ബെംഗളൂരുവിലെ ഒരു ബസ് കണ്ടക്ടറിൽ നിന്ന് ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് ഉയർന്ന രജിനികാന്തിന്റെ ജീവിതകഥ സിനിമയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂവീസ് സിംഗപ്പൂരാണ് ഈ വാർത്ത പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ഫീച്ചർ ചിത്രം ഒരുക്കാനാണ് ആലോചനയെങ്കിലും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
താരത്തിന്റെ വ്യക്തിജീവിതം, സിനിമാരംഗത്തെ നേട്ടങ്ങൾ, കരിയറിലെ സുപ്രധാന മുഹൂർത്തങ്ങൾ, അദ്ദേഹം അതിജീവിച്ച പ്രതിസന്ധികൾ എന്നിവയുടെ വിശദമായ ആവിഷ്കാരമായിരിക്കും ഈ ചിത്രം. തന്റെ ജീവിതകഥ സിനിമയാക്കുന്നതിനെക്കുറിച്ച് രജിനികാന്ത് അടുത്ത വൃത്തങ്ങളുമായി ഇതിനകം ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
നേരത്തെ, രജിനികാന്ത് തന്റെ ആത്മകഥയുടെ രചന ആരംഭിച്ചിട്ടുണ്ടെന്ന് മകൾ സൗന്ദര്യ സ്ഥിരീകരിച്ചിരുന്നു. ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലം മുതൽ തമിഴിൽ സൂപ്പർതാരമായി വളർന്ന യാത്ര വരെയാണ് ആത്മകഥയിൽ ഉൾപ്പെടുന്നത് എന്ന് സൗന്ദര്യ വ്യക്തമാക്കിയിരുന്നു. "അദ്ദേഹത്തിന്റെ ജീവിതയാത്രയും ഓരോ കഥാപാത്രത്തിനും ജീവിതത്തിനുമായി നടത്തിയ അർപ്പണബോധവും ഈ ആത്മകഥയിലൂടെ വായനക്കാർക്ക് മനസ്സിലാക്കാൻ കഴിയും. ഇത് ആഗോളതലത്തിൽ ശ്രദ്ധ നേടുന്ന ഒരു കൃതിയായിരിക്കും," എന്നും അവർ കൂട്ടിചേർത്തു.
അതേസമയം, രജിനികാന്തിനെ നാകനാക്കി, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ഒക്ടോബർ 15-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുകൂടാതെ അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമ്മൻ' എന്ന ചിത്രവും രജിനികാന്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Reports suggest Rajinikanth's autobiography may be adapted into a feature film, chronicling his inspiring journey from a Bengaluru bus conductor to a legendary Indian cinema icon. While no official announcement has been made, the autobiography is expected to cover his personal life, career milestones, struggles, and remarkable achievements.