ദുബൈയിൽ നടന്ന പരിപാടിക്കിടെ സ്വന്തമായി ഒരു വീടുണ്ടാകണമെന്ന ആഗ്രഹത്തെക്കുറിച്ച് മനസ് തുറന്ന് ഷാരൂഖ് ഖാൻ. ഗൗരി ഖാനെ വിവാഹം കഴിക്കുന്നതുവരെ തനിക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ലെന്നും മുംബൈയിലെ മന്നത്ത് പോലും വാങ്ങുന്ന സമയത്ത് തന്റെ സാമ്പത്തികശേഷിക്ക് അപ്പുറമായിരുന്നുവെന്നും താരം പറഞ്ഞു. കരൺ ജോഹർ അവതാരകനായെത്തിയ ദുബൈയിലെ ഷാറൂഖ്സ് റെസിഡൻസസ് ബൈ ഡാന്യൂബ് എന്ന പരിപാടിയിലായിരുന്നു ഷാരൂഖിന്റെ വെളിപ്പെടുത്തൽ. പരിപാടിയിൽ ഭാര്യയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാനും പങ്കെടുത്തിരുന്നു.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതും സ്വന്തമായി ഒരു വീട് ഇല്ലാതിരുന്നതുമാണ് വീടെന്ന സ്വപ്നത്തിന് തന്റെ ജീവിതത്തിൽ ഇത്രയധികം പ്രാധാന്യം നൽകിയതെന്ന് ഷാരൂഖ് പറഞ്ഞു. കുടുംബത്തെയും ജോലിയെയും ഏറെ സ്നേഹിക്കുന്നുണ്ടെങ്കിലും ലോകത്ത് മറ്റെന്തിനേക്കാളും താൻ ആഗ്രഹിക്കുന്നത് സ്വന്തമായി ഒരു വീടാണെന്നും താരം വ്യക്തമാക്കി. പുതിയ നഗരങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട സ്ഥലങ്ങൾ കണ്ടാൽ അവിടെയും ഒരു വീട് വാങ്ങണമെന്ന് മക്കളോട് പറയാറുണ്ടെന്നും എല്ലാ നഗരങ്ങളിലും വീട് വാങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് മക്കൾ തന്നെ കളിയാക്കാറുണ്ടെന്നും താരം ചിരിയോടെ ഓർത്തെടുത്തു.
ഗൗരിയെ വിവാഹം കഴിക്കുന്നതുവരെ സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ലെന്നായിരുന്നു ഷാരൂഖിന്റെ വാക്കുകൾ. ജീവിതത്തിൽ നല്ല ദിവസങ്ങളും മോശം ദിവസങ്ങളും നിരാശ നിറഞ്ഞ സമയങ്ങളുമെല്ലാം ഉണ്ടാകും. അത്തരം സാഹചര്യങ്ങളിൽ തിരിച്ചെത്താൻ സ്വന്തമായി ഒരു വീടുണ്ടാകുന്നത് ഏറെ പ്രധാനമാണെന്നും താരം പറഞ്ഞു. പുറംലോകത്തെ പ്രതിസന്ധികളെ നേരിട്ടശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ മനസിനെ വീണ്ടെടുക്കാനും കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കാനും കഴിയുമെന്നാണ് ഷാരൂഖ് വിശദീകരിച്ചത്.
താനും ഗൗരിയും ആദ്യം വാങ്ങിയ വീടും പിന്നീട് സ്വന്തമാക്കിയ മന്നത്തും തങ്ങളുടെ സാമ്പത്തികശേഷിക്ക് അപ്പുറമായിരുന്നുവെന്നും ഷാരൂഖ് വെളിപ്പെടുത്തി. സ്വപ്നവീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വാക്കുകളും താരം പങ്കുവച്ചു. ഒരു വീട് സ്വന്തമാക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും അതിനായി പ്രാർഥിക്കുകയും ചെയ്താൽ ദൈവം സഹായിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സ്വയം വിശ്വസിക്കണമെന്നും ഷാരൂഖ് പറഞ്ഞു.
പരിപാടിക്കിടെ തന്റെ സിനിമകളിലെ ശ്രദ്ധേയമായ ചില ഡയലോഗുകളും താരം വീണ്ടും അവതരിപ്പിച്ചു. റയീസ്, ഓം ശാന്തി ഓം തുടങ്ങിയ ചിത്രങ്ങളിലെ ഡയലോഗുകൾക്ക് പിന്നാലെ വേദിയിലെത്തിയ ഷാരൂഖ്, വരാനിരിക്കുന്ന ചിത്രം കിങ്ങിലെ 'തു മിൽ ജായേ' എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയും ചെയ്തു.
2001ലാണ് മുംബൈയിലെ ബാന്ദ്രയിൽ കടൽത്തീരത്തോട് ചേർന്നുള്ള മന്നത്ത് ഷാരൂഖ് സ്വന്തമാക്കിയത്. നിലവിൽ വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2026 ഡിസംബറോടെ ജോലികൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. മന്നത്തിന്റെ അനുബന്ധ കെട്ടിടമായ ആനക്സിലും വലിയ വിപുലീകരണമാണ് നടക്കുന്നത്.
നേരത്തെയുണ്ടായിരുന്ന ആറ് നിലകൾക്ക് പുറമെ രണ്ട് നിലകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ഏകദേശം 7,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ഈ അധിക ഭാഗം. നവീകരണം പൂർത്തിയായ ശേഷം കുടുംബം മന്നത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ്ങിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ഷാരൂഖ്. മകൾ സുഹാന ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഈ ചിത്രത്തിലൂടെ വീണ്ടും തിയേറ്ററുകളിലെത്തുന്നത്. 2026 ഡിസംബർ 24നാണ് കിങ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Shah Rukh Khan has recalled how losing his parents young made owning a home his biggest dream. Speaking at a Dubai event, he revealed that he did not own a house until marrying Gauri Khan and that even Mannat was initially beyond his financial means.