Entertainment News

‘സിനിമയിൽ എനിക്ക് ഗോഡ്ഫാദർ ഇല്ല’; നെപ്പോട്ടിസം ചർച്ചകളിൽ വിചിത്ര നിലപാടുമായി സാറ അലി ഖാൻ

‘കേദാർനാഥ്’ സിനിമയുമായി ബന്ധപ്പെട്ട പ്രതിസന്ധി നേരിട്ടത് തനിച്ചാണെന്ന് സാറാ അലി ഖാൻ

Entertainment Desk

താരപുത്രി എന്ന ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുമ്പോഴും സിനിമയിൽ അവസരങ്ങൾ നേടിയെടുക്കാൻ തന്റെ പിതാവ് സെയ്ഫ് അലി ഖാൻ നിർമ്മാതാക്കളെ സമീപിക്കുകയോ കരാറുകൾ ഒപ്പുവയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് നടി സാറ അലി ഖാൻ. തന്റെ കരിയറിലെ അധ്വാനത്തെ നെപ്പോട്ടിസം എന്ന ചർച്ചയുടെ പേരിൽ അവഗണിക്കരുതെന്നാണ് സാറയുടെ നിലപാട്. ഫിലിംഫെയറിൽ നൽകിയ അഭിമുഖത്തിലാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചർച്ചകളിൽ സാറ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

സിനിമാ പാരമ്പര്യം ഗുണമായാണോ വെല്ലുവിളിയായാണോ അനുഭവപ്പെട്ടിട്ടുള്ളത് എന്ന ചോദ്യത്തിന് രണ്ടും ഒരുപോലെയാണെന്നായിരുന്നു സാറയുടെ മറുപടി. സിനിമാ കുടുംബത്തിൽ ജനിച്ചതുകൊണ്ട് സിനിമാലോകത്തേക്ക് പ്രവേശിക്കാൻ എളുപ്പമായെന്നും അഭിനയരംഗത്ത് എത്തുന്നതിനു മുമ്പുതന്നെ അംഗീകാരവും പ്രശസ്തിയും ലഭിച്ചിട്ടുണ്ടെന്നും താരം സമ്മതിക്കുന്നു. എന്നാൽ ഈ ആനുകൂല്യങ്ങൾ മാത്രം മുൻനിർത്തി ഒരു അഭിനേതാവിന്റെ പരിശ്രമങ്ങളെ വിലയിരുത്തുന്നത് ശരിയല്ലെന്നും സാറ അഭിപ്രായപ്പെട്ടു.

ജാൻവി കപൂർ, അനന്യ പാണ്ഡെ തുടങ്ങിയ താരങ്ങൾക്കൊപ്പം തന്റെ പേരും നെപ്പോട്ടിസം ചർച്ചകളിൽ നിരന്തരം ഉയർന്നുവരുന്നതിനെക്കുറിച്ചും സാറ സംസാരിച്ചു. ആരുടെ കുടുംബത്തിൽ ജനിക്കണമെന്ന് തീരുമാനിക്കാൻ ആർക്കും കഴിയില്ലെന്നും ലഭിച്ച സാഹചര്യങ്ങൾക്ക് വ്യക്തികളെ കുറ്റപ്പെടുത്തുന്നത് നീതിയല്ലെന്നും സാറ ചൂണ്ടിക്കാട്ടി. താരപുത്രിമാർക്ക് ആഗ്രഹിക്കുന്ന തരത്തിലുള്ള അരങ്ങേറ്റം ലഭിക്കാറുണ്ടെന്ന യാഥാർഥ്യം അംഗീകരിക്കുമ്പോഴും അതിനപ്പുറമുള്ള അവരുടെ പ്രവർത്തനങ്ങളും വിലയിരുത്തപ്പെടണമെന്നാണ് സാറയുടെ നിലപാട്.

കരിയറിൽ എട്ട് വർഷം പിന്നിട്ടിട്ടും താൻ നേരിടുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതുതന്നെയാണെന്നത് നിരാശപ്പെടുത്തുന്നതായും. നെപ്പോ കിഡ് ആയതിനാൽ നിരന്തരം വിശദീകരണം നൽകേണ്ട ഉത്തരവാദിത്വം തനിക്കുമാത്രം ഉണ്ടാകരുതെന്നും സാറ ആവശ്യപ്പെട്ടു. തന്റെ കുടുംബപശ്ചാത്തലത്തെക്കുറിച്ചുള്ള പൊതുധാരണയ്ക്കും വ്യക്തിപരമായ അനുഭവങ്ങൾക്കുമിടയിൽ വലിയ വ്യത്യാസമുണ്ട്. അമ്മ അമൃത സിങ്ങിനൊപ്പമാണ് താൻ വളർന്നതെന്നും സിനിമയിലെ കരാറുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ അവസരങ്ങൾ ലഭിക്കുന്നതിനോ വേണ്ടി പിതാവ് സെയ്ഫ് അലി ഖാൻ നിർമ്മാതാക്കളുടെ ഓഫീസുകൾ കയറിയിറങ്ങിയിട്ടില്ല. സിനിമകളിൽ തന്നെ അഭിനയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകളോട് അഭ്യർഥിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ അച്ഛന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സാറ വ്യക്തമാക്കി.

2018-ൽ പുറത്തിറങ്ങിയ തന്റെ അരങ്ങേറ്റചിത്രമായ ‘കേദാർനാഥി’നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായപ്പോഴും താൻ തന്നെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്, അന്ന് സഹായത്തിനായി ആരും ഒപ്പമുണ്ടായിരുന്നില്ലെന്നാണ് സാറയുടെ വെളിപ്പെടുത്തൽ. അംഗീകാരവും അതിനൊപ്പം നേരിടേണ്ടിവരുന്ന വിമർശനങ്ങളും ഒരേസമയം അനുഭവിക്കേണ്ടിവരുന്ന അവസ്ഥയെ ഇരുതല മൂർച്ചയുള്ള വാളിനോടാണ് സാറ ഉപമിച്ചത്.

സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ, മുതിർന്ന നടി ശർമിള ടാഗോറിന്റെ കൊച്ചുമകൾ കൂടിയാണ്. മാതാപിതാക്കൾ 2004-ൽ വിവാഹമോചനം നേടിയതിനെത്തുടർന്ന് പ്രധാനമായും അമ്മയുടെ സംരക്ഷണത്തിലാണ് സാറ വളർന്നത്. സുശാന്ത് സിങ് രജ്പുത്തിനൊപ്പം ‘അരങ്ങേറ്റം കുറിച്ച സാറ പിന്നീട് ‘സിംബ’, ‘അത്രംഗി രേ’, ‘സാറാ ഹട്ട്കേ സാറാ ബച്ച്കേ’, ‘ഏ വതൻ മേരേ വതൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്.

Sara Ali Khan says her father Saif Ali Khan did not seek film opportunities for her, despite acknowledging the advantages of her family background. Discussing nepotism, she says her debut film Kedarnath’s difficulties were handled alone and argues that her work should be judged beyond assumptions about privilege and access in Bollywood.