‘രാമായണ’ സിനിമയിൽ രാമനെയും രാവണനെയും ഒരുപോലെ പ്രേക്ഷകർക്ക് മനസിലാക്കാൻ കഴിയുമെന്ന് നടൻ യഷ്. ചിത്രത്തിൽ രാവണനായാണ് യഷ് എത്തുന്നത്. രാമായണത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളും രാവണൻ എന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടും സിനിമയിൽ പ്രധാനമാണെന്നും ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും യഷ് അഭിപ്രായപ്പെട്ടു. സിനിമയുടെ സഹനിർമ്മാതാവ് കൂടിയാണ് താരം.
പ്രൊമോഷന്റെ ഭാഗമായി ടുഡേ സ്റ്റാർസിന് നൽകിയ അഭിമുഖത്തിൽ രൺബീർ കപൂർ, രവി ദുബെ, രകുൽ പ്രീത് സിങ് എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു യഷ്.
ഓരോ സംസ്ഥാനത്തും ഓരോ ഭാഷയിലും രാമായണത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. കഥയെ എല്ലാവരുടെയും കാഴ്ചപ്പാടിലൂടെ കാണുന്നതാണ് ഇന്ത്യൻ സംസ്കാരത്തിന്റെ പ്രത്യേകത. രാവണന്റെ കണ്ണുകളിലൂടെ പോലും രാമായണത്തെ അവതരിപ്പിച്ചിട്ടുണ്ട്. രാമായണത്തിലെ രാവണൻ അറിവും കഴിവുകളുമുള്ള പണ്ഡിതനും സംഗീതജ്ഞനും യോദ്ധാവുമാണ്. ഒരാൾ എന്തെങ്കിലും നേടാൻ ആഗ്രഹിക്കുമ്പോൾ അതിനായി പരിശ്രമിക്കുകയും ഒരു പ്രത്യേക കഴിവിൽ പ്രാവീണ്യം നേടുകയും ചെയ്യുന്നു. എന്നാൽ അത് സ്വന്തമാക്കിയ ശേഷം നിലനിർത്തുക എന്നതും പ്രധാനമാണ്. ജീവിതത്തിലെ ചില തീരുമാനങ്ങൾ പിന്നീട് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതെങ്ങനെയെന്ന് രാമായണം മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഒരാൾക്ക് രാമനുമായി ബന്ധപ്പെടാൻ കഴിയുമെങ്കിൽ മറ്റൊരാൾക്ക് രാവണനുമായും ബന്ധപ്പെടാനാകും. എന്നാൽ ജീവിതത്തിലെ സാഹചര്യങ്ങളെ രാമൻ എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ് പ്രധാനം. അത് കാണിച്ചുതരാൻ രാവണനും ആവശ്യമാണ്" എന്നായിരുന്നു യഷിന്റെ വാക്കുകൾ.
ചിത്രത്തിന്റെ സഹനിർമ്മാണത്തിലേക്ക് എത്താനുള്ള കാരണവും അഭിമുഖത്തിൽ യഷ് വ്യക്തമാക്കി. ''ഇത്രയും വലിയൊരു കഥയ്ക്ക് ആവശ്യമായ പിന്തുണയും കരുത്തും നൽകേണ്ടതുണ്ടെന്ന് തോന്നിയതുകൊണ്ടാണ് നിർമ്മാണത്തിന്റെ ഭാഗമായത്. കൊറിയൻ സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നതുപോലെ ഇന്ത്യൻ സിനിമകൾക്കും ലോകവേദിയിൽ സ്വന്തമായ ഇടം നേടാൻ കഴിയണം. അതിനുള്ള ശരിയായ സമയമാണിതെന്നാണ് എന്റെ വിശ്വാസം'' എന്ന് താരം കൂട്ടിച്ചേർത്തു
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ' രാജ്യത്തെ ചില തിയറ്ററുകളിൽ രാവിലെ 6.45 മുതൽ പ്രദർശനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലെ തിരഞ്ഞെടുത്ത തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് 400 മുതൽ 500 രൂപ വരെയാണ്. ഉയർന്ന നിരക്കിലുള്ള സീറ്റുകൾക്ക് 1,000 രൂപയ്ക്ക് മുകളിലും വിലയുണ്ട്. നിലവിൽ ചില തിയറ്ററുകളിൽ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലുള്ള ത്രിമാന പ്രദർശനങ്ങൾക്കാണ് ബുക്കിങ് ലഭ്യമായിരിക്കുന്നത്. നവംബർ 5-ന് ഇന്ത്യയിലുടനീളം പണം നൽകി കാണാവുന്ന പ്രത്യേക പ്രീമിയർ പ്രദർശനങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
‘രാമായണ’ രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്നു. സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിലെത്തുമ്പോൾ രവി ദുബെ, അനുപം ഖേർ, കാജൽ അഗർവാൾ, രകുൽ പ്രീത് സിങ്, വിവേക് ഒബ്റോയ്, കുനാൽ കപൂർ, ആദിനാഥ് കോത്തരെ, അരുൺ ഗോവിൽ, ഇന്ദിര കൃഷ്ണൻ, ലാറ ദത്ത എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. നവംബർ 5നാണ് ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തുന്നത്.
Actor Yash says audiences will be able to relate to both Rama and Ravana in Nitesh Tiwari's upcoming film Ramayana. Playing Ravana, Yash believes the epic explores different perspectives and life choices. He also feels this is the right time to take Indian cinema to a global audience.