'അമ്മ' ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കാനുണ്ടായ പ്രധാന കാരണം ടിനി ടോം നടത്തിയ അങ്ങേയറ്റം തരംതാണ വ്യക്തിയധിക്ഷേപമെന്ന് നടി അൻസിബ. കളിയാക്കി സംസാരിക്കുക, പരിഹസിക്കുക, ചോദിച്ചതിന് ഉത്തരം പറയാതെ മറ്റെന്തെങ്കിലും പറയുക എന്നതാണ് ടിനി ടോമിന്റെ രീതി. ജിഹാദിയെന്നു മുദ്രകുത്തുകയും അവിഹിത കഥകള്‍ പടച്ചുവിടുകയും ചെയ്തത് സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് ടിനി ടോമിനെതിരെ തുറന്നുപറച്ചില്‍ നടത്താന്‍ തീരുമാനിച്ചതെന്നും അൻസിബ മാഡിസം ഡിജിറ്റലിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. അന്‍സിബ ഹസന്റെ ആരോപണങ്ങളെ ശരിവെക്കുന്ന തുറന്നുപറച്ചിലുകള്‍ അമ്മയിലെ മറ്റ് അംഗങ്ങളില്‍ നിന്നുതന്നെ ഉണ്ടായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോലും ഗൗരവമുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ പുച്ഛിച്ച് കളിയാക്കി സംസാരിക്കലാണ് ടിനി ടോം ചെയ്യുന്നത്അന്സിബ ഹസന്‍
''സ്ത്രീകള്‍ എന്തെങ്കിലും അഭിപ്രായം പറയുമ്പോള്‍ ടിനി ടോം പറയുന്നത് നിങ്ങളുടെ 'ഡിഎന്‍എ ശരിയല്ല', 'ഡബിള്‍ ഡാഡി സിന്‍ഡ്രോം' എന്നൊക്കെയാണ്. ഇത്തത്തില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നവരോടൊപ്പം എങ്ങനെയാണ് ഒരു കമ്മിറ്റിയിൽ പ്രവര്‍ത്തിക്കാന്‍ കഴിയുക,'' അന്‍സിബ ചോദിക്കുന്നു. അമ്മയിലെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കാനുണ്ടായ കാരണങ്ങളിലൊന്നായി അന്‍സിബ ചൂണ്ടിക്കാണിക്കുന്നത് ടിനി ടോമിന്റെ ഈ വ്യക്തിയധിക്ഷേപമാണ്.
തനിക്കെതിരെ അപവാദ കഥകള്‍ പ്രചരിപ്പിച്ച സമയത്ത് ടിനി ടോമിനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നതായി അന്‍സിബ പറഞ്ഞു. എന്നാല്‍ ഒരു വാക്കിനോട് പോലും മര്യാദയുടെഭാഷയില്‍ അദ്ദേഹം പ്രതികരിച്ചില്ല. കൃത്യമായ മറുപടിയും തന്നില്ലെന്നും അന്‍സിബ പറഞ്ഞു.
കളിയാക്കി സംസാരിക്കുക, പരിഹസിക്കുക, ചോദിച്ചതിന് ഉത്തരം പറയാതെ മറ്റെന്തെങ്കിലും പറയുക എന്നതാണ് ടിനി ടോമിന്റെ രീതി. ഇത്തരം ആളുകളോട് എങ്ങനെയാണ് സംസാരിക്കുക? എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗൗരവമുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ പുച്ഛിച്ച് കളിയാക്കി സംസാരിക്കും. സ്തീകളുടെ അടുത്ത് ഇത്തരം സമീപനം വളരെ കൂടുതലാണ്. ഇതൊരുതരം ലിംഗ വിവേചനമാണ്. ഗ്രൂപ്പുകളില്‍ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെ പരസ്യമായി പല രീതിയില്‍ ആക്ഷേപിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
സൗഹൃദമുള്ള, ഒപ്പം നില്‍ക്കുന്ന സ്ത്രീകളോട് ടിനി ടോം മാന്യമായാണ് ഇടപഴകുന്നത്. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന, എതിര്‍ക്കുന്ന സ്ത്രീകളോട് ക്രൂരമായ തമാശയിലൂടെയും പ്രതികാരബുദ്ധിയോടെയും പെരുമാറും. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരുപാട് തവണ ഇത്തരം വാക്കുകള്‍ കൊണ്ടുള്ള ആക്രമങ്ങള്‍ നേരിട്ടതോടെ പ്രതികരിച്ചെന്നും അന്‍സിബ പറഞ്ഞു.
നിങ്ങള്‍ ആരെയാണ് ഇങ്ങനെ പറയുന്നത്, മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് എന്തിനാണ് എന്നൊക്കെ ചോദിച്ചപ്പോള്‍ ടിനി ടോം പറഞ്ഞത്, ഞാന്‍ ഗ്രൂപ്പിലുള്ള ആരേയുമല്ല പറഞ്ഞത് എന്നാണ്. എങ്കില്‍ പിന്നെ 17 പേര്‍ മാത്രമുള്ള ഒരു ഗ്രൂപ്പില്‍ ഇങ്ങനെയൊന്നും പറയേണ്ട ആവശ്യമില്ലല്ലോ? അദ്ദേഹത്തോട് സൗഹൃദമുള്ള സ്ത്രീകള്‍ അദേഹത്തിനെതിരെ സംസാരിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? സഹപ്രവര്‍ത്തകന്‍ അല്ലെ, അയാളെ മോശക്കാരനാക്കണ്ട എന്ന് വിചാരിച്ചാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. എല്ലാത്തിനും ഒരു പരിധിയില്ലേ?
ടിനി ടോം നീന കുറുപ്പിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ചില മെമ്പര്‍മാര്‍ അത് കണ്ടിട്ടുണ്ട്. ആ ദിവസം ഞാന്‍ ഇല്ലായിരുന്നു. ചില മെമ്പര്‍മാര്‍ എന്നെ വിളിച്ചു പറഞ്ഞതാണ് ഇക്കാര്യമെന്നും അൻസിബ പറഞ്ഞു.
അമ്മ സംഘടനയുടെ നേതൃത്വത്തിലെ ചിലരുടെ സാമ്പത്തിക അഴിമതിയെ കുറിച്ചും അന്‍സിബ തുറന്നുപറഞ്ഞു. വെല്‍ഫെയര്‍ സംഘടനയായ അമ്മയുടെ പ്രവര്‍ത്തനലക്ഷ്യം തന്നെ മാറ്റുന്നതരത്തിലെയ്ക്ക് പുതിയ നേതൃത്വം മാറിയെന്നും അന്‍സിബ ആരോപിച്ചു.
''മലയാള സിനിമയിലുള്ള അഭിനേതാക്കളുടെ വെല്‍ഫെയറിനുള്ള സംഘടനയാണ് അമ്മ. ഈ സംഘടന നിലനിന്നു പോകേണ്ടത് വളരെ അത്യാവശ്യമാണ്. 504 മെമ്പര്‍മാര്‍ ഉണ്ടെങ്കിലും 400 പേരാണ് സജീവമായുള്ളത്. ഇതില്‍ ഇരുന്നൂറിനടുത്ത് ആളുകള്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. അറുപതോളം പേര്‍ക്ക് മരുന്ന് നല്‍കുന്നുണ്ട്. ഇതിനു വേണ്ടിയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഭാരവാഹിത്വത്തിലിരുന്ന് പണം സമ്പാദിക്കാനോ അഴിമതി നടത്താനോ അധികാരം കാണിക്കാനോ, പവര്‍ ഗ്രൂപ്പ് ഉണ്ടാക്കാനോ അല്ല. ഇതൊരു ചാരിറ്റബിള്‍ ട്രസ്റ്റാണ്, അത് മറന്നുപോകുന്നുണ്ട് പലരും,'' അന്‍സിബ പറഞ്ഞു.
32 വര്‍ഷമായി മതേതരത്വത്തിലൂടെ സൗഹൃദപരമയി മുന്നോട്ടു പോകുന്ന ഒരു സംഘടനയാണ് അമ്മ. സംഘടനയില്‍ ഒരു മത ചിഹ്നവും കയറരുത്. അതാണ് ഞാന്‍ ഉദ്ദേശിച്ചത്'അന്‍സിബ ഹസന്‍
അമ്മയുടെ കുടുംബസംഗമത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമായിരുന്നു. 75 ലക്ഷം രൂപയ്ക്കായിരുന്നു സ്‌പോണ്‍സര്‍ഷിപ്പ്. ക്ഷേത്രം പ്രസിഡന്റ് ടി.ജി നന്ദകുമാറും അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലാണ് കരാറുണ്ടാക്കിയത്. മതേതരമൂല്യം ഉയര്‍ത്തിപ്പിടിക്കണമെന്നുകാട്ടി ഈ കരാറിനെയാണ് അന്‍സിബ ഹസന്‍ എതിര്‍ത്തത്. കരാര്‍ പ്രകാരം ആദ്യഗഡുവായി 30 ലക്ഷം അമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. 45 ലക്ഷം ഇനിയും ലഭിക്കാനുണ്ട്. ഇതിനിടയില്‍ ക്ഷേത്രത്തിന്റെ പരസ്യം കുടുംബസംഗമ വേദിയില്‍ വേണ്ട രീതിയില്‍ പ്രദര്‍ശിപ്പിച്ചില്ലെന്ന് കാണിച്ച് ക്ഷേത്രം ഭാരവാഹികള്‍ താരസംഘടനയെ പരാതിഅറിയിച്ചു. ഈ പരാതി നിലനില്‍ക്കുന്നുണ്ട്. നല്‍കാനുള്ള ബാക്കി തുകയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ വിഷയം പുറത്തുവന്നത്.
''ഒരുമത സ്ഥാപനമാണ് പണം നല്‍കുന്നതെന്ന് പറഞ്ഞപ്പോഴെ ഞാന്‍ എതിര്‍ത്തു. വ്യക്തിപരമായി അത് ആരാണെന്നു പോലും അറിയില്ലായിരുന്നു. ഒരു മതസ്ഥാപനങ്ങളുടെ പണവും വാങ്ങരുതെന്നായിരുന്നു എന്റെ അഭിപ്രായം. മതേതരത്വത്തില്‍ ഊന്നികൊണ്ട് എന്റെ ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ പറഞ്ഞ കാര്യമാണിത്. 32 വര്‍ഷമായി മതേതരത്വത്തിലൂടെ സൗഹൃദപരമയി മുന്നോട്ടു പോകുന്ന ഒരു സംഘടനയാണ് അമ്മ. സംഘടനയില്‍ ഒരു മത ചിഹ്നവും കയറരുത്. അതാണ് ഞാന്‍ ഉദ്ദേശിച്ചത്,'' അന്‍സിബ പറഞ്ഞു.
തെറ്റാണെന്ന് തോന്നുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്ന് പറയാറുണ്ടെന്നും യോജിക്കാന്‍ കഴിയുന്നതിനോട് യോജിക്കാറുണ്ടെന്നും അന്‍സിബ പറഞ്ഞു. 'അമ്മയില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് എടുക്കുന്നത്. ആ തീരുമാനം ശരിയല്ലെങ്കില്‍ ഞാന്‍ വിയോജിക്കാറുണ്ട്. എനിക്കെതിരെയുള്ള ആക്രമണങ്ങളുടെയും വൈരാഗ്യത്തിന്റെയും കാരണം ഞാന്‍ അഭിപ്രായം തുറന്നുപറയുന്നതും വിയോജിക്കുന്നതുമാണെന്നും അന്‍സിബ പറയുന്നു.
English Summary: Controversy has emerged within AMMA after actor Ansiba Hassan made serious allegations against actor Tiny Tom and sections of the organisation’s leadership. Ansiba alleged that women members were subjected to offensive remarks, personal attacks, ridicule, and discriminatory behaviour within the executive committee. She claimed repeated disrespect and verbal targeting contributed to her decision to resign as Joint Secretary. Additionally, Ansiba questioned a sponsorship agreement involving a religious institution for AMMA’s family gathering, arguing that the organisation should maintain its secular values.