Shane NIgam 
Entertainment News

‘ഇൻഡസ്ട്രിയിലുള്ള 'സപ്പോർട്ട് സിസ്റ്റം' ലഭിച്ചിട്ടല്ല ഇവിടെ എത്തിനിൽക്കുന്നത്’; ഷെയ്‌ൻ നിഗം

പ്രേക്ഷകരുടെ പിന്തുണയാണ് തന്റെ ശക്തിയെന്ന് ഷെയ്‌ൻ നിഗം

Entertainment Desk

പ്രേക്ഷകരുടെ സ്നേഹത്തെ കുറിച്ചും, ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ചും മനസുതുറന്ന് നടൻ ഷെയ്‌ൻ നിഗം. 'ദൃഢം' തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടയിലായിരുന്നു താരത്തിന്‍റെ പ്രതികരണം.

ഷെയ്‌ൻ നിഗത്തിന്റെ വാക്കുകൾ:

നല്ല ഒരു കഥയുണ്ടെങ്കിൽ, അത് ഭംഗിയായി അവതരിപ്പിച്ചാൽ തീർച്ചയായും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിക്കും. അതിൽ കവിഞ്ഞ് സൃഷ്ടിയെ കീറിമുറിക്കാൻ നിൽക്കുന്നവർക്ക് എന്തൊക്കെ നൽകിയിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവരെ തൃപ്തിപ്പെടുത്തുവാനും നല്ല ബുദ്ധിമുട്ടായിരിക്കും. പ്രേക്ഷകർ പൊതുവെ നല്ല കഥയെ സ്വീകരിക്കുന്നവരാണ്. അതൊരു പ്രയാസകരമായ കാര്യമായി തോന്നിയിട്ടില്ല. പ്രേക്ഷകർ മാത്രമാണ് എന്റെ ബലം. അല്ലാതെ, ഇൻഡസ്ട്രിയിൽ നിന്നുമുള്ള 'സപ്പോർട്ട് സിസ്റ്റം' ലഭിച്ചിട്ടല്ല ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത്. സിനിമ കണ്ടതിന് ശേഷം അവർ തരുന്ന പ്രതികരണമാണ് എന്റെ ധൈര്യം. ഞാൻ അതെല്ലാം മനസിലാക്കുന്നുമുണ്ട്. എനിക്ക് ലഭിക്കുന്ന ആ സ്നേഹമാണ്, ഇന്ന് 'ദൃഢം' എന്ന ചിത്രത്തിനും ലഭിക്കുന്നത്. എന്നെ കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി ഞാൻ ചെയ്യുന്നുണ്ട്. പ്രപഞ്ച ശക്തി എന്നൊന്ന് ഉണ്ടെങ്കിൽ, തീർച്ചയായും എന്റെ കഠിനാധ്വാനത്തെ കാണുന്നുമുണ്ട്, എന്നെ സഹായിക്കുകയും ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നതും.

ഇ ഫോർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രമാണ് 'ദൃഢം'. നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷെയ്‌ൻ എത്തിയിരിക്കുന്നത്. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. മുകേഷ് ആർ മെഹ്തയും സി വി സാരഥിയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ് ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.

English Summary: Shane Nigam spoke openly about the love and support he receives from audiences and the lack of support systems within the film industry. During the promotional event of , Shane said audience appreciation is the biggest strength behind his journey and success.