കുമ്പളങ്ങി നൈറ്റ്സ് കണ്ട പ്രേക്ഷകരുടെ പ്രതികരണങ്ങളെക്കുറിച്ച് മനസ്സുതുറന്ന് ഷൈന്‍ നിഗം. ചേർത്തുപിടിക്കലോ, സമാധാനമോ ആണ് 'കുമ്പളങ്ങി നെറ്റ്‌സ്' തരുന്നതെന്ന് പറയുന്ന ആളുകളുണ്ട്. ഞാനടക്കം പലർക്കും അഡ്രസ്സുണ്ടാക്കി തന്ന സിനിമയാണ് 'കുമ്പളങ്ങി നെറ്റ്‌സ്' എന്ന് നടൻ ഷെയ്‌ൻ നിഗം. 'ദൃഢം' എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ ചിത്രത്തെ കുറിച്ച് സംസാരിച്ചത്.
ഷെയ്‌ൻ നിഗത്തിന്റെ വാക്കുകൾ:
എന്‍റേതായ ഒരു സിനിമ പോലും ഇറങ്ങുന്നതിന് മുൻപായിരുന്നു 'കുമ്പളങ്ങി നെറ്റ്സി'ലേക്ക് വിളിക്കുന്നത്. 'അന്നയും റസൂലും, ബാല്യകാല സഖി, നീലാകാശം എന്നിങ്ങനെ സഹനടനായി അഭിനയിച്ച ചിത്രങ്ങളല്ലാതെ നായകനായി അഭിനയിച്ച ഒരു ചിത്രം പോലും പുറത്തിറങ്ങുന്നതിന് മുൻപ്. എന്തുകൊണ്ട് എന്നെ വിളിച്ചു എന്നതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ പ്രത്യേകിച്ചൊരു ഉത്തരമില്ല. ഇന്ന് ഏറ്റവും നല്ല മലയാള സിനിമയുടെ പേര് ചോദിച്ചാൽ ആളുകൾ 'കുമ്പളങ്ങി നെറ്റ്‌സ്' എന്ന് പറയുമ്പോൾ 'എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്' എന്ന സന്തോഷവും കൗതുകവുമാണ് തോന്നാറുള്ളത്.
പലരും മെസ്സേജ് അയച്ചു പറയുന്നത് കുമ്പളങ്ങി കാണാനൊരു സമാധാനമാണെന്നും ഒരു ചേർത്തുപിടിക്കൽ പോലെ അനുഭവപ്പെടാറുണ്ടെന്നുമാണ്. ഞാൻ മനസിലാക്കുന്നത് പലരും ഒറ്റയ്ക്കാണ്. ചിലപ്പോ അതുകൊണ്ടായിരിക്കാം ഈ സിനിമ അവർക്കൊരു കൂട്ടുകാരനാവുന്നത്. പോകുന്നിടത്തെല്ലാം ആളുകൾ എന്നെ അഭിസംബോധന ചെയ്യുന്നത് പോലും ഈ സിനിമയുടെ പേര് പറഞ്ഞാണ്. ഞാനടക്കം ഈ സിനിമയുടെ ഭാഗമായ പലർക്കും ഒരു അഡ്രസ്സ് തന്നെ 'കുമ്പളങ്ങി നെറ്റ്‌സ്' ഉണ്ടാക്കി തന്നു.
ഷെയ്‌ൻ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് 'ദൃഢം'. ഇ ഫോർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് നവാഗതനായ മാർട്ടിൻ ജോസഫ് ആണ്. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. മുകേഷ് ആർ മെഹ്തയും സി വി സാരഥിയുമാണ് നിർമിച്ചിരിക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ് ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.
English Summary: Shane Nigam shared that Kumbalangi Nights gave him and many others a strong identity in Malayalam cinema. He said the film feels like a “hug” or emotional comfort to audiences, reflecting its deep impact and relatability.