അടുത്തിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട നടി കത്രീന കൈഫിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരണവുമായി നിർമാതാവും സംവിധായികയുമായ സൗന്ദര്യ രജനികാന്ത്. അമ്മയായ ശേഷമുള്ള ശരീരമാറ്റങ്ങളുടെ പേരിൽ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് സൗന്ദര്യ ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയിൽ ഈ അവസ്ഥയെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാം. ഇത് അത്ര എളുപ്പമുള്ള പ്രക്രിയയല്ല. ഗർഭധാരണവും പ്രസവവും ഒരു സ്ത്രീയുടെ ശരീരത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. അത്തരം മാറ്റങ്ങളെ ബഹുമാനിക്കാൻ പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും 35 വയസ്സിന് ശേഷം കുട്ടികൾ ഉണ്ടാകുമ്പോൾ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാണ്. ഒരു നിശ്ചിത പ്രായത്തിന് ശേഷം കുഞ്ഞിന് ജന്മം നൽകുക എന്നത് എളുപ്പമുള്ള കാര്യമല്ല. 35 വയസ്സിന് ശേഷമാണ് ഞാൻ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.
പ്രസവസമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന ശാരീരികമായ കാര്യങ്ങൾ ചെയ്യാൻ പുരുഷന്മാർക്ക് കഴിയില്ല, അത് ജീവശാസ്ത്രപരമായ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് അർഹിക്കുന്ന ആദരവ് നൽകണം. പുരുഷന്മാരോട് ഗർഭം ധരിക്കാൻ ആരും ആവശ്യപ്പെടുന്നില്ല. എന്നാൽ ഒരു സ്ത്രീ ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോൾ അവർക്ക് നൽകേണ്ട പരിഗണനയും ബഹുമാനവും നൽകാൻ സമൂഹം തയ്യാറാകണം. കത്രീനയ്ക്ക് നേരെയുണ്ടായ അധിക്ഷേപങ്ങൾ കടുത്തതും ദയയില്ലാത്തതുമാണ്. ആ അധിക്ഷേപങ്ങൾ കാണുമ്പോൾ ഏറെ സങ്കടം തോന്നുന്നു’’, എന്ന് സൗന്ദര്യ വ്യക്തമാക്കി.
സൗന്ദര്യയ്ക്ക് പുറമെ സൽമാൻ ഖാനും രംഗത്തെത്തിയിരുന്നു. പ്രസവത്തിന് ശേഷം ശരീരഭാരം കൂടുന്നത് സ്വാഭാവികമാണെന്നും സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ കത്രീന പഴയപോലെ ഫിറ്റാകുമെന്നും സൽമാൻ വ്യക്തമാക്കിയിരുന്നു. ഇവർക്ക് പുറമെ പരിണീതി ചോപ്ര, ഖുഷ്ബു സുന്ദർ തുടങ്ങി നിരവധി സിനിമാപ്രവർത്തകർ നേരത്തെ തന്നെ കത്രീനയെ പിന്തുണച്ചും ബോഡി ഷെയ്മിങ്ങിനെതിരെ വിമർശനം ഉന്നയിച്ചും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ വർഷം നവംബറിലാണ് കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നത്. വിഹാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അടുത്തിടെ അംബാനി കുടുംബത്തിന്റെ ഗണപതി പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള കത്രീനയുടെ ചിത്രങ്ങളും വീഡിയോകളുമാണ് അധിക്ഷേപങ്ങൾക്കിരയായത്. ഗർഭധാരണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ താരതമ്യം ചെയ്തായിരുന്നു വിമർശനങ്ങൾ. എന്നാൽ ഉയർന്നുവന്ന അധിക്ഷേപങ്ങളോട് കത്രീനയോ വിക്കി കൗശലോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Soundarya Rajinikanth has criticised the body-shaming directed at Katrina Kaif following her recent public appearance. Highlighting the physical changes women experience after pregnancy, she said postpartum changes should be respected rather than mocked.