98-ാമത് ഓസ്‌കർ വേദിയിൽ പുരസ്‌കാര നേട്ടത്തിൽ തിളങ്ങി പോൾ തോമസ് ആൻഡേഴ്‌സൺ ചിത്രമായ 'വൺ ബാറ്റിൽ അഫ്റ്റർ അനദർ'. മികച്ച ചിത്രം, മികച്ച സംവിധായകൻ, എഡിറ്റിങ്, സഹനടൻ, അവലംബിത തിരക്കഥ, കാസ്റ്റിങ് തുടങ്ങി ആറ് പുരസ്‌കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്.
ഓസ്‌കാറിന്റെ ഈ വർഷത്തെ പതിപ്പിലെ പ്രധാന പ്രത്യേകത മികച്ച കാസ്റ്റിങിനുള്ള പുരസ്‌കാര പ്രഖ്യാപനമായിരുന്നു. മികച്ച കാസ്റ്റിങിനുള്ള പുരസ്‌കാരം ആദ്യമായാണ് ഓസ്‌കറിൽ പ്രഖ്യാപിക്കുന്നത്. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ കസാന്ദ്ര കുലുകുൻഡിസ് ആണ് പുരസ്‌കാരം നേടിയത്.
'സിന്നേഴ്'സിലെ പ്രകടനത്തിന് മൈക്കിൾ ബി ജോർദൻ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. 'ഹാംനെറ്റി'ലെ പ്രകടനത്തിലൂടെ ജെസി ബെക്ലി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. പുരസ്‌കാരം അമ്മമാരുടെ പ്രക്ഷുബ്ധമായ മനസുകൾക്ക് സമർപ്പിക്കുന്നുവെന്ന് പുരസ്‌കാരം ഏറ്റവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിൽ ജെസി പ്രതികരിച്ചു.
11 തവണ ഓസ്കാർ നോമിനേഷനിൽ വന്നിട്ടുണ്ടെങ്കിലും പോൾ തോമസ് ആൻഡേഴ്‌സിന്റെ കരിയറിലെ ആദ്യ ഓസ്കാർ നേട്ടമാണ് ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ സംഭവിച്ചിരിക്കുന്നത്. ഷോൺ പെൻ, ബെനീസിയോ ഡെൽ ടോറോ, റെജീന ഹാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ നിർമാണം നിർവ്വഹിച്ചതും ആൻഡേഴ്‌സ് തന്നെയായിരുന്നു. ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് തുടങ്ങിയ പുരസ്കാര വേദികളിലും അംഗീകരിക്കപ്പെട്ട ശേഷമാണ് ഓസ്കാർ എന്ന വലിയ അഗീകാരം ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
ഛായാഗ്രഹണത്തിന് ഓസ്‌കർ നേടുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടമാണ് 'സിന്നേഴ്‌സി'ലൂടെ ഓട്ടം ഡ്യൂറൾഡ് അർക്കപോ നേടിയിരിക്കുന്നത്. റയാൻ കൂഗ്ലർ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയതും 'സിന്നേഴ്സ്' ലൂടെയാണ്.
'വൺ ബാറ്റിൽ ഓഫ് അനദർ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോൺ പെൻ മികച്ച സഹനടനായപ്പോൾ ആമി മാഡിഗൻ മികച്ച സഹനടിയായി. വെപ്പൺസ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാര നേട്ടം. 'കെപോപ്പ് ഡെമോൺ ഹണ്ടേഴ്‌സ്' ആണ് മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം. 'ദി ഗേൾ ഹു ക്രൈഡ് പേൾസ്' മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം നേടി. മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള പുരസ്‌കാരം ലഭിച്ചത് ലോകമൊത്തം നിരവധി ആരാധകരുള്ള 'അവതാർ: ഫയർ ആൻഡ് ആഷി'നായിരുന്നു.
'ദി സിംഗേഴ്‌സ്', 'ടു പീപ്പിൾ എക്സ്ചേഞ്ചിംഗ് സലൈവ' എന്നിവയ്ക്ക് മികച്ച ലൈവ്-ആക്ഷൻ ഷോർട്ട് (ടൈ) പുരസ്‌കാരങ്ങൾ നേടി. മികച്ച മേക്കപ്പ് & ഹെയർസ്റ്റൈലിംഗ് വിഭാഗത്തിൽ മൈക്ക് ഹിൽ, ജോർദാൻ സാമുവൽ, ക്ലിയോണ ഫ്യൂറി (ഫ്രാങ്കൻസ്റ്റൈൻ) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം കേറ്റ് ഹാവ്‌ലി (ഫ്രാങ്കൻസ്റ്റൈൻ) നേടി.
English Summary: At the Academy Awards, One Battle After Another dominated the night by winning six Oscars, including Best Picture and Best Director for Paul Thomas Anderson—his first Oscar win. Michael B. Jordan won Best Actor for Sinners, while Jessie Buckley won Best Actress for Hamnet. Avatar: Fire and Ash won Best Visual Effects, highlighting a landmark year at the Oscars.