Entertainment News

ക്രിക്കറ്റ് പശ്ചാത്തലത്തിൽ പുതിയ തമിഴ് ചിത്രം; നായകനായി ഷെയ്ൻ നിഗം

തമിഴ് സിനിമയിൽ മറ്റൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗം.

Entertainment Desk

മലയാളത്തിലെ ശ്രദ്ധേയ യുവതാരം ഷെയ്ൻ നിഗം വീണ്ടും തമിഴിലേക്ക്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രത്തിലാണ് താരം അടുത്തതായി പ്രധാന വേഷത്തിലെത്തുന്നത്. മാസ്സ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന് താൽക്കാലികമായി 'ഷെയ്ൻ 28' എന്നാണ് പേരിട്ടിരിക്കുന്നത്.

സംവിധായകൻ ആറ്റ്‌ലിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ച് ശ്രദ്ധേയനായ ജഗൻ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ കേട്ടയുടൻ തന്നെ ഷെയ്ൻ നിഗം പ്രൊജക്റ്റിന് പച്ചക്കൊടി കാട്ടുകയും ചിത്രത്തിനായി ഡേറ്റുകൾ അനുവദിക്കുകയും ചെയ്തുവെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. സിനിമയുടെ കൂടുതൽ താരനിരയെയും മറ്റ് വിവരങ്ങളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

മലയാളത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മുൻനിരയിലെത്തിയ ഷെയ്ൻ നിഗത്തിന് തമിഴകത്തും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാലി മോഹൻദാസ് സംവിധാനം ചെയ്ത 'മദ്രാസ്കാരൻ' എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് മലയാളത്തിലും തമിഴിലുമായി ഒരുങ്ങിയ 'ബൾട്ടി' എന്ന ചിത്രത്തിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിന് പിന്നാലെയാണ് കായിക പശ്ചാത്തലത്തിലുള്ള പുത്തൻ പ്രൊജക്റ്റുമായി താരം വീണ്ടും കോളിവുഡിൽ എത്തുന്നത്.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് മികച്ച അണിയറപ്രവർത്തകരാണ്. രസമതി ഛായാഗ്രഹണവും റാമർ എഡിറ്റിങും നിർവഹിക്കുന്നു. അയ്യപ്പനാണ് ചിത്രത്തിന്റെ കലാസംവിധാനം. ശ്രീനാഥ് വിജയ് പശ്ചാത്തലസംഗീതം ഒരുക്കുമ്പോൾ എം സി റൂഡ് റാപ്പ് കൈകാര്യം ചെയ്യുന്നു. സി ആർ ഷാൻ ആണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ഡി-സ്റ്റുഡിയോസിലെ രാജശേഖർ കളറിങും ഹോഴ്സ്മാൻ വിഎഫ്എക്സ് ഇന്ത്യ വിഷ്വൽ എഫക്ട്സും കൈകാര്യം ചെയ്യുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി മോഹൻ ജിയും വസ്ത്രാലങ്കാരത്തിന് ലേഖ മോഹനുമാണ് അണിയറയിലുള്ളത്. റഹ്മത്തുള്ള എ എം ആണ് ചിത്രത്തിന്റെ ഫൈനൽ മിക്സിങ്ങും മാസ്റ്ററിങ്ങും പൂർത്തിയാക്കുന്നത്.

Malayalam actor Shane Nigam is set to star in a new cricket-based Tamil film, tentatively titled 'Shane28'. Produced by Mass Studios, the movie is directed by Jagan Periyasamy, a former assistant director to Atlee. Shane Nigam, who recently expanded his footprint in Tamil cinema with films like 'Madraskaran' and the bilingual 'Bulti', immediately agreed to the project after hearing the script. The technical crew includes cinematographer Rasamathi, editor Ramar, and music director Srinath Vijay, with further details regarding the cast and plot to be revealed soon.