Entertainment News

ടെയ്‌ലർ സ്വിഫ്റ്റിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരമോ? ജെയിംസ് കാമറൂണും പട്ടികയിൽ; അമ്പരന്ന് സോഷ്യൽ മീഡിയ!

ഹോളിവുഡ് താരങ്ങളുടെ പേരുകൾക്കൊപ്പം മീമുകളും പരിഹാസങ്ങളും നിറഞ്ഞ് എക്സ്

Entertainment Desk

അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ടെയ്‌ലർ സ്വിഫ്റ്റ്, ഓസ്കർ ജേതാവായ സംവിധായകൻ ജെയിംസ് കാമറൂൺ, നടൻ മൈക്കൽ ബി. ജോർദാൻ എന്നിവർ 2026-ലെ ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DPIFF) ജേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പോപ് സംഗീത ലോകത്തെയും ഇന്ത്യൻ സിനിമയെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ പ്രഖ്യാപനം.

ടെയ്‌ലർ സ്വിഫ്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തമായ പുരസ്കാരങ്ങളിലൊന്ന് ഏറ്റുവാങ്ങുന്നതും ജെയിംസ് കാമറൂൺ മുംബൈയിലെ റെഡ് കാർപറ്റിൽ താരങ്ങൾക്കൊപ്പം എത്തുന്നതുമൊക്കെ സങ്കൽപ്പിക്കുന്നതിന് മുൻപ്, ആരാധകർ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമമായ എക്സിൽ വലിയ ചർച്ചകൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് ഈ പട്ടിക. എന്താണ് ഇതിന് പിന്നിലെ യാഥാർഥ്യമെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

ആദ്യം മനസ്സിലാക്കേണ്ട പ്രധാന കാര്യം, ദാദാസാഹേബ് ഫാൽക്കെ പുരസ്കാരങ്ങളുടെ പേരിലുള്ള ഈ രണ്ട് അംഗീകാരങ്ങളും ഒന്നല്ലെന്നതാണ്. സ്വതന്ത്ര ചലച്ചിത്രമേളയുടെ ഭാഗമായി നൽകുന്ന ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DPIFF) പുരസ്കാരങ്ങൾ കേന്ദ്രസർക്കാർ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ഭാഗമായി നൽകുന്ന ഔദ്യോഗിക ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിൽനിന്ന് വ്യത്യസ്തമാണ്.

ഇന്റർനാഷണൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിനാണ് ടെയ്‌ലർ സ്വിഫ്റ്റ് അർഹയായത്. ആഗോള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമാണ് ജെയിംസ് കാമറൂണിന് ലഭിച്ചത്. അതേസമയം, 2026-ലെ ഫെസ്റ്റിവൽ പുരസ്കാരപ്പട്ടികയിൽ ഇന്ത്യൻ സിനിമ, ടെലിവിഷൻ, സംഗീത മേഖലകളിലെ പ്രമുഖർക്കൊപ്പം നിരവധി അന്താരാഷ്ട്ര താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര പുരസ്കാര വിഭാഗത്തിൽ അവതാർ: ഫയർ ആൻഡ് ആഷ് മികച്ച അന്താരാഷ്ട്ര ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പോൾ തോമസ് ആൻഡേഴ്സണാണ് മികച്ച അന്താരാഷ്ട്ര സംവിധായകൻ. സിന്നേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മൈക്കൽ ബി. ജോർദാൻ മികച്ച അന്താരാഷ്ട്ര നടനായും ഹാംനെറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ക്ലി മികച്ച അന്താരാഷ്ട്ര നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

ആഗോള സംഗീത-സിനിമാ രംഗത്തെ പ്രമുഖർക്ക് 'ദാദാസാഹേബ് ഫാൽക്കെ' എന്ന പേരിലുള്ള പുരസ്കാരങ്ങൾ നൽകിയതോടെയാണ് എക്സിൽ മീമുകളും പരിഹാസങ്ങളും നിറഞ്ഞത്. ഹോളിവുഡിലെ വമ്പൻ താരങ്ങളെയും ഇന്ത്യൻ സിനിമയിലെ ആദരണീയമായ പുരസ്കാരത്തിന്റെ പേരിനെയും ഒരേ പട്ടികയിൽ കണ്ടതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായത്.

ടെയ്‌ലർ സ്വിഫ്റ്റും ദാദാസാഹേബ് ഫാൽക്കെയും ഒരേ വാചകത്തിൽ വരുന്നത് തന്നെ ചരിത്രത്തിൽ ആദ്യമായാണെന്നായിരുന്നു ഒരു ആരാധകന്റെ പരിഹാസം. പുരസ്കാരം എന്താണെന്നുപോലും ടെയ്‌ലർ സ്വിഫ്റ്റിന് അറിയാമോ എന്ന് സംശയമുണ്ടെന്നും, എങ്കിലും താരത്തിന് ആശംസകൾ നേരുന്നുവെന്നും മറ്റൊരാൾ കുറിച്ചു. ഇതിനോടകം തന്നെ ഇത്തരം പ്രതികരണങ്ങൾ എക്സിൽ വൈറലായിട്ടുണ്ട്.

Taylor Swift, James Cameron and Michael B. Jordan have featured on the 2026 Dadasaheb Phalke International Film Festival awards list. While Swift won International Artist of the Year, Cameron received a global cinema honour. The announcement sparked online reactions, with many questioning the distinction between DPIFF and India's official Dadasaheb Phalke Award.