Entertainment Special

സെൻസർ ബോർഡിന്റെ കത്രിക; സിനിമയെ സംരക്ഷിക്കാനോ അടിച്ചമർത്താനോ?

ചുംബനരംഗം മുതൽ മദ്യക്കുപ്പികൾ വരെ, മാപ്പുകൾ മുതൽ രാഷ്ട്രീയ പരാമർശങ്ങൾ വരെ സെൻസർ ചെയ്യപ്പെടുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് ഒരു സിനിമ മാത്രമല്ല, ഒരു സമൂഹത്തിന്റെ കലാസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൂടിയാണ്.

anusha Andrews

ഒരു സിനിമയിൽ എന്ത് കാണണം, എന്ത് കേൾക്കണം എന്നത് തീരുമാനിക്കേണ്ടത് അധികാരത്തിന്റെ കത്രികയാണോ, അതോ പ്രേക്ഷകന്റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണോ? എന്ന ചോദ്യമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ സെൻസർ ബോർഡ് എടുക്കുന്ന തീരുമാനങ്ങൾ കാണുമ്പോൾ പ്രേക്ഷകർക്ക് ചോദിക്കാനുള്ളത്.

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ഹോളിവുഡ് ചിത്രം 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യിലെ രണ്ട് ചുംബനരംഗങ്ങൾ വെട്ടിമാറ്റാനും ഇംഗ്ലീഷ് ഓഡിയോയിലും സബ്ടൈറ്റിലുകളിലുമുള്ള ചില വാക്കുകൾ ഒഴിവാക്കാനോ മ്യൂട്ട് ചെയ്യാനോ ഇന്ത്യൻ സെൻസർ ബോർഡ് നിർദ്ദേശിച്ചത് ധാരാളം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒപ്പം മദ്യപാന രംഗങ്ങളിൽ മുന്നറിയിപ്പ് എഴുതിക്കാണിക്കാനും ബോർഡ് ആവശ്യപ്പെട്ടിരുന്നു. സിനിമ ആസ്വാധനം തടസ്സപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇത് ആദ്യമായല്ല സെൻസർ ബോർഡ് ഇത്തരം നിർദ്ദേശങ്ങൽ മുന്നോട്ട് വെക്കുന്നത്. ഇതിനുമുൻപും ഹോളിവുഡ് സിനിമകൾ സെൻസറിം​ഗിന് ഇരയായിട്ടുണ്ട്.

സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ

സിനിമകൾ വെട്ടിതിരുത്തുക മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതലയും സെൻസർ ബോർഡിനുണ്ട്. ഒരു സിനിമയ്ക്ക് നിർമായകമായ ചുംബനരം​ഗങ്ങളോ പദപ്രയോ​ഗങ്ങളോ വെട്ടിതിരുത്തുന്നത് വഴി ആ അഭിപ്രായസ്വാതന്ത്രത്തിനാണ് ബോർഡ് വിലങ്ങിടുന്നത് എന്നാണ് വിമർശകരുടെ നിരീക്ഷണം.

സ്പൈഡർമാന് മുൻപും, ജെയിംസ് ഗണ്ണിന്റെ ‘സൂപ്പർമാൻ’ ഇന്ത്യയിൽ സെൻസർ കത്രികയ്ക്ക് ഇരയായിട്ടുണ്ട്. ക്ലാർക്ക് കെന്റും ലോയിസ് ലെയ്നും തമ്മിലുള്ള 33 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ചുംബനരംഗമാണ് കുടുംബ പ്രേക്ഷകർക്ക് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് നീക്കം ചെയ്തത്. ചിത്രത്തിന്റെ ക്ലൈമാക്സിലെ ഒരു സുപ്രധാന രം​ഗമായിരുന്നു അത്. രംഗം ‘അമിതമായി സെൻസ്വൽ’ ആണെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഈ നടപടി. ഇതിന് പുറമെ ചിത്രത്തിലെ മറ്റൊരു ചുംബനരംഗവും സെൻസർ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ഓപ്പൻഹൈമർ

സമാനമായി, 2024ലെ ഓസ്കർ പുരസ്കാര വേദിയിൽ ഏഴ് അവാർഡുകൾ സ്വന്തമാക്കിയ ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൻഹൈമർ’ ചിത്രത്തിലും ഇന്ത്യൻ സെൻസർ ഇടപെടൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഫ്ലോറൻസ് പ്യൂഗും കിലിയൻ മർഫിയും ഉൾപ്പെട്ട ഇന്റിമേറ്റ് രംഗത്തിൽ പ്യൂഗിന്റെ നഗ്നത മറയ്ക്കുന്നതിനായി ഇന്ത്യൻ റിലീസ് പതിപ്പിൽ ഡിജിറ്റലായി കറുത്ത വസ്ത്രം ചേർക്കുകയായിരുന്നു. 65 എംഎം ലാർജ് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ സിജിഐ ഉപയോ​ഗിച്ചത് സിനിമ ആസ്വാധനം തടസ്സപ്പെടുത്തിയെന്ന് അന്ന് പല പ്രേക്ഷകരും പരാതി പറഞ്ഞിരുന്നു. ചിത്രത്തിന്റെ ദൃശ്യഭാഷയിലേക്കും സംവിധാനശൈലിയിലേക്കും ഇത്തരം സെൻസർ ഇടപെടലുകൾ കടന്നുവരുന്നത് സിനിമയുടെ യഥാർഥ അവതരണത്തെ ബാധിക്കുന്നുവെന്നായിരുന്നു പ്രധാന വിമർശനം.

സിബിഎഫ്സിയുടെ ഘടനാപരമായ പരിമിതികളാണ് ഇത്തരം വിഷയങ്ങളിലെ പ്രധാന വെല്ലുവിളികളിലൊന്നെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. എന്തൊക്കെ സാഹചര്യങ്ങളിലാണ് ഒരു സിനിമയിൽ ‘കട്ടുകൾ’ ആവശ്യപ്പെടേണ്ടത്, എന്ത് മാനദണ്ഡത്തിന്റെ പേരിലാണ് ഒരു സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നിഷേധിക്കേണ്ടത് എന്നതിന് വ്യക്തവും വസ്തുനിഷ്ഠവുമായ കാര്യകാരണങ്ങൾ സിനിമാട്ടോഗ്രാഫ് ആക്ടിൽ ഇതുവരെ നിർവചിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എക്സാമിനിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളെയും മുൻവിധികളെയും ആശ്രയിച്ചാണ് സിനിമകളുടെ സർട്ടിഫിക്കേഷൻ നടത്തുന്നത്.

2019ലെ ‘ഫോർഡ് v ഫെരാരി’യിൽ പ്രണയ രം​ഗങ്ങളോ അശ്ലീല സംഭാഷണമോ അല്ല, മറിച്ച് മദ്യമാണ് സെൻസർ ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതുകൊണ്ടുതന്നെ ചിത്രത്തിലുടനീളമുള്ള മദ്യക്കുപ്പികളും ഗ്ലാസുകളും ഡിജിറ്റലായി ബ്ലർ ചെയ്യാനായിരുന്നു നിർദേശം. അതുപോലെ തന്നെ 2015ൽ പുറത്തിറങ്ങിയ 'സ്പെക്റ്റർ' എന്ന ഹോളിവുഡ് ചിത്രത്തിൽ, ഡാനിയൽ ക്രെയ്ഗ്, മോണിക്ക ബെല്ലൂച്ചി, ലിയ സെയ്ദൂ എന്നിവരുടെ രണ്ട് ചുംബനരംഗങ്ങളുടെ ദൈർഘ്യം 50 ശതമാനം കുറയ്ക്കാനായിരുന്നു നിർദേശം. അതിനു പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായ ‘സൻസ്ക്കാരി ജെയിംസ് ബോണ്ട്’ ട്രെൻഡിനും കാരണമായി.

മിഷൻ: ഇംപോസിബിൾ - ഫാൾഔട്ട്

'മിഷൻ: ഇംപോസിബിൾ - ഫാൾഔട്ട്' ആണ് ഇക്കുട്ടത്തിലെ മറ്റൊരു നിർണായക ചിത്രം. 2018ൽ റിലീസ് ചെയ്ത ചിത്രത്തിൽ നിന്ന് കശ്മീരിനെക്കുറിച്ചുള്ള ചില സംഭാഷണങ്ങളും, കമ്പ്യൂട്ടർ സ്ക്രീനുകളിൽ കാണിച്ചിരുന്ന മാപ്പുകൾ ഇന്ത്യയുടെ ഔദ്യോഗിക ഭൂപ്രദേശിക നിലപാടിന് അനുസരിച്ച് മാറ്റാനുമായിരുന്നു സിബിഎഫ്സിയുടെ നിർദ്ദേശം. സാധാരണയായി അക്രമം, ലൈംഗികത, ഭാഷ തുടങ്ങിയ ഉള്ളടക്കങ്ങളിലാണ് സെൻസർ ഇടപെടലുകൾ ഉണ്ടാകാറുള്ളതെങ്കിൽ, ഒരു സിനിമയിലെ ഭൂപടങ്ങളും രാഷ്ട്രീയ പരാമർശങ്ങളും പോലും തിരുത്താൻ നിർദേശം നൽകിയത് ഈ ചിത്രത്തെ വ്യത്യസ്തമാക്കി.

‘എഫ്1’ മുതൽ ‘ഡെഡ്പൂൾ & വോൾവറിൻ’ വരെ സെൻസർ ഇടപെടലുകൾ വ്യത്യസ്ത രൂപങ്ങളിലായിരുന്നു. ‘എഫ്1’ൽ റേസിനിടയിലെ താരങ്ങളുടെ മത്സരവൈര്യം പ്രകടിപ്പിക്കുന്ന മിഡിൽ ഫിംഗർ ആംഗ്യങ്ങൾക്കാണ് സെൻസർ ബോർഡിന്റെ ഇടപെടൽ നേരിടേണ്ടിവന്നത്. ചില രംഗങ്ങൾ ക്രോപ്പ് ചെയ്യുകയോ ആംഗ്യങ്ങൾ മാറ്റുകയോ ചെയ്യേണ്ടിവന്നു. അതേസമയം, എ സർട്ടിഫിക്കറ്റോടെ പുറത്തിറങ്ങിയ ‘ഡെഡ്പൂൾ & വോൾവറിൻ,’ ചിത്രത്തിൽ ഉപയോ​ഗിച്ച ഭാഷയുടെ പേരിലാണ് സെൻസർ ചെയ്യപ്പെട്ടത്. അശ്ലീല തെറിവിളികളും അധിക്ഷേപങ്ങളും മ്യൂട്ട് ചെയ്യുകയോ സബ്‌ടൈറ്റിലുകളിൽ മാറ്റം വരുത്തുകയോ ചെയ്യണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.

ഈ വർഷം സർപ്രൈസ് ഹിറ്റായി മാറിയ ഹോളിവുഡ് ചിത്രമായിരുന്നു 'ഒബ്സെഷൻ'. ഒമ്പത് കോടി ബജറ്റിൽ നിർമിച്ച ചിത്രമാണ് 3000 കോടിക്കടുത്ത് കരസ്ഥമാക്കിയത്. കറി ബാർക്കർ എന്ന 26 വയസ്സുകാരനായ യൂട്യൂബർ ഒരുക്കിയ ചിത്രമാണ് ഒബ്സെഷൻ. A സർട്ടിഫിക്കറ്റുണ്ടായിരുന്നിട്ടും ‘ഒബ്സെഷ’ന് സെൻസർ ബോർഡിന്റെ കത്രികയിൽ നിന്ന് രക്ഷയുണ്ടായില്ല. 24 സെക്കൻഡ് ദൈർഘ്യമുള്ള അക്രമരംഗങ്ങളും 14 സെക്കൻഡ് ദൈർഘ്യമുള്ള ഗ്രാഫിക് ഇന്റിമേറ്റ് രംഗങ്ങളും ഇന്ത്യയിൽ നീക്കം ചെയ്യുകയായിരുന്നു.

അതേസമയം, ഒരു കഥാപാത്രം മനുഷ്യന്റെ തലയുമായി ഫുട്ബോൾ കളിക്കുന്നതടക്കമുള്ള നിരവധി ഗ്രാഫിക് അക്രമരംഗങ്ങൾ ഉൾപ്പെടുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ധുരന്ധർ 2’ സമാനമായ പരിശോധനകൾ നേരിടാതെയാണ് കടന്നുപോയത്. ഭരണകൂടത്തെ വിമർശിക്കുന്നതോ തികച്ചും കലാപരമായതോ ആയ സിനിമകൾ സെൻസർഷിപ്പിന് വിധേയമാകുമ്പോൾ, അധികാരകേന്ദ്രങ്ങളെ അനുകൂലിക്കുന്ന തീവ്ര ദേശീയവാദ ചിത്രങ്ങൾക്ക് അതിരൂക്ഷമായ അക്രമരംഗങ്ങൾ പോലും പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കുന്നുവെന്നത് ആശങ്കയുണർത്തുന്ന വിഷയമാണ്.

'ധുരന്ധർ 2'ലെ ഫുട്ബോൾ സീൻ

സിനിമയുടെ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിൽ സെൻസർ ബോർഡിന്റെ പരിധി എവിടെവരെയാകണമെന്ന പ്രധാന ചോദ്യം ഉയർത്തിയ സംഭവമായിരുന്നു 'ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ' എന്ന സിനിമയ്ക്ക് മേൽ സിബിഎഫ്സി എടുത്ത കടുത്ത തീരുമാനങ്ങൾ. ചിത്രത്തിൽ കട്ടുകൾ ഉൾപ്പെടുത്താൻ വിതരണക്കാർ തയ്യാറായിരുന്നിട്ടും, അമിതമായ ലൈംഗിക ഉള്ളടക്കം ചൂണ്ടിക്കാട്ടി ഈ ചിത്രത്തിന് സിബിഎഫ്സി സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. ഒടുവിൽ ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തില്ല.

അന്താരാഷ്ട്ര പ്രേക്ഷകർ ഇന്ത്യയെ നോക്കുമ്പോൾ, ഇന്ത്യൻ സിനിമയിലെ കലാകാരന്മാരെ മാത്രമല്ല, രാജ്യത്തിന് സിനിമയോടുള്ള സമീപനത്തെയും അവർ വിലയിരുത്തുന്നുണ്ട്. വിദേശ ചലച്ചിത്രപ്രവർത്തകർക്ക് ഇന്ത്യയിലെ സിനിമയെക്കുറിച്ചുള്ള ആദ്യ ധാരണ പലപ്പോഴും ഇവിടുത്തെ സിനിമാക്കാരുടെ സൃഷ്ടികളിൽ നിന്നല്ല, മറിച്ച് സർക്കാർ സംവിധാനങ്ങൾ സിനിമയെ എങ്ങനെ നിയന്ത്രിക്കുകയും സെൻസർ ചെയ്യുകയും ചെയ്യുന്നു എന്നതിൽ നിന്നാണ് രൂപപ്പെടുക. അതിലും വലിയ അപകടം, സിനിമയെ സ്വതന്ത്രമായൊരു കലാരൂപമെന്നതിലുപരി നിയന്ത്രിക്കപ്പെടേണ്ട ഒന്നായി കാണുന്ന സംസ്കാരം വളരുന്നതാണ്.

സിനിമയെ സംരക്ഷിക്കേണ്ട സംവിധാനമാണ് സെൻസർ ബോർഡ്. എന്നാൽ സംരക്ഷണത്തിന്റെ പേരിൽ ഒരു സിനിമയുടെ ദൃശ്യങ്ങളെയും സംഭാഷണങ്ങളെയും കലാപരമായ ആവിഷ്‌കാരങ്ങളെയും നിരന്തരം വെട്ടിമാറ്റുന്ന സാഹചര്യം ആശങ്കയുണർത്തുന്നതാണ്. ചുംബനരംഗം മുതൽ മദ്യക്കുപ്പികൾ വരെ, മാപ്പുകൾ മുതൽ രാഷ്ട്രീയ പരാമർശങ്ങൾ വരെ സെൻസർ ചെയ്യപ്പെടുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് ഒരു സിനിമ മാത്രമല്ല, ഒരു സമൂഹത്തിന്റെ കലാസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൂടിയാണ്.

Indian CBFC censorship of Hollywood films has sparked debate over artistic freedom and inconsistent standards. From Superman’s kiss and Oppenheimer’s CGI cover-up to Kashmir references in Mission: Impossible and cuts in Fifty Shades of Grey, these interventions raise questions about censorship, creative expression, government control and India’s global cinematic image.