Entertainment News

അഞ്ച് മണിക്കൂറിൽ സെൻസറിങ് നടക്കില്ല; തത്കാൽ സർട്ടിഫിക്കേഷനെതിരെ പങ്കജ് ത്രിപാഠി!

സിനിമകൾ പൂർത്തിയാകാൻ മാസങ്ങൾ വേണ്ടിവരുമ്പോൾ അഞ്ച് മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് പങ്കജ് ത്രിപാഠി

Entertainment Desk

കേന്ദ്ര ചലച്ചിത്ര സെൻസർ ബോർഡ് (സിബിഎഫ്സി) അംഗമായി പങ്കജ് ത്രിപാഠി ചുമതലയേറ്റിട്ട് രണ്ട് മാസത്തിനിടെ ബോർഡിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടായത്. സിനിമകൾ പൂർണരൂപത്തിൽ മാത്രമേ സർട്ടിഫിക്കേഷനായി സമർപ്പിക്കാവൂ എന്നതും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ സിനിമയുടെ പേര് അന്തിമമായി കണക്കാക്കില്ലെന്നതും പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുന്നു. സർട്ടിഫിക്കേഷനുശേഷം സിനിമയുടെ പേരിൽ മാറ്റം വരുത്താനും സിബിഎഫ്സിക്ക് അധികാരമുണ്ടാകും. പുതിയ നിർദേശങ്ങൾ സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചെങ്കിലും സർട്ടിഫിക്കേഷൻ നടപടികൾ കൂടുതൽ സുഗമമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പങ്കജ് ത്രിപാഠി വ്യക്തമാക്കി.

അടുത്തിടെ സിബിഎഫ്സി യോഗത്തിൽ പങ്കെടുത്ത താരം, ചലച്ചിത്ര പ്രവർത്തകരും സെൻസർ ബോർഡും തമ്മിലുള്ള അകലം കുറയ്ക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. സിനിമകൾ നിർമിക്കുന്ന രാജ്യത്തിന്റെ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കി പ്രവർത്തിക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് കഴിയണമെന്നും ബോർഡ് അവരുടെ കാഴ്ചപ്പാടുകൾ കൂടി മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നും പങ്കജ് ത്രിപാഠി വ്യക്തമാക്കി. സിബിഎഫ്സിയുടെ പ്രവർത്തനരീതികൾ ഇപ്പോഴും പഠിച്ചുവരികയാണെന്നും യോഗങ്ങളിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുമ്പോഴെല്ലാം സിനിമാ പ്രവർത്തകരുടെ ആശങ്കകൾ ബോർഡിന് മുന്നിൽ അവതരിപ്പിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളായി വിവാദങ്ങൾക്കിടയിലൂടെയാണ് സിബിഎഫ്സിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. സിനിമയുടെ ജനപ്രീതിയാണ് ഇത്തരം വിവാദങ്ങൾ വലിയ ചർച്ചകളായി മാറാൻ കാരണമെന്ന് പങ്കജ് ത്രിപാഠി നിരീക്ഷിച്ചു. ഒരു സിനിമയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് കൂടുതൽ ചർച്ച ചെയ്യേണ്ടതുണ്ട്. കലാകാരന്മാരും ചലച്ചിത്ര പ്രവർത്തകരും സർട്ടിഫിക്കേഷൻ നടപടികളിൽ ജാഗ്രത പുലർത്തണം. അതിനായി വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകൾ സിനിമകൾ കാണുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ 2026 ജൂൺ മുതൽ പ്രാബല്യത്തിൽ വന്ന തത്കാൽ സർട്ടിഫിക്കേഷൻ സംവിധാനം ഒഴിവാക്കണമെന്ന നിലപാടിലാണ് പങ്കജ് ത്രിപാഠി. സിനിമയുടെ സർട്ടിഫിക്കേഷൻ നടപടികൾക്ക് വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകൾ ആവശ്യമാണെന്നും ഇത്തരം തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഒരു സിനിമയുടെ നിർമാണത്തിന് മാസങ്ങൾ വേണ്ടിവരും. എന്നാൽ അതിന്റെ സർട്ടിഫിക്കേഷൻ നടപടികൾ അഞ്ച് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്ന് പ്രതീക്ഷിക്കാനാകില്ല. ബോർഡ് അംഗങ്ങൾക്ക് ഉത്തരവാദിത്തങ്ങളുണ്ട്. അവർ നിശ്ചിത ലക്ഷ്യങ്ങളും മാർഗനിർദേശങ്ങളും പരിശോധിക്കേണ്ടതുണ്ട്", പങ്കജ് ത്രിപാഠി പറഞ്ഞു.

18 അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഒക്ടോബർ 26നാണ് സിനിമാ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതുക്കിയ മാർഗനിർദേശങ്ങൾ സെൻസർ ബോർഡ് പുറത്തിറക്കിയത്. സിനിമകളുടെ പേര് മുൻകൂട്ടി നിശ്ചയിക്കാനാകില്ലെന്നും പേര് മാറ്റാൻ ബോർഡിന് അധികാരമുണ്ടെന്നതാണ് പുതിയ മാർഗനിർദേശത്തിലെ സുപ്രധാനമായ പ്രഖ്യാപനം.

ഇതു കൂടാതെ സിനിമയുടെ ഫൈനൽ കോപ്പി മാത്രമേ ഇനി സർട്ടിഫിക്കേഷനായി സമർപ്പിക്കാവൂ. ചിത്രീകരണം പൂർത്തിയാകാത്ത സിനിമകളുടെ സെൻസറിങ് അപേക്ഷകൾ സ്വീകരിക്കില്ലെന്നും നിർദേശമുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ഘട്ടത്തിലോ അതിന് മുമ്പോ അപേക്ഷ നൽകാൻ കഴിയില്ല. റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാരണത്താൽ സെൻസറിങ് നടപടികൾ വേഗത്തിലാക്കാനും സാധിക്കില്ല.

സെൻസർബോർഡിന്റെ പുതിയ നിർദേശങ്ങളിൽ സിനിമ മേഖലയിൽ വ്യാപകമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. റിലീസ് തീയതി മുൻകൂട്ടി പ്രഖ്യാപിച്ചിട്ടും സർട്ടിഫിക്കേഷൻ നടപടികൾക്ക് സമയപരിധി ഉറപ്പില്ലാത്തത് സിനിമാ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയേക്കും. സെൻസർ സർട്ടിഫിക്കേഷൻ വൈകിയാൽ സിനിമകളുടെ റിലീസ് നീളാനുള്ള സാധ്യതയും ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. നിർദേശങ്ങൾക്കെതിരെ ഇതിനോടകം തന്നെ ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സിനിമാ സംഘടനകൾ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്.

Actor Pankaj Tripathi has opposed the Tatkal film certification system, arguing that completing a film’s certification within five hours is unrealistic when production itself takes months. He also aims to bridge the gap between filmmakers and the CBFC. The board’s revised certification guidelines have sparked widespread protests across the film industry.