ക്യാംപസ് പശ്ചാത്തലമാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. നാളെ രാവിലെ 11 മണിക്ക് മലയാള സിനിമയിലെ പ്രമുഖര്‍ പോസ്റ്റര്‍ പങ്കുവയ്ക്കും. യൂത്ത് റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ ജോമോൻ ജ്യോതിർ ആണ് നായകനായെത്തുന്നത്. ബംഗാളിൽ നിന്നുള്ള പുതുമുഖ അഭിനേത്രി അയന ചാറ്റർജിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഴുത്തുകാരൻ ലിജീഷ് കുമാർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ജുനൈസ് വി. പി, സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയിലെ പുതിയ ഒട്ടേറെ ട്രെൻഡ് സെറ്റേഴ്സ് ചിത്രത്തിലുണ്ട്. ഇവർക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം, ഇർഷാദ് അലി, സുജിത് ശങ്കർ തുടങ്ങി വലിയൊരു താരനിര പ്രേംപാറ്റയിൽ ഒന്നിക്കുന്നു. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് നിർമാണം. സെന്‍ട്രല്‍ പിക്‌ചേഴ്സാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുക.
‘ആയിഷ’, ‘ഇഡി’ എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രേംപാറ്റ'. അങ്കിത് മേനോനാണ് സംഗീത സംവിധായകന്‍. പാട്ടുകള്‍ എഴുതുന്നത് മുഹ്‌സിന്‍ പരാരിയും സുഹൈല്‍ എം. കോയയുമാണ്. ആകാശ് വര്‍ഗീസ് ജോസഫ് ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. തമിഴ് - മലയാളം സിനിമകൾക്ക് ഒരുപോലെ പ്രിയങ്കരനായ സാന്‍ഡി മാസ്റ്ററാണ് കൊറിയോഗ്രാഫർ.
English Summery: The first look poster of the upcoming Malayalam youth romantic entertainer Prempata will be released tomorrow at 11 AM. Directed and produced by Aamir Pallikkal, the campus-based film stars Jomon Jyothir and newcomer Ayana Chatterjee in lead roles, alongside a strong ensemble cast including Saiju Kurup and Siddique.