അനൂപിന് അറിയേണ്ടിയിരുന്ന പ്രധാന കാര്യം. ഇല്ലെന്ന മറുപടി ലഭിച്ചാൽ രണ്ടുദിവസത്തോളം അച്ഛനോട് സംസാരിക്കാതെ നടക്കുമായിരുന്നത്രേ. ‘മഴവിൽക്കാവടി’, ‘പൊന്മുട്ടയിടുന്ന താറാവ്’, ‘സന്ദേശം’ തുടങ്ങിയ സിനിമകളുടെ കാലത്തും അനൂപിന്റെ ചോദ്യം ഇതുതന്നെയായിരുന്നുവെന്ന് സത്യൻ അന്തിക്കാട് ഓർത്തെടുത്തു.
മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാൻ കഴിയാത്ത പത്തോ പന്ത്രണ്ടോ വർഷത്തെ ഇടവേളയിലും മകന്റെ ആരാധനയ്ക്ക് മാറ്റമുണ്ടായിരുന്നില്ല. ഒരിക്കൽ അച്ഛനുമായി വഴക്കിട്ട അനൂപ് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചപ്പോൾ എവിടേക്കാണ് പോകുന്നതെന്ന് സത്യൻ അന്തിക്കാട് ചോദിച്ചു. മോഹൻലാലിന്റെ വീട്ടിലേക്ക് എന്നായിരുന്നു അന്നത്തെ കുട്ടിയുടെ മറുപടി. ആ പഴയ ഓർമ പങ്കുവെച്ച സത്യൻ അന്തിക്കാട്, മകൻ ഇന്ന് മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കുന്നതിലുള്ള വ്യക്തിപരമായ സന്തോഷവും മറച്ചുവെച്ചില്ല.
മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിച്ചിട്ടും തനിക്ക് മതിയായിട്ടില്ലെന്നും അതുകൊണ്ടുതന്നെ തന്റെ അടുത്ത സിനിമയും അദ്ദേഹത്തിനൊപ്പമായിരിക്കുമെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു. മോഹൻലാലിന്റെ 368 ചിത്രങ്ങളിൽ ഇരുപതോളം സിനിമകൾ സംവിധാനം ചെയ്യാൻ കഴിഞ്ഞതും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിനുശേഷം അനൂപ് സത്യൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നത്. മോഹൻലാലിനെ കൂടാതെ മുകേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡിയും ആക്ഷനും ത്രില്ലറും വൈകാരികതയും ചേർന്ന വ്യത്യസ്തമായൊരു സിനിമാനുഭവമായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അനൂപ് തന്നെയാണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജേക്സ് ബിജോയ് സംഗീതസംവിധാനവും ഷഹ്നാദ് ജലാൽ ഛായാഗ്രഹണവും നിർവഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ്ങും അനൂപ് സത്യൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ‘ആടുജീവിതം’ സിനിമയിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മാധവാണ് കലാസംവിധാനം.
ഒരു താരത്തിന്റെ ആരാധനയും ഒരു സംവിധായകന്റെ സിനിമാസ്വപ്നവും ഒത്തുചേരുന്ന ഈ കൂട്ടുകെട്ട് പ്രഖ്യാപനവേളയിൽത്തന്നെ പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തിയിട്ടുണ്ട്. മോഹൻലാലും സത്യൻ അന്തിക്കാടിന്റെ കുടുംബവും തമ്മിലുള്ള വർഷങ്ങൾ നീണ്ട സിനിമാബന്ധത്തിന് പുതിയൊരു അധ്യായം കൂടി എഴുതിച്ചേർക്കുകയാണ് ‘എൽ 368’.
Director Anoop Sathyan’s childhood dream comes true as he teams up with Mohanlal for his second directorial venture, L 368. At the film’s pooja ceremony, Sathyan Anthikad and Mohanlal shared nostalgic memories, celebrating their long-standing cinematic association and expressing excitement about this new collaboration featuring Mohanlal and Mukesh.