Entertainment News

'നൈറ്റ് ലൈഫ് എന്നാൽ കള്ളും പാർട്ടിയും മാത്രമല്ല! കൊച്ചിയിലെ രാത്രികളെക്കുറിച്ച് രഞ്ജിനി ഹരിദാസ്

നൈറ്റ് ലൈഫ് മദ്യവും പാർട്ടിയും മാത്രമല്ല; നഗരത്തിന്റെ സംസ്കാരവും സാമ്പത്തിക വളർച്ചയും ചേർന്നൊരു അനുഭവമെന്ന് രഞ്ജിനി ഹരിദാസ്

Entertainment Desk

നൈറ്റ് ലൈഫ് എന്നാൽ വെറും മദ്യവും ലഹരിയുമല്ല, അത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്!" കൊച്ചിയിൽ നടന്ന ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് 2026-ന്റെ പാനൽ ചർച്ചയിൽ രഞ്ജിനി ഹരിദാസ് നടത്തിയ ഈ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കൊച്ചി മേയർ വി.കെ. മിനിമോൾ, എൻ. പ്രശാന്ത് ഐ.എ.എസ്, പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, ഒ.ജി. സുനിൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത വേദിയിലാണ് കൊച്ചിയുടെ രാത്രിജീവിതത്തെക്കുറിച്ചുള്ള നിലവിലുള്ള ധാരണകളെ രഞ്ജിനി തിരുത്തിക്കുറിച്ചത്.

രഞ്ജിനിയുടെ വാക്കുകൾ:

യൂറോപ്പിൽ പോയാലും യുഎസിൽ പോയാലും എല്ലായിടത്തും ഈ പറയുന്ന നൈറ്റ് ലൈഫ് ഒന്നുമില്ല. അവിടെയും പ്രധാനപ്പെട്ട ചില നഗരങ്ങളിൽ മാത്രമാണ് ഇതെല്ലം സാധ്യമാകുന്നത്. നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിനെക്കുറിച്ച് പറയുണ്ടായിരുന്നല്ലോ, അവിടെയെല്ലായിടത്തും രാത്രി മൂന്ന് നാല് മണി വരെയൊന്നും എല്ലായിടവും തുറന്നുപ്രവർത്തിക്കുന്നില്ല. വാസ്തവത്തിൽ കൊച്ചിയേക്കാൾ നേരത്തെയാണ് അവിടെ അടയ്ക്കുന്നത്. അതിന്റെ കാരണം ആ ഭാഗങ്ങളെല്ലാം തന്നെ ശാന്തവും ജനവാസമേഖലകളുമാണെന്നതാണ്. അവിടെയെല്ലാം ഡിന്നറിനു പോകണമെങ്കിൽ ബുക്ക് ചെയ്യണം. രാത്രി പത്തോ, പതിനൊന്നോ പണി കഴിഞ്ഞാൽ നിങ്ങൾക്ക് അവിടെ ഒന്നും ലഭിക്കില്ല.

അതേ സമയം ആംസ്റ്റർ ഡാം വരെയൊന്ന് സഞ്ചരിച്ചാൽ അവിടെ നഗരം തുറന്ന് പ്രവർത്തിക്കുന്നത് കാണാം. ആംസ്റ്റർ ഡാം ഉറങ്ങുന്നേയില്ല. കേരളം മൊത്തം നൈറ്റ് ലൈഫ് പ്രാവർത്തികമാക്കാൻ സാധ്യമല്ല. കേരളത്തിൽ കോസ്മോപോളിറ്റൻ സിറ്റി കൊച്ചിയാണ്. അതുപോലെ കോഴിക്കോട് മികച്ചൊരു നൈറ്റ് സിറ്റി ലൈഫ് ഉണ്ട്. തിരുവനന്തപുരവും അങ്ങനെയൊരു നഗരമാണ്. അത്തരത്തിൽ ഓരോ ജില്ലയിലും ഒരു ടൗൺ എന്ന നിലയ്ക്ക് ആ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കണം. ഓർഗനിക്കലി അത്തരമൊരു പുരോഗതി പ്രാപിക്കും. അത്തരമൊരു വികാസം സംഭവിക്കുമ്പോൾ അതാത് സിറ്റിയിലെ ഭരണത്തലങ്ങളിൽ ഉള്ളവർ കാണിക്കേണ്ട ഉത്തരവാദിത്തം ആ പ്രക്രിയയെ നല്ല രീതിയിൽ പ്രോഹത്സാഹിപ്പിക്കുക എന്നതാണ്.

സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ എയർപോർട്ട്, പോർട്ട് സിറ്റി, മുസിരിസ് ബിനാലെ തുടങ്ങി ഇത്രയും കാര്യങ്ങൾ നടക്കുന്ന മനോഹരമായ ഒരു നഗരത്തിന്റെ അവസരങ്ങളെ കൂടുതൽ വാണിജ്യവത്ക്കരിക്കുന്നതിലൂടെ വരുന്ന സാമ്പത്തിക വളർച്ചയേയും പരിഗണിക്കണം. നൈറ്റ് ലൈഫിനെ ഓരോരുത്തരും സമീപിക്കുന്നത് അവരവരുടേതായ രീതിയിലാണ്. എന്നെ സംബന്ധിച്ച് പാട്ടും നൃത്തവുമാണ് മുൻഗണന എങ്കിൽ കോഴിക്കോടുള്ള ഒരു കുടുംബത്തെ സംബന്ധിച്ച് വീട്ടിൽനിന്നു പുറത്തേക്ക് ഇറങ്ങുക എന്നതിലായിരിക്കും പ്രാധാന്യം.

കോഴിക്കോടുള്ളത് പോലൊരു തുറന്ന അന്തരീക്ഷം രാത്രിയിൽ കൊച്ചിയിലില്ല എന്നത് വാസ്തവമാണ്. പുറത്തിറങ്ങി പാർട്ടി ചെയ്യാൻ പറ്റാത്തതുകൊണ്ട് കൊച്ചിയിൽ ആളുകൾ വീട്ടിൽ പാർട്ടി ചെയ്യുന്നു. കള്ളും ലഹരിയുമല്ല പാർട്ടി എന്നത് മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം. മദ്യവും ലഹരിയുമെല്ലാം ആളുകൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാധിക്കുന്ന കാര്യങ്ങളാണ്, അല്ലെങ്കിൽ വേറെ നാട്ടിൽ പോയാലും ചെയ്യാം. പത്ത് മണിക്ക് നഗരം അടച്ചാൽ സംഭവിക്കുന്നതു നല്ലപോലെ മദ്യപിച്ചിരിക്കുന്ന ആളുകൾക്ക് വണ്ടി ഓടിക്കേണ്ടിവരുന്നു. ഇവർ വീടുകളിലും ഇത് തുടരുന്നു. നേരെ മറിച്ച് മൂന്ന് മണിവരെയെല്ലാം പബ്ബുകൾ ഉണ്ടെങ്കിൽ അതിലൂടെ സിസ്റ്റത്തിനും മികച്ച സാമ്പത്തിക സാധ്യതകളാണ് തുറക്കുന്നതെന്നും രഞ്ജിനി പറഞ്ഞു.

English Summary: Ranjini Haridas stated that nightlife is not just about alcohol and parties but depends on individual perspectives. Speaking at the Global Kerala Business Summit 2026, she highlighted that cities like Kochi already have a form of nightlife and stressed the need for structured, responsible urban development to enhance economic growth.