കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ഡൊറോത്തി'യിലെ അഭിനയത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ചും ചിത്രത്തിൽ സാരിയുടുത്ത അനുഭവത്തെക്കുറിച്ചും മനസ് തുറന്ന് നടൻ സനന്ത്. ചിത്രത്തിൽ സുബ്ബു എന്ന കഥാപാത്രമായാണ് താരം എത്തിയത്. ആദ്യ പകുതിയിൽ പുരുഷനായും രണ്ടാം പകുതിയിൽ ട്രാൻസ് വുമണായും പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് തനിക്ക് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് സനന്ത് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.
ചിത്രത്തിൽ സാരിയുടുത്ത രംഗങ്ങൾ അവതരിപ്പിച്ചപ്പോൾ തനിക്ക് ലഭിച്ച അനുഭവം വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണെന്നാണ് സനന്ത് പറയുന്നത്. സാരിയുടുത്തപ്പോൾ ആ വേഷത്തെ പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞു. സ്ത്രീത്വത്തെയും ഒരു സ്ത്രീയായിരിക്കുന്നതിനെയും ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും താരം വ്യക്തമാക്കി.
എന്നാൽ യഥാർഥ ജീവിതത്തിലേക്ക് വരുമ്പോൾ അത്തരമൊരു കാര്യം തനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നുവെന്നും സനന്ത് പറഞ്ഞു. സാരിയുടുത്ത സമയത്ത് ആദ്യം മനസിലേക്ക് വന്നത് അമ്മയുടെയും സഹോദരിയുടെയും മുത്തശ്ശിയുടെയും സുഹൃത്തുക്കളുടെയും മുഖങ്ങളായിരുന്നു. ഒരുപാട് പേരെ ആ സമയത്ത് ഓർത്തു. താൻ പൂർണതയിലെത്തിയതുപോലെയാണ് തോന്നിയതെന്നും ആ അനുഭവം എങ്ങനെ വാക്കുകളിലൂടെ വിവരിക്കണമെന്ന് അറിയില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.
ഈ അനുഭവത്തെക്കുറിച്ച് നിരവധി പേർ തന്നോട് ചോദിക്കുന്നുണ്ടെന്നും ഒറ്റവാക്കിൽ പറഞ്ഞാൽ താൻ അമ്പരന്നുപോയി എന്നുമാണ് സനന്തിന്റെ പ്രതികരണം. രംഗം കണ്ടപ്പോൾ അമ്മയുടെയും സഹോദരിയുടെയും കണ്ണുകൾ നിറഞ്ഞതായും താരം കൂട്ടിച്ചേർത്തു.
സിനിമയിൽ നിന്ന് തനിക്ക് നേരത്തെയും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും 'ഡൊറോത്തി'ക്ക് ശേഷം ലഭിച്ച പ്രതികരണം മറ്റ് ചിത്രങ്ങളിൽ നിന്ന് ലഭിച്ചതിനേക്കാൾ വ്യത്യസ്തമാണെന്ന് പറയാനാകില്ലെന്നും സനന്ത് വ്യക്തമാക്കി. ഒരു നടൻ എന്ന നിലയിൽ പ്രേക്ഷകർ തന്നെ ശ്രദ്ധിച്ചിരുന്നെങ്കിലും അവരിലൊരാളായി അംഗീകരിക്കപ്പെട്ടുവെന്ന തോന്നൽ ഇപ്പോഴാണ് കൂടുതൽ അനുഭവപ്പെടുന്നതെന്നും താരം പറഞ്ഞു. നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്ന പ്രേക്ഷകരിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന അംഗീകാരത്തെ അതിന്റെ തുടർച്ചയായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഡൊറോത്തി'ക്ക് ലഭിക്കുന്ന പ്രതികരണം ആളുകൾ നേരിട്ട് പ്രകടിപ്പിക്കുന്ന രീതിയാണ് തന്നെ കൂടുതൽ അത്ഭുതപ്പെടുത്തുന്നതെന്നും സനന്ത് പറഞ്ഞു. ആളുകൾ അടുത്തെത്തി കെട്ടിപ്പിടിച്ചാണ് പലപ്പോഴും സന്തോഷം അറിയിക്കുന്നത്. ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെ കരയുന്നവരുണ്ട്. നേരിട്ടെത്തി സിനിമയെക്കുറിച്ച് സംസാരിക്കുന്നവരുമുണ്ടെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി.
Actor Sananth has shared his experience of wearing a saree for his role as Subbu in Karthik Subbaraj's Dorothy. He described the transformation as deeply moving, saying it was an experience difficult to express in words. The actor also spoke about the emotional audience response to his performance.