Entertainment Special

നമ്മെ ചിരിപ്പിച്ചും പിന്നെ കരയിപ്പിച്ചും ഞെട്ടിക്കുന്ന തിരശീലയിലെ ചിരിരാജാക്കന്മാർ

കോമഡിയില്‍നിന്ന് ആരും പ്രതീക്ഷിക്കാത്ത വേഷങ്ങള്‍ തിരശ്ശീലയില്‍ പകർന്നാടാന്‍ സാധിച്ച അപൂർവ്വം താരങ്ങളെ മലയാളത്തിലുള്ളു!

Athira Thookkaav

ഹൗസ്യം എല്ലാവ‍ർക്കും വഴങ്ങുന്ന അഭിനയ പാഠവമല്ല, പിന്നിൽ ഏറെ ശ്രമകരമായ തയ്യാറെടുപ്പുകളും ചിന്താശേഷിയും ആവശ്യമായിട്ടുണ്ട്. വിഖ്യാത ചലച്ചിത്രകാരന്‍ ചാർളി ചാപ്ലിൻ പറഞ്ഞതുപോലെ ഒരേ തമാശ പല തവണയാവർത്തിക്കുന്നത് മടുപ്പാണുണ്ടാക്കുന്നത്, മറിച്ച് വീണ്ടും വീണ്ടും ചിരിക്കാൻ കാരണമാകണമെന്നില്ല. ചിരിപ്പിക്കാൻ പ്രയാസമാണ്. ചിരിയും ഹാസ്യവുമെല്ലാമൊരു വിപ്ലവം തീർക്കൽ തന്നെയാണ്. അതേസമയം ഏതെങ്കിലും ഒരു ഴോണറിൽ സ്റ്റീരിയോകാസ്റ്റ് ചെയ്യപ്പെടുന്നതിനേക്കാള്‍ പലതരം പരീക്ഷണങ്ങൾക്ക് തന്നെ വിധേയമാക്കുന്നതാണ് അഭിനേതാവിനെ മികച്ച കലാകാരനാക്കി നിലനിർത്താന്‍ സഹായിക്കുക. ഇത്തരത്തിൽ പ്രകടമായ മാറ്റങ്ങളിലൂടെ സ്വയം തേച്ചുമിനുക്കുന്ന അഭിനേതാക്കളെക്കുറിച്ചുള്ള ചർച്ചകള്‍ വാഴ-2 റിലീസിന് പിന്നാലെ വീണ്ടും സജീവമാവുമാകയാണ്.

സമൂഹ മാധ്യങ്ങളിലൂടെ ശ്രദ്ധ നേടിയ പുതുമുഖങ്ങളെ പ്രധാന കഥാപത്രങ്ങളാക്കി ഒരുങ്ങിയ ചിത്രങ്ങളാണ് 'വാഴ', 'വാഴ 2' എന്നിവ. പ്രമേയത്തിലും ദൃശ്യഭംഗിയിലുമടക്കം രണ്ട് ചിത്രങ്ങളും പുലർത്തിയ മികവിനൊപ്പം അഭിനന്ദനം ലഭിക്കുന്ന മറ്റൊരു കാര്യമാണ് ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനങ്ങള്‍. ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ സജീവമായ ഹാഷിറും കൂട്ടുകാരും ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയപ്പോൾ പ്രതീക്ഷകൾക്കൊത്ത് പ്രേക്ഷകരുടെ ചിത്രത്തെ സ്വീകരിച്ചു. ഇവർക്കൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകടനമാണ് ഇരു ചിത്രങ്ങളിലെയും അച്ഛൻ കഥാപാത്രങ്ങളുടേത്.

വാഴയുടെ രണ്ടാം ഭാഗത്തില്‍ ബിജുക്കുട്ടന്‍റെ പ്രകടനമാണ് മാറ്റുപോവാതെ അച്ഛൻ കഥാപാത്രങ്ങളെ വീണ്ടും ചർച്ചകളിലെത്തിച്ചത്. പോത്തൻ വാവ, ഛോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ബിജു കുട്ടൻ കോമഡി ഷോകളിലൂടെയും റീലുകളിലൂടെയുമൊക്കെ നമ്മെ ചിരിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. വാഴ 2ൽ വിനായകിന്റെ അച്ഛന്‍റെ വേഷത്തിൽ താരം എത്തുന്നത്. അച്ഛൻ മകൻ ബന്ധത്തിന്റെ വാത്സല്യവും സൗഹൃദവും നിറച്ച് പ്രേക്ഷകരെ ചിരിപ്പിക്കാനും സങ്കടപ്പെടുത്താനും ബിജുക്കുട്ടന് സാധിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗദീഷ്, അസീസ് നെടുമങ്ങാട്, കോട്ടയം നസിർ, നോബി തുടങ്ങിയവരാണ് ഒന്നാം ഭാഗത്തിലെ ശ്രദ്ധേയമായ അച്ഛന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളികൾക്ക് സുപരിചിതരായ ഹാസ്യതാരങ്ങള്‍ വേറിട്ട ശൈലിയാണ് ആദ്യ ഭാഗത്തിലൂടെ നാം കണ്ടത്, പലർക്കും ആ കഥാപാത്രങ്ങള്‍ ഇന്നും നോവായി നിലനില്‍ക്കുന്നുണ്ട്.

മാസ് മസാലയല്ല കഥയും അവതരണവുമാണ് മലയാളി ഇരുകൈകളും നീട്ടി സ്വീകരിക്കാറ് !

കലാഭവൻ മണി കരഞ്ഞാൽ കൂടെ കരയാത്ത മലയാളികളുണ്ടോ? ഓരോ സാധാരണ കുടുംബങ്ങളിലും ഉയർന്നു വന്നിട്ടുള്ള ചോദ്യമാണിതെന്നുറപ്പാണ്. മിമിക്രിയിലൂടെയും സിനിമയിൽ പറഞ്ഞ തമാശകളിലൂടെയും ജീവിത യാഥാർഥ്യങ്ങളെ മുഴുവൻ കാതിൽ ഇമ്പം കൊള്ളിച്ച നാടൻ പാട്ടുകളായി പാടിയും കേരളത്തിന് അകത്തും പുറത്തുമായി നിരവധി മനുഷ്യരുടെ മനസിൽ ഇടംപിച്ച അതുല്യ കലാകാരനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമായി ലക്ഷക്കണക്കിനു മനുഷ്യർ ചാലക്കുടിയെന്ന കൊച്ചു നാട്ടിലേക്ക് ഇരച്ചു വന്നതിനും കേരളം സാക്ഷ്യം വഹിച്ചതാണ്. മണിയെന്ന കലാകാരന്റെ പ്രതിഭ എന്താണെന്നതിന് മരണം കൊണ്ട് പോലും ഉദാഹരണം എഴുതിയെന്ന് വാസ്തവം.

എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച ഹാസ്യങ്ങളിലൂടെ മലയാള സിനിമകളിൽ നിറ സാന്നിധ്യമായിക്കൊണ്ടിരിക്കുന്ന സമയത്താണ്, നെഞ്ചിലൊരു വിങ്ങലുണ്ടാക്കി അഭിനയത്തിന്റെ മറ്റൊരു തലവുമായി സംവിധായകൻ വിനയൻ മണിയെ അവതരിപ്പിക്കുന്നത്. 1999ൽ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിൽ അന്ധനായ 'കൊച്ചേട്ട'നായി കലാഭവൻ മണി തിരശീലയിൽ നിറഞ്ഞാടിയപ്പോൾ കണ്ണ് നിറയാതെ പോയ മലയാളികൾ ഉണ്ടാവില്ലെന്നുറപ്പാണ്. എന്ത് ഭാഗ്യക്കേടിന്റെ പേരിലായാലും മികച്ച നടനുള്ള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നഷ്ടപ്പെട്ടുവെന്ന വാർത്തയിൽ മലയാളികൾ വേദനിച്ചുവെങ്കിൽ അതിനു കാരണം അദ്ദേഹത്തിന്റെ പ്രകടന ഭംഗി തന്നെയാണ്. പിന്നീട് 2001ൽ 'കരുമാടികുട്ടനാ'യും വന്ന് ഉള്ളൊന്ന് നനച്ചാണ് മണി പോയത്. 2002ൽ പുറത്തിറങ്ങിയ 'വാൽക്കണ്ണാടി' എന്ന ചിത്രത്തിലെ മാനസികാരോഗ്യ പ്രശ്നമുള്ള കഥാപാത്രം, 2004 ൽ എത്തിയ 'കണ്ണിനും കണ്ണാടിക്കും' 2009 ലെ 'ആയിരത്തിൽ ഒരുവൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ നിസ്സഹായത നിറഞ്ഞ അഭിനയ മികവ് കാഴ്ച വെക്കുന്നതിലും മണിയെന്ന നടൻ വിജയിച്ചു. ഈ വർഷങ്ങൾക്കിടയിലെല്ലാം തന്നെ മലയാളത്തിലും തമിഴിയിലും കന്നഡത്തിലുമൊക്കെയായി വില്ലൻ കഥാപത്രങ്ങളിലൂടെയും തന്റെ കഴിവിനെ അടയാളപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. 2012 ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'അയാളും ഞാനും തമ്മിൽ' എന്ന ചിത്രത്തിലെ അച്ഛൻ കഥാപത്രത്തെ കൂടി അവതരിപ്പിച്ച് നമ്മെ ഞെട്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

മണൽ സ്വർണമാകുന്നുവെന്നും, ഊതിക്കാച്ചി പൊന്നുണ്ടാക്കിയെന്നുമൊക്കെയാണ് ഓരോ മികച്ച പ്രകടനങ്ങൾ വരുമ്പോഴും അഭിനേതാക്കളെ പ്രകീർത്തിച്ച് നൽകുന്ന അഭിനന്ദനം. ഇത്തരത്തിൽ അപ്രതീക്ഷിത പ്രകടനങ്ങളിലൂടെ കാണികളെ ഞെട്ടിച്ച നിരവധി കലാകാരന്മാരാൽ സമ്പുഷ്ടമാണ് മലയാള സിനിമ. ഇത്തരത്തിൽ ഏതെങ്കിലും ഒരു ഴോണറിൽ മാത്രം തങ്ങളുടെ കഴിവുകളെ ഒതുക്കാതെ മികച്ച കഥാപാത്രങ്ങളെയും അഭിനയ മുഹൂർത്തങ്ങളെയും സമ്മാനിച്ച നിരവധി അഭിനേതാക്കൾ മലയാളത്തിലുണ്ട്.

അന്തരിച്ച നടനും മുൻ പാർലമെന്റ് എംപിയുമായിരുന്ന ഇന്നസെന്റ് മലയാള സിനിമയ്ക്ക് നൽകിയ സംഭാവന വളരെ വലുതാണ്. കിട്ടുണ്ണിയായും, റോക്കിയായും, പോഞ്ഞിക്കരയായുമൊക്കെ നമ്മെ കുടുകുടെ ചിരിപ്പിച്ച ഇന്നച്ചന്റെ അച്ഛൻ കഥാപാത്രങ്ങൾ പലതും ഇത്തരത്തിൽ വളരെ ഇമോഷണലായിരുന്നു.

'പുലിവാൽ കല്യാണ'മെന്ന മുഴുനീളൻ ഹാസ്യ ചിത്രത്തിലെ മണവാളൻ ആയും പ്യാരി, കണ്ണൻ സ്രാങ്ക് തുടങ്ങിയ കഥാപത്രങ്ങളിലൂടെയും, സലിംകുമാറിനെ നാം ഓർത്തു വയ്ക്കാൻ ശ്രമിക്കുമ്പോഴും 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ തോറ്റുപോയ അച്ഛനായും, 'ആദം അബു'വിലെ നിസ്സഹായനായും മികച്ച നടനുള്ള പുരസ്‌കാരങ്ങൾ നേടിയ അഭിനയ മികവിനും ഉദാഹരണമാണ് സലിം കുമാർ.

പാരമ്പരാഗത തിരുവനന്തപുരം ശൈലിയിൽ സംസാരിച്ച് മലയാള സിനിമയിലേക്ക് കയറി വന്ന സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമുവെന്ന കഥാപാത്രത്തിന്റെ സ്റ്റിക്കർ ദിവസത്തിൽ ഒരു തവണയെങ്കിലും കടന്നു പോകാത്ത മലയാളി വാട്സാപ്പ് ഗ്രൂപ്പുകളോ, ചാറ്റുകളോ ഉണ്ടോ എന്നത് സംശയമാണ്. പക്ഷെ 2016 ൽ എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ ചിത്രം 'ആക്ഷൻ ഹീറോ ബിജു'വിലൂടെ സുരാജെന്ന നടന്റെ കരിയർ ഗ്രാഫ് തന്നെ തച്ചുടച്ച് വാർക്കപ്പെടുകയായിരുന്നു. വർഷങ്ങളോളം താൻ ഓമനിച്ചു വളർത്തിയ മകൾ തന്റേതല്ലെന്ന തിരിച്ചറിവിലെത്തുന്ന ഒരു അച്ഛൻ കടന്നു പോയേക്കാൻ സാധ്യതയുള്ള ക്രൂരവും വേദനാജനകവുമായ നിമിഷത്തെ സുരാജ് ഗംഭീരമായാണ് അവതരിപ്പിച്ചത്. കാണെക്കാണെ, ഒരു യമണ്ടൻ പ്രേമകഥ, ഫൈനൽസ്, വികൃതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമീപകാല മലയാള ചിത്രങ്ങളിൽ സുരാജ് കാഴ്ചവെക്കുന്ന പ്രകടനങ്ങളിൽ ഒന്നിനൊന്ന് മെച്ചമാണ്. പ്രത്യേകിച്ചും നാടൻ ആയാലും, സിവിലൈസ്ഡ് ആയാലും അച്ഛൻ കഥാപത്രങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ട്.

കുടക്കമ്പിയെന്നും, കൊക്കെന്നും, നീർക്കോലിയെന്നുമെല്ലാം പല തരത്തിലെ കളിയാക്കലുകളെയും മാറ്റി നിർത്തലുകളെയും അതിജീവിച്ച കലാകാരനാണ് ഇന്ദ്രൻസ്. എന്തെങ്കിലും ചെറിയ കഥാപത്രങ്ങളിലൂടെ ഒതുങ്ങി പോകേണ്ടിയിരുന്ന ഇന്ദ്രൻസ് മലയാള സിനിമയിലെ സ്വന്തം ബെഞ്ച് മാർക്ക് കുറിച്ച നടനാണ്. വസ്ത്രാലങ്കാരത്തിലൂടെ സിനിമയുടെ പിന്നണി പ്രവർത്തകനായി തുടങ്ങിയ ജീവിതം തിരശീലയ്ക്ക് മുൻപിൽ എത്തുമ്പോഴും അത്ര സുഖകരമായിരുന്നില്ലെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. 2016ൽ മനു സംവിധാനം ചെയ്ത 'മണ്ട്രോത്തുരുത്ത്' എന്ന ചിത്രത്തിലൂടെയാണ് അതുവരെ ചെയ്‌തിരുന്ന കഥാപത്രങ്ങളിൽ നിന്നും വ്യത്യസ്‍തമായി ഇന്ദ്രൻസ് എത്തുന്നത്. പിന്നീട് കാട് പൂക്കുന്ന നേരം, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ നിരവധി ചിത്രങ്ങളിലും അദ്ദേഹമെത്തി. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് 2018 ലെ മികച്ച നടനുള്ള സംസഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. 2020 ൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ക്രൈം ത്രില്ലർ ചിത്രം അഞ്ചാംപാതിരയിൽ ചെയ്ത റിപ്പർ എന്ന കാമിയോ കഥാപത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. 2021 ലെത്തിയ ഹോം എന്ന ചിത്രത്തിലെ പ്രകടനത്തെ നേർത്ത കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയില്ലായിരുന്നു.

English Summary: How Malayalam cinema’s comedy actors have delivered powerful emotional performances beyond humor, with films like Vaazha and Vaazha 2 showcasing this versatility. It also reflects on iconic performers like Kalabhavan Mani, Suraj Venjaramoodu, Salim Kumar, and Indrans, who proved their depth through memorable character roles.