Entertainment News

'ഞാൻ ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്നുള്ള ആളാണ്'; ഹിന്ദി സിനിമകളിലെ ഉച്ചാരണത്തെക്കുറിച്ചുള്ള പരിഹാസത്തിൽ മറുപടിയുമായി രശ്മിക മന്ദാന

തെന്നിന്ത്യൻ ആക്സന്റിനെച്ചൊല്ലിയുള്ള പരിഹാസങ്ങൾക്ക് കൃത്യമായ മറുപടിയുമായി രശ്മിക മന്ദാന

Entertainment Desk

ബോളിവുഡ് സിനിമകളിലെ തന്റെ ഹിന്ദി ഉച്ചാരണത്തിന്റെ പേരിൽ നേരിടേണ്ടി വന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും വ്യക്തമായ മറുപടിയുമായി നടി രശ്മിക മന്ദാന. തന്റെ സൗത്ത് ഇന്ത്യൻ വേരുകളിൽ അഭിമാനമുണ്ടെന്നും ഉച്ചാരണത്തിന്റെ പേരിൽ ലഭിക്കുന്ന വിമർശനങ്ങൾ തന്നെ ബാധിക്കാറില്ലെന്നും രശ്മിക വ്യക്തമാക്കി. ജനപ്രിയ ചാറ്റ് ഷോയായ 'കോഫി വിത്ത് കരൺ' സീസൺ 9-ൽ പങ്കെടുത്തപ്പോഴാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. നടനും ഭർത്താവുമായ വിജയ് ദേവരകൊണ്ടയ്ക്കൊപ്പമാണ് രശ്മിക ഷോയിൽ എത്തിയത്.

"ഹിന്ദി സംസാരിക്കുമ്പോൾ എനിക്ക് സൗത്ത് ഇന്ത്യൻ ആക്‌സന്റ് ഉണ്ടെന്നാണ് ചിലർ പറയുന്നത്. അതിൽ എനിക്ക് യാതൊരു പ്രശ്നവും തോന്നിയിട്ടില്ല. കാരണം ഞാൻ ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്നുള്ള ആളാണ്. അതുകൊണ്ട് സ്വാഭാവികമായും എന്റെ ഉച്ചാരണത്തിൽ ആ ശൈലി ഉണ്ടാകും. അങ്ങനെയല്ല എന്ന് ചിന്തിക്കുന്നത് തന്നെ യുക്തിരഹിതമാണ്." - താരം വ്യക്തമാക്കി.

അനിമൽ, ഛാവ, തമ്മാ, അടുത്തിടെ പുറത്തിറങ്ങിയ കോക്ടെയ്ൽ 2 എന്നീ ചിത്രങ്ങളിലെ രശ്മികയുടെ സംഭാഷണ ശൈലി സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായിരുന്നു. കരിയറിന്റെ തുടക്കം മുതൽ തന്റെ അഭിനയത്തിന്റെയും ഭാഷയുടെയുമൊക്കെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും രശ്മിക പറയുന്നു.''എന്റെ കരിയറിന്റെ തുടക്കം മുതൽ തന്നെ അഭിനയം, ഭാഷ, സംസാരശൈലി എന്നിവയുടെ പേരിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഏതെങ്കിലും കാര്യത്തിന്റെ പേരിൽ ഞാൻ വിമർശിക്കപ്പെടാറുണ്ട്. എന്നാൽ അത് കാരണമാക്കി ഒരു ഇൻഡസ്ട്രിയിൽ മാത്രം ഒതുങ്ങിനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാ ഇൻഡസ്ട്രികളിലും പ്രവർത്തിക്കണമെന്നും എല്ലാ ഭാഷകളും സംസാരിക്കണമെന്നുമാണ് ഞാൻ ആഗ്രഹിച്ചത്,"- രശ്മിക പറഞ്ഞു.

സംവിധായകർക്ക് വേണമെങ്കിൽ തന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാൻ മറ്റൊരാളെ ഉപയോഗിക്കാമെന്ന ഓപ്ഷൻ താൻ എപ്പോഴും നൽകാറുണ്ടെന്ന് രശ്മിക വ്യക്തമാക്കി. എന്നാൽ, താൻ തന്നെ ഡബ്ബ് ചെയ്യണമെന്നാണ് സംവിധായകർ എപ്പോഴും ആവശ്യപ്പെടാറുള്ളത്. പല ഭാഷകളിൽ സ്വന്തമായി ഡബ്ബ് ചെയ്യാൻ കഴിയുന്നത് വലിയ കഠിനാധ്വാനമാണെങ്കിലും അതൊരു അഭിമാനമായിട്ടാണ് കാണുന്നതെന്നും താരം പറഞ്ഞു.

വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്നതിലെ സംതൃപ്തിയെക്കുറിച്ചും താരം സംസാരിച്ചു. 'അനിമൽ', 'ദി ഗേൾഫ്രണ്ട്' എന്നീ ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് രശ്മിക ഈ കാര്യം വിശദീകരിച്ചത്. വളരെ വേഗത്തിൽ ഇത്തരത്തിലുള്ള വൈവിധ്യമുള്ള വേഷങ്ങൾ ചെയ്യാനായത് ഒരു അഭിനേത്രി എന്ന നിലയിൽ വലിയ സന്തോഷം നൽകുന്നുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

ഹോമി അദജാനിയയുടെ 'കോക്ടെയ്ൽ 2' ആണ് രശ്മികയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച പീരിയഡ് ആക്ഷൻ ചിത്രം 'രണബലി' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നായിക പ്രാധാന്യമുള്ള 'മൈസ', അല്ലു അർജുൻ നായകനാകുന്ന ആറ്റ്‌ലി ചിത്രം 'രാക' എന്നിവയാണ് രശ്മികയുടെ വരാനിരിക്കുന്ന പ്രധാന പ്രൊജക്റ്റുകൾ.

Actress Rashmika Mandanna has responded to criticism and online trolling over her South Indian accent in Hindi films. Speaking on Koffee with Karan alongside Vijay Deverakonda, she said she is proud of her South Indian roots and enjoys working across different film industries and languages.