സിനിമ നിര്‍മാണം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്ന് തുറന്നുപറഞ്ഞ നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ വീഡിയോ ആഴ്ചകള്‍ക്ക് മുന്‍പാണ് കേരളം ചര്‍ച്ച ചെയ്തത്. അഭിലാഷ് പിള്ള ഉള്‍പ്പെടെയുള്ള ചിലരെ താന്‍ വിശ്വസിച്ചുവെന്നും അവര്‍ പറഞ്ഞു പറ്റിച്ചു എന്നുമായിരുന്നു ജയസൂര്യ നായകനായ 'വെള്ളം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ വീഡിയോയിലെ ആരോപണം. മലയാള സിനിമ മേഖലയെ പിടിച്ചുലച്ച ചര്‍ച്ചകള്‍ക്കും ഈ ആരോപണം വഴിവച്ചു.
ആഴ്ചകള്‍ക്കിപ്പുറം, തന്റെ പ്രതിസന്ധികാലത്ത് കൂടെ നിന്ന ചിലരുണ്ടെന്ന് തുറന്നുപറയുകയാണ് മുരളി കുന്നുംപുറം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് മുരളി തനിക്കൊപ്പം നിന്നവരെ കുറിച്ച് മുരളി തുറന്നുപറയുന്നത്. വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദന്‍, ഷറഫുദ്ദീന്‍ എന്നിരെയാണ് മുരളി പോസ്റ്റില്‍ ഏടുത്തുപറയുന്നത്.
മനുഷ്യരുടെ സ്‌നേഹവും കരുതലും ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ വലിയ കരുത്താകുമെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കഴിഞ്ഞുപോയതെന്ന് മുരളി പറഞ്ഞു. സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍, നിര്‍മ്മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, നേരിട്ട് പരിചയമില്ലാത്ത നിരവധി ആളുകള്‍ എന്നിവരില്‍ നിന്ന് ലഭിച്ച പിന്തുണയും സ്‌നേഹവുമാണ് മുന്നോട്ട് പോകാനുള്ള പ്രചോദനവും ശക്തിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി, നടന്‍ ഉണ്ണി മുകുന്ദന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഇടയ്ക്കിടെ വിളിച്ച് എല്ലാ പിന്തുണയും അറിയിക്കുന്നതും തനിക്ക് ആത്മവിശ്വാസവും സന്തോഷവും പകരുന്നതായും മുരളി പറഞ്ഞു. നല്ല മനുഷ്യര്‍ക്കൊപ്പമുള്ള കൂടുതല്‍ മികച്ച സിനിമകളും പുതിയ യാത്രകളും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് താനെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റ് പൂര്‍ണരൂപം-
കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികവുമായ ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. ആ സമയത്ത് എന്ത് സംഭവിക്കും, എങ്ങനെ മുന്നോട്ട് പോകും എന്നൊന്നും വ്യക്തമായിരുന്നില്ല. എന്നാല്‍ ആ ദിവസങ്ങളില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു വലിയ സത്യമുണ്ട് - നമ്മള്‍ കരുതുന്നതിലുപരി മനുഷ്യരുടെ സ്‌നേഹത്തിനും കരുതലിനും നമ്മെ താങ്ങിനിര്‍ത്താന്‍ കഴിയും എന്ന്.
സിനിമാ മേഖലയിലെ വിവിധ സംഘടനകളില്‍ നിന്നുള്ളവര്‍, നിര്‍മ്മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, എന്നെ നേരില്‍ പോലും പരിചയമില്ലാത്ത ഒട്ടനവധി ആളുകള്‍.. എല്ലാവരും നല്‍കിയ പിന്തുണയും സ്‌നേഹവുമാണ് ഇന്ന് എന്നെ മുന്നോട്ട് നയിക്കുന്ന ശക്തി.
ജീവിതം മുന്നോട്ട് പോകുമ്പോള്‍ ആളുകളും തങ്ങളുടെ തിരക്കുകള്‍ക്കൊപ്പം മുന്നോട്ട് പോകുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ ചില മനുഷ്യര്‍ അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി.
പ്രിയപ്പെട്ട വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഇടയ്ക്കിടെ എന്നെ വിളിച്ച് എന്റെ വിശേഷങ്ങള്‍ അന്വേഷിക്കുകയും, എല്ലാ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്യുന്നത് എനിക്ക് വാക്കുകള്‍ക്കതീതമായ സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നുണ്ട്. നല്ല സമയത്ത് നമുക്കൊപ്പം നില്‍ക്കുവാന്‍ ഒരുപാട് പേര്‍ ഉണ്ടാകും. എന്നാല്‍ ജീവിതം പരീക്ഷിക്കുന്ന നിമിഷങ്ങളില്‍ ഒരു മനുഷ്യന്റെ ചുമലില്‍ കൈവെച്ച് ''ഞങ്ങള്‍ കൂടെയുണ്ട്'' എന്ന് പറയുന്നവര്‍ വളരെ അപൂര്‍വ്വമാണ്. അത്തരത്തിലുള്ള മനുഷ്യരാണ് ഇവര്‍. അവരുടെ സൗഹൃദത്തിനും കരുതലിനും ഞാന്‍ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് നന്ദി പറയുന്നു.
ഈ സ്‌നേഹവും വിശ്വാസവും തന്നെയാണ് എന്റെ തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനം. നല്ല മനുഷ്യരുമൊത്ത് കൂടുതല്‍ നല്ല സിനിമകളും പുതിയ യാത്രകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍.
എന്നെ വിശ്വസിച്ച, എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും, ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
തിരിച്ചുവരവ് എന്നത് ഒരു വ്യക്തിയുടെ മാത്രം യാത്രയല്ല. ഒരുപാട് മനുഷ്യരുടെ സ്‌നേഹവും വിശ്വാസവും ചേര്‍ന്നാണ് അത് സാധ്യമാകുന്നത്.
നന്ദി.
മുരളി കുന്നുംപുറത്ത്
English Summary : Film producer and businessman Murali Kunnumpuram, who had recently sparked widespread discussion in Kerala after revealing the severe financial crisis he faced due to film production, has now spoken about the people who stood by him during his difficult times. Earlier, Murali had alleged that he was misled by certain individuals, including Abhilash Pillai, leading to major controversy within the Malayalam film industry.
In a social media post shared weeks later, Murali expressed gratitude to those who supported him during the crisis. He specifically mentioned producer Venu Kunnappilly, actor Unni Mukundan, and actor Sharafudheen for standing with him during one of the most challenging phases of his life.