Entertainment News

നസ്‌ലൻ എന്ന സിനിഫയലിന് വേണ്ടി എഴുതിയ 'മോളിവുഡ് ടൈംസ്'; സംവിധായകൻ അഭിനവ് സുന്ദർ നായക്

നസ്‌ലനെ മനസിൽ കണ്ട് പിറന്ന സിനിമ; സംവിധായകൻ അഭിനവിന്റെ വെളിപ്പെടുത്തൽ

Entertainment Desk

യുവതാരം നസ്‌ലൻ നായകനാവുന്ന 'മോളിവുഡ് ടൈംസ്' എഴുതിയത് പോലും നടനെന്ന നിലയിലെ അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിനുള്ള അംഗീകാരമായാണെന്ന് ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായക്. ചിത്രവുമായി ബന്ധപ്പെട്ട് നസ്‌ലനും അഭിനവും 'ക്ലബ് എഫ്എമ്മിന്' നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന നടനാണ് നസ്‌ലൻ. അതുകൊണ്ട് തന്നെ 'മോളിവുഡ് ടൈംസ്' എഴുതി തുടങ്ങിയ സമയത്ത് 'നിന്നെ മനസിൽ കണ്ടാണ് എഴുതുന്നതെന്നും, നിനക്ക് എന്റെ കൂടെ സിനിമ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ മാത്രമേ ഞാനിത് എഴുതാൻ തുടങ്ങുകയുള്ളു' എന്ന് നസ്‌ലനോട് തുറന്നു പറഞ്ഞതായും അഭിനവ് സുന്ദർ പറഞ്ഞു. 'പ്രേമലു' ഇറങ്ങുന്നതിന് മുൻപാണ് കഥ പറയാൻ നസ്‌ലനെ സമീപിക്കുന്നത്. 'ജോ ആൻഡ് ജോ' എന്ന ചിത്രം കണ്ടപ്പോഴായിരുന്നു നസ്‌ലനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായതെന്നും അഭിനവ് പറഞ്ഞു.

'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' സഹ രചയിതാവായ വിമൽ ഗോപാലകൃഷ്ണനും അഭിനവും പല കഥകൾ ചർച്ച ചെയ്യുന്നതിന്റെ ഇടയിലായിരുന്നു നസ്‌ലനെ നായകനാകുന്ന കാര്യം വീണ്ടും ചർച്ചയിൽ വന്നത്. 19 വയസ്സുകാരനായ ഒരു ഡിക്റ്റക്റ്റീവ് എന്ന ആശയമായിരുന്നു ആദ്യം ഇരുവരുടെയും മനസിലുണ്ടായിരുന്നത്. പക്ഷെ പല കാരണങ്ങളാൽ അത് നടന്നില്ല. പിന്നീട് 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' റിലീസിന് ശേഷം സുഹൃത്ത് കൂടിയായ രാമു സുനിലിനെ കാണുകയും സ്വന്തം സിനിമ യാത്രയെ കുറിച്ചുമെല്ലാം സംസാരിക്കുകയും ചെയ്യുന്നതിനിടയിൽ 'മോളിവുഡ് ടൈംസ്' കഥയിലേക്ക് ചർച്ച വരുകയും നസ്‌ലനെ മനസിൽ കണ്ട് എഴുതാനും തുടങ്ങുകയായിരുന്നുവെന്നും അഭിനവ് പറഞ്ഞു. പ്രത്യേക ഓറയുള്ള വ്യക്തിയാണ് നസ്‌ലനെന്നും സഹോദര തുല്യനാണെന്നും മികച്ച സിനീഫയൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വിനീത് ശ്രീനിവാസൻ' നായകനായ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ സംവിധായകനാണ് അഭിനവ് സുന്ദർ നായക്'. ഷോർട്ട് ഫിലിമുകളിലൂടെ സിനിമയിൽ എത്തിയ അഭിനവ് 'തിര' എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. മലയാളം-തമിഴ് ഭാഷകളിലായി 'യു ടൂ ബ്രൂട്ടസ്, ഉറിയടി, ആനന്ദം, കുരങ്ങു ബൊമ്മയ്, ഗോദ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ കൂടിയാണ് അഭിനവ്.

English Summary: Director Abhinav Sundar Nayak revealed that Mollywood Times was written specifically with Naslen in mind, praising his script sense and dedication. The project evolved after earlier ideas were dropped, eventually shaping into a film tailored for the young actor.