Entertainment News

'സിനിമാ നിയമനങ്ങളിൽ' വിജയ്ക്ക് വിമർശനം; പ്രധാന പദവിയിൽ ‘ബിഗിൽ’, ‘ഗോട്ട്’ നിർമാതാവ് അർച്ചന കൽപാത്തി

തമിഴ്നാട് ഹിന്ദു മത ചാരിറ്റബിൾ എൻഡോവ്മെന്റ്സ് (HR & CE) ക്ഷേത്ര ട്രസ്റ്റി പാനലിൽ അംഗമായാണ് നിയമനം

Entertainment Desk

"ഹീറോ ആകാൻ അച്ഛനുണ്ട്, ബാക്കിയുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ ഞാൻ റെഡി!"തമിഴ് നാട്ടിലെ പ്രമുഖ നിർമാണ കമ്പനിയായ എജിഎസ് എന്റർടെയ്ൻമെന്റിന്റെ സിഇഒ അർച്ചന കൽപ്പാത്തിയെ തമിഴ്നാട് ഹിന്ദു മത ചാരിറ്റബിൾ എൻഡോവ്മെന്റ്സ് (HR & CE) ക്ഷേത്ര ട്രസ്റ്റി പാനലിൽ അംഗമായി നിയമിച്ച് വിജയ് സർക്കാർ. തിങ്കളാഴ്ചയാണ് നിയമനം സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. തമിഴ്നാട്ടിലെ ഹിന്ദു മത-ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പിന് കീഴിൽ 10 ലക്ഷം രൂപയോ അതിലധികമോ വാർഷിക വരുമാനമുള്ള ക്ഷേത്രങ്ങളിലേക്ക് ട്രസ്റ്റിമാരെ നിയമിക്കുന്നതിനായി പുനഃസംഘടിപ്പിച്ച സമിതിയിലേക്കാണ് നിയമനം.

2026 ജൂലൈ 24 മുതൽ രണ്ട് വർഷത്തേക്കാണ് സമിതിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. മൈലം ബൊമ്മപുരം അധീനത്തിലെ ശിവജ്ഞാന ബാലയ്യ സ്വാമികളാണ് സമിതിയുടെ ചെയർമാൻ. വിരമിച്ച ജില്ലാ സെഷൻസ് ജഡ്ജി ഡോ കെ രാമനാഥൻ ഉപാധ്യക്ഷനാകും. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ പി ആർ സമ്പത്ത്, സുമതി ശ്രീ, ഡോ ടി വേൽമുരുകൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

വിജയ് നായകനായ ‘ബിഗിൽ’, ‘ഗോട്ട്’ എന്നീ ചിത്രങ്ങളുടെ നിർമാണം നിർവഹിച്ച എജിഎസ് എന്റർടെയ്ൻമെന്റ്സിന്റെ സിഇഒയാണ് അർച്ചന കൽപ്പാത്തി. പ്രമുഖ നിർമാതാക്കളായ കൽപാത്തി സഹോദരന്മാർ സ്ഥാപിച്ചതാണ് എജിഎസ് എന്റർടെയ്ൻമെന്റ്. ഇവർക്ക് തമിഴ്നാട്ടിൽ ഉടനീളം മൾട്ടിപ്ലെക്സ് ശൃംഖലയുമുണ്ട്. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ അർച്ചന നിലവിൽ കമ്പനിയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചുവരികയാണ്.

സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള അർച്ചന കൽപ്പാത്തിക്ക് സുപ്രധാനമായ സർക്കാർ സമിതിയിൽ അംഗത്വം ലഭിച്ചതിനെ തുടർന്ന് വിവിധ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. സിനിമാ മേഖലയിൽ നിന്നുള്ള ഒരാളെ വിജയ് സർക്കാർ ഇത്തരമൊരു പ്രധാനപ്പെട്ട സ്ഥാനത്തേക്ക് നിയമിക്കുന്നത് ഇതാദ്യമല്ലെന്നതും ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

“ഉയർന്ന വരുമാനമുള്ള ക്ഷേത്രങ്ങളിലേക്ക് ട്രസ്റ്റിമാരെ നിയമിക്കുന്നത് തീരുമാനിക്കാൻ അർച്ചന കൽപ്പാത്തിക്ക് എന്ത് യോഗ്യതയാണ് ഉള്ളത്?” “കോളിവുഡ് കോമാളികളുടെ ക്ലബ്ബിലേക്ക് ഒരാൾ കൂടി ചേർത്തു” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഈ നീക്കത്തെ പിന്തുണയ്ക്കുന്ന വിജയ് ആരാധകർക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. “എന്തുകൊണ്ട് അർച്ചന? എന്തുകൊണ്ട് സിനിമാ മേഖലയിൽ നിന്നൊരാൾ? ഒരു നടനോടുള്ള അന്ധമായ ആരാധനയുടെ ഫലമാണിത്” എന്ന തരം വിമർശനങ്ങളും പുറത്തുവരുന്നുണ്ട്.

അതേസമയം, അർച്ചന കൽപ്പാത്തിയുടെ നിയമനത്തെ പിന്തുണച്ച് വിജയ് ആരാധകരെയും സമൂഹമാധ്യമങ്ങളിൽ കാണാം. അർച്ചനയ്ക്ക് രണ്ട് ബിരുദാനന്തര ബിരുദങ്ങളുണ്ടെന്നും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തിയാണെന്നും ആരാധനകർ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രൊഡക്ഷൻ കമ്പനിക്ക് നേതൃത്വം നൽകുന്ന അർച്ചനയ്ക്ക് ഭരണപരവും നേതൃത്വപരവുമായ അനുഭവസമ്പത്തുണ്ടെന്നും അതാണ് അവരുടെ യോഗ്യതയെന്നും ഒരാൾ പ്രതികരിച്ചു. കലാരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്ക് ബുദ്ധിയോ കഴിവോ ഇല്ലെന്ന തരം വിലയിരുത്തലുകൾ അവസാനിപ്പിക്കണം എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

ഇതിന് മുമ്പും സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ളവർക്ക് വിജയ് സർക്കാർ സുപ്രധാന പദവികൾ നൽകിയത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന്റെ കെ വെങ്കട നാരായണനെ അടുത്തിടെ ന്യൂഡൽഹിയിലെ തമിഴ്നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതും, വിജയ്‌യുടെ ദീർഘകാല മാനേജരും അടുത്ത സുഹൃത്തുമായ ജഗദീഷ് പളനിസാമിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചതും ഈ വിഷയത്തിൽ ഉദാഹരണങ്ങളാണ്.

അതുപോലെ ‘നൻപൻ’, ‘ബീസ്റ്റ്’, ‘ലിയോ’ തുടങ്ങിയ വിജയ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ മനോജ് പരമഹംസയെ താരമണിയിലെ എംജിആർ സർക്കാർ ഫിലിം ആൻഡ് ടെലിവിഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനും പ്രസിഡന്റുമായി നിയമിച്ചിരുന്നു. മാത്രമല്ല, തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഭരിക്കുന്നത് നടനും സ്റ്റാൻഡ് അപ് കൊമേഡിയനും സംവിധായകനും അവതാരകനുമായ രാജ്‌മോഹൻ അറുമുഖം ആണ്. എഗ്മോർ മണ്ഡലത്തിൽനിന്നാണ് വിജയ്ക്ക് വേണ്ടി രാജ്‌മോഹൻ അറുമുഖം വിജയിച്ചത്.

Vijay’s government has appointed AGS Entertainment CEO Archana Kalpathi to the Tamil Nadu HR&CE temple trustee panel, sparking criticism over her close links to the film industry and Vijay. While critics question her suitability, supporters highlight her educational qualifications and leadership experience. The appointment has renewed debate over Vijay’s alleged preference for industry associates.