ഹോളിവുഡിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനിയായ മാര്‍വല്‍ സ്റ്റുഡിയോസിന്റെ ഓഫീസുകളില്‍ അതീവ സുരക്ഷയുള്ള ഒരു മുറിയുണ്ട്. കോടിക്കണക്കിന് രൂപ മുടക്കി നിര്‍മ്മിക്കുന്ന സൂപ്പര്‍ഹീറോ ചിത്രങ്ങളുടെ തിരക്കഥകളും സസ്‌പെന്‍സുകളും ഒളിപ്പിച്ചു വെച്ചിരിക്കുന്നത് അവിടെയാണ്. എന്നാല്‍, ആ സുരക്ഷാ കോട്ടകളെല്ലാം വെറും സെക്കന്‍ഡുകള്‍ കൊണ്ട് തകര്‍ക്കാന്‍ പോന്ന ഒരൊറ്റ 'ആയുധ'മേ മാര്‍വല്‍ പ്രപഞ്ചത്തിലുള്ളൂ. അത് നമ്മുടെ സ്വന്തം സ്‌പൈഡര്‍മാന്‍ ആയ ടോം ഹോളണ്ടിന്റെ നാവും വായുമാണ്.
സിനിമ തിയേറ്ററുകളില്‍ എത്തുന്നതിനുമുമ്പുതന്നെ അതിലെ അത്യന്തം രഹസ്യമായ ക്ലൈമാക്‌സുകളും ട്വിസ്റ്റുകളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറയുന്നതില്‍ ടോം ഹോളണ്ട് പണ്ടേ ഒരു 'കുപ്രസിദ്ധ'നാണ്. അതുകൊണ്ടുതന്നെ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഒരുപോലെ തലവേദനയായ ടോം ഹോളണ്ട് ചോര്‍ത്തിയ, മാര്‍വല്‍ ചരിത്രത്തെത്തന്നെ നടുക്കിയ ആ 4 വമ്പന്‍ സസ്‌പെന്‍സുകളുടെ കഥകളിലേക്ക് നമുക്കൊന്ന് പോയിവരാം.
'ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്' (അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍)
മാര്‍വല്‍ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്ന് ടോം ഹോളണ്ടിന് സംഭവിക്കുന്നത് 2018ല്‍ അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ സിനിമയുടെ റിലീസ് സമയത്താണ്. ലോസ് ആഞ്ചലസിലെ ഒരു പ്രമുഖ തിയേറ്ററില്‍ സിനിമ കാണാന്‍ കാത്തിരുന്ന പ്രേക്ഷകരെ സര്‍പ്രൈസ് ചെയ്യാനായി സംവിധായകരായ റൂസ്സോ ബ്രദേഴ്സിനൊപ്പം ടോം ഹോളണ്ട് നേരിട്ടെത്തി. തിയേറ്ററിലേക്ക് വലിയ ആവേശത്തോടെ മൈക്കുമായി കടന്നുവന്ന ഉടന്‍ തന്നെ ടോം വായ തുറന്ന് വിളിച്ചുപറഞ്ഞു: 'പേടിക്കേണ്ട, ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്'.
യഥാര്‍ത്ഥത്തില്‍, ആ സിനിമയുടെ ഏറ്റവും വലിയ സസ്‌പെന്‍സ് അടങ്ങിയ ക്ലൈമാക്‌സിലാണ് വില്ലനായ താണോസിന്റെ വിരല്‍ ഞൊടിപ്പില്‍ സ്‌പൈഡര്‍മാന്‍ ഉള്‍പ്പെടെയുള്ള നായകന്മാര്‍ പൊടിയായി ഇല്ലാതാകുന്നത്. തിയേറ്ററിലിരുന്ന വന്‍ ജനക്കൂട്ടം സിനിമ കണ്ട് ആസ്വദിക്കുന്നതിന് തൊട്ടുമുന്‍പാണ് ആ വമ്പന്‍ ക്ലൈമാക്‌സ് സസ്‌പെന്‍സ് ടോം ഹോളണ്ട് അബദ്ധത്തില്‍ വിളിച്ചുപറഞ്ഞത്! കൂടെയുണ്ടായിരുന്ന സംവിധായകര്‍ അക്ഷരാര്‍ത്ഥത്തില്‍ തലയില്‍ കൈവെച്ചുപോയ നിമിഷമായിരുന്നു അത്.
ഐപാഡിലൂടെ ചോര്‍ന്ന 'സ്‌പൈഡര്‍മാന്‍ 2' ടൈറ്റില്‍
മാര്‍വല്‍ തങ്ങളുടെ അടുത്ത സിനിമകളുടെ പേരുകള്‍ പോലും അതീവ രഹസ്യമായി സൂക്ഷിക്കുന്നവരാണ്. എന്നാല്‍ സ്‌പൈഡര്‍മാന്റെ രണ്ടാം ഭാഗത്തിന്റെ പേര് മാര്‍വല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ടോം ഹോളണ്ട് അത് ഇന്‍സ്റ്റാഗ്രാമിലൂടെ പരസ്യമാക്കി.തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ തത്സമയം വന്ന താരം, തനിക്ക് പുതിയ സിനിമയുടെ തിരക്കഥ ലഭിച്ചുവെന്നും എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ഒന്നും തനിക്കറിയില്ലെന്നും ആരാധകരോട് പറയുകയായിരുന്നു. എന്നാല്‍ സംസാരിക്കുന്നതിനിടയില്‍ താരം തന്റെ ഐപാഡ് സ്‌ക്രീന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് കാണിച്ചപ്പോള്‍ അതില്‍ സ്പൈഡർ മാൻ, ഫാർ ഫ്രം ഹോം എന്ന സിനിമയുടെ ഔദ്യോഗിക ടൈറ്റില്‍ പേജ് വ്യക്തമായി കാണാമായിരുന്നു. ഇത് മനഃപൂര്‍വ്വം ചെയ്തതാണോ അതോ അബദ്ധമാണോ എന്ന് ഇപ്പോഴും തര്‍ക്കമുണ്ടെങ്കിലും മാര്‍വലിന് അത് വലിയൊരു ഡിജിറ്റല്‍ തിരിച്ചടിയായിരുന്നു.
3. ഡോക്ടര്‍ സ്‌ട്രേഞ്ചിന് മുകളില്‍ പറന്ന സ്‌പൈഡര്‍മാന്‍
അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ പ്രശസ്ത നടന്‍ ബെനഡിക്ട് കംബര്‍ബാച്ചിനൊപ്പമാണ് ടോം ഹോളണ്ട് പങ്കെടുത്തത്. ഒരു അഭിമുഖത്തിനിടയില്‍ സ്‌പൈഡര്‍മാന്റെ ഡയലോഗുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ടോം പെട്ടെന്ന് പറഞ്ഞു: 'എനിക്ക് ബഹിരാകാശത്തെക്കുറിച്ചുള്ള ഡയലോഗുകളാണ് കൂടുതല്‍ പറയാനുള്ളത്, കാരണം അവന്‍ ബഹിരാകാശത്തേക്ക് പോകുന്നുണ്ട്.ആ സമയത്ത് സ്‌പൈഡര്‍മാന്‍ ഭൂമി വിട്ട് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുമെന്ന കാര്യം മാര്‍വല്‍ അതീവ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. ടോം ഇത് പറഞ്ഞയുടന്‍ തന്നെ അടുത്തിരുന്ന ബെനഡിക്ട് കംബര്‍ബാച്ച് ടോമിന്റെ വായ കൈകൊണ്ട് പൊത്തുകയും, ബാക്കി ചോദ്യങ്ങള്‍ക്ക് ടോമിനെ സംസാരിക്കാന്‍ അനുവദിക്കാതെ ബെനഡിക്ട് തന്നെ മറുപടി പറയുകയുമായിരുന്നു. പില്‍ക്കാലത്ത് ടോമിനെ നിയന്ത്രിക്കാന്‍ മാത്രമായി ബെനഡിക്ടിനെ മാര്‍വല്‍ ഒപ്പം വിട്ടു എന്നതും ഒരു രസകരമായ യാഥാര്‍ത്ഥ്യമാണ്.
4. കല്യാണമെന്ന് പറഞ്ഞ് മൃതസംസ്‌കാര ചടങ്ങില്‍ എത്തിച്ചു!
തുടര്‍ച്ചയായി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങിയതോടെ മാര്‍വല്‍ സ്റ്റുഡിയോസ് ടോം ഹോളണ്ടിനെതിരെ കടുത്ത 'പ്രതിരോധ നടപടികള്‍' സ്വീകരിച്ചു തുടങ്ങി. അവഞ്ചേഴ്സ്:എൻഡ് ഗെയിം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ടോം ഹോളണ്ടിന് മുഴുവന്‍ തിരക്കഥയും നല്‍കിയിരുന്നില്ല. താന്‍ ആര്‍ക്കെതിരെയാണ് ഫൈറ്റ് ചെയ്യുന്നത് എന്ന് പോലും ഡയറക്ടര്‍മാര്‍ ടോമിനോട് പറഞ്ഞിരുന്നില്ലെന്ന് താരം പിന്നീട് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു ഘട്ടത്തില്‍ ടോമിന്റെ വായ അടപ്പിച്ചു നിര്‍ത്താന്‍ തെറ്റായ ക്ലൈമാക്‌സ് അടങ്ങിയ വ്യാജ തിരക്കഥകള്‍ വരെ മാര്‍വല്‍ നല്‍കിയിരുന്നു. അവഞ്ചേഴ്സ്:എൻഡ് ഗെയിംന്റെ ക്ലൈമാക്‌സിലെ ഐക്കണിക് കഥാപാത്രമായ ടോണി സ്റ്റാര്‍ക്കിന്റെ മരണരംഗം ചിത്രീകരിക്കുമ്പോള്‍, അതൊരു കല്യാണ രംഗമാണെന്നാണ് ടോം ഹോളണ്ടിനോട് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. സെറ്റില്‍ എത്തിയപ്പോഴാണ് അത് മരണാനന്തര ചടങ്ങാണെന്ന് ടോം തിരിച്ചറിയുന്നത്.
ഇത്രയൊക്കെ 'ചോര്‍ത്തല്‍ പശ്ചാത്തലം' ഉള്ളതുകൊണ്ട് തന്നെ മാര്‍വല്‍ ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്ന് അറിഞ്ഞപ്പോള്‍ അത് പുറത്തുപോകാതിരിക്കാന്‍ ടോം ഹോളണ്ട് അത്രയധികം കഷ്ടപ്പെട്ടു. റോബര്‍ട്ട് ഡൗണി ജൂനിയര്‍ വില്ലന്‍ കഥാപാത്രമായ 'ഡോക്ടര്‍ ഡൂം' ആയി മാര്‍വല്‍ പ്രപഞ്ചത്തിലേക്ക് തിരിച്ചെത്തുന്നു എന്നതായിരുന്നു ആ വമ്പന്‍ വാര്‍ത്ത. ലോകത്തോട് മുഴുവന്‍ ഈ രഹസ്യം പറയാതെ സൂക്ഷിക്കാന്‍ ടോം പാടുപെട്ടെങ്കിലും, ഒരാളില്‍ നിന്നും മാത്രം അദ്ദേഹത്തിന് ഇത് മറച്ചുവെക്കാന്‍ കഴിഞ്ഞില്ലതന്റെ പ്രിയപത്‌നിയും സഹതാരവുമായ സെന്‍ഡയ.
ഫോണ്‍ കോള്‍ കഴിഞ്ഞയുടന്‍ രഹസ്യം ചോര്‍ന്നു
സിനിമാനിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ടോം ഹോളണ്ട് ഈ രസകരമായ അനുഭവം പങ്കുവെച്ചത്. റോബര്‍ട്ട് ഡൗണി ജൂനിയര്‍ തന്നെയാണ് ഫോണില്‍ വിളിച്ച് ഈ വന്‍ തിരിച്ചുവരവിന്റെ കാര്യം ടോമിനോട് പറയുന്നത്. എന്നാല്‍ ഫോണ്‍ വെച്ചയുടന്‍ തന്നെ ടോം ഈ വിവരം സെന്‍ഡയയുടെ കാതുകളിലെത്തിച്ചു.'എപ്പോഴാണ് ഈ വിവരം അറിഞ്ഞത്?' എന്ന ചോദ്യത്തിന്, 'ആ ഫോണ്‍ കോള്‍ കഴിഞ്ഞയുടന്‍ തന്നെ' എന്നായിരുന്നു സെന്‍ഡയയുടെ ചിരിയോടെയുള്ള മറുപടി. 'ഡൗണി തിരിച്ചുവരുന്നു' എന്ന് ടോം വന്ന് പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും താരം ഓര്‍ക്കുന്നു.'എനിക്ക് ചില കാര്യങ്ങള്‍ അബദ്ധത്തില്‍ പറഞ്ഞു ശീലമുള്ളതുകൊണ്ട് സ്റ്റുഡിയോ അധികൃതര്‍ പല പ്രധാന വിവരങ്ങളും എന്നില്‍ നിന്ന് മനഃപൂര്‍വ്വം ഒളിച്ചുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ വലിയ രഹസ്യം ഉള്ളില്‍ ഒതുക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു പരീക്ഷണമായിരുന്നു.പ്രസ് മീറ്റുകളിലും അഭിമുഖങ്ങളിലും പങ്കെടുത്താല്‍ ഈ രഹസ്യം എങ്ങാനും നാവില്‍ നിന്ന് പുറത്തുപോകുമോ എന്ന ഭയം കാരണം താന്‍ ആ സമയത്ത് പ്രൊമോഷനുകളില്‍ നിന്നെല്ലാം തന്ത്രപൂര്‍വ്വം വിട്ടുനല്‍കുകയായിരുന്നു എന്നും ടോം വെളിപ്പെടുത്തി.
ഡോക്ടര്‍ ഡൂം - പീറ്റര്‍ പാര്‍ക്കറെ എങ്ങനെ ബാധിക്കും?
റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ വില്ലന്‍ വേഷം തന്റെ കഥാപാത്രമായ പീറ്റര്‍ പാര്‍ക്കറുടെ ജീവിതത്തെ എങ്ങനെ മാറ്റുമെന്ന കൗതുകത്തിലാണ് ടോം ഹോളണ്ട്. ടോണി സ്റ്റാര്‍ക്കിനെ തന്റെ പിതാവിനെപ്പോലെ കണ്ടിരുന്ന പീറ്റര്‍ പാര്‍ക്കര്‍ക്ക് മുന്നിലേക്ക് അതേ മുഖമുള്ള ഒരു വില്ലന്‍ വരുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരും.
മാര്‍വലിന്റെ വരാനിരിക്കുന്ന ചിത്രമായ 'സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'എന്ന ചിത്രത്തിലൂടെ ടോം ഹോളണ്ടും സെന്‍ഡയയും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുകയാണ്. ജേക്കബ് ബറ്റാലണ്‍, മാര്‍ക്ക് റഫലോ എന്നിവര്‍ക്കൊപ്പം സാഡി സിങ്ക് തുടങ്ങിയ പുതിയ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തീയേറ്ററുകളിലേക്ക് എത്താനിരിക്കെ, പുതിയ മാര്‍വല്‍ വിസ്മയങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍. എന്തായാലും സ്‌പൈഡര്‍മാന്‍ തന്റെ 'ചോര്‍ത്തല്‍' സ്വഭാവം മാറ്റിയില്ലല്ലോ എന്ന സന്തോഷത്തിലാണ് ആരാധകര്‍!