മലയാള സിനിമയിൽ മികച്ച നടന്മാർ ഏറെയുണ്ട്. എന്നാൽ മികച്ച മനുഷ്യനായും സത്യസന്ധനായ കലാകാരനായും സഹപ്രവർത്തകരുടെയും പ്രേക്ഷകരുടെയും മനസ്സിൽ ഒരുപോലെ ഇടം നേടിയവർ വിരളമാണ്. ആ അപൂർവ പേരുകളിൽ മുൻനിരയിലുള്ള നടനാണ് മുരളി. അദ്ദേഹം മലയാള സിനിമയോട് വിടപറഞ്ഞിട്ട് ഇന്ന് പതിനേഴ് വർഷം പിന്നിടുമ്പോഴും ആ നടനവൈഭവത്തിന്റെ ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ല. അതിന് കാരണം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ മാത്രമല്ല, കലയെയും മനുഷ്യനെയും സമൂഹത്തെയും കുറിച്ച് അദ്ദേഹം പുലർത്തിയിരുന്ന ഉറച്ച കാഴ്ചപ്പാടുകളും ജീവിതത്തോടുള്ള സത്യസന്ധമായ സമീപനവുമാണ്.
കൊല്ലത്തെ കുടവട്ടൂരിൽ നിന്ന് ആരോഗ്യവകുപ്പിലെ എൽ ഡി ക്ലാർക്കായും പിന്നീട് സർവകലാശാല ജീവനക്കാരനായും ജീവിതം തുടങ്ങിയ മുരളിയുടെ യഥാർഥ സർവകലാശാല നാടകക്യാമ്പുകളായിരുന്നു. പ്രൊഫ നരേന്ദ്രപ്രസാദിന്റെ നാടകവേദിയിൽ നിന്നാണ് കഥാപാത്രങ്ങളെ പഠിക്കുന്നതും മനുഷ്യരെ നിരീക്ഷിക്കുന്നതും അഭിനയത്തെ ജീവിതാനുഭവവുമായി ചേർത്തുവായിക്കുന്നതും അദ്ദേഹം അഭ്യസിച്ചത്. അതുകൊണ്ടുതന്നെ സിനിമയിലെത്തിയപ്പോഴും മുരളി കഥാപാത്രങ്ങളെ അഭിനയിക്കുകയല്ല, മറിച്ച് ജീവിക്കുകയായിരുന്നു.
പഞ്ചാഗ്നിയിലെ പ്രതിനായകനിൽ നിന്ന് അമരത്തിലെ കൊച്ചുരാമനിലേക്കും, ആധാരത്തിലെ ബാപ്പൂട്ടിയിൽ നിന്ന്, വെങ്കലത്തിലെ ഗോപാലൻ മൂശാരിയിലേക്കും, ഒടുവിൽ നെയ്ത്തുകാരനിലെ അപ്പു മേസ്തിരിയിലേക്കുമുള്ള മുരളിയുടെ യാത്രയിൽ ഒരു കാര്യം വ്യക്തമാണ്. നായകന് സിനിമയിൽ ലഭിക്കുന്ന തിളക്കമല്ല, മനുഷ്യരുടെ സങ്കീർണതയായിരുന്നു മുരളിയെ ആകർഷിച്ചത്. അതുകൊണ്ടുതന്നെ കരുത്തും നിസ്സഹായതയും, പരുക്കൻ സ്വഭാവവും, സ്നേഹവും, കോപവും കരുണയും ഒരേ കഥാപാത്രത്തിൽ അതിസ്വാഭാവികമായി ഇഴചേർക്കാൻ മുരളിക്ക് കഴിഞ്ഞു. അതായിരുന്നു അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
അതുകൊണ്ടുതന്നെ 2002ലെ നെയ്ത്തുകാരൻ അദ്ദേഹത്തിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തപ്പോൾ അത് ഒരു മികച്ച പ്രകടനത്തിനുള്ള അംഗീകാരം മാത്രമായിരുന്നില്ല. കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നതിന് ആ നടന് ലഭിച്ച അംഗീകാരമായിരുന്നു.
എന്നാൽ മുരളിയെ വേറിട്ടുനിർത്തുന്നത് അഭിനയം മാത്രമല്ല, അഭിനയത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പഠിക്കാനുമുള്ള ആവേശമായിരുന്നു. അഭിനയത്തെക്കുറിച്ച് പുസ്തകങ്ങൾ എഴുതി. സാഹിത്യം വായിച്ചു. കുമാരനാശാനെക്കുറിച്ച് ഗവേഷണാത്മകമായി എഴുതി. ഒരു നടൻ, സംവിധായകന്റെ നിർദേശങ്ങൾ മാത്രം അനുസരിക്കുന്ന ആളല്ലെന്നും, കഥാപാത്രത്തെ സൃഷ്ടിക്കുന്ന പ്രക്രിയയിലെ സജീവ പങ്കാളിയാണെന്നും അദ്ദേഹം അഭിമുഖങ്ങളിൽ ആവർത്തിച്ച് പറഞ്ഞു. അങ്ങനെ അഭിനയത്തെ ഒരു നിരന്തരമായ പഠനമായി കണ്ട കലാകാരനായിരുന്നു മുരളി.
അഭിനയം പോലെ തന്നെ രാഷ്ട്രീയവും അദ്ദേഹത്തിന് മറ്റൊരു വേഷം മാത്രമല്ലായിരുന്നു മറിച്ച്, ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇടതുപക്ഷ ആശയങ്ങളിൽ വിശ്വസിച്ചിരുന്ന മുരളി 1999ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. എന്നാൽ ആ തോൽവി അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ മാറ്റിയില്ല. തിരഞ്ഞെടുപ്പിൽ മത്സരിച്ചത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും, സാമൂഹിക ഉത്തരവാദിത്തത്തിന്റെ തുടർച്ചയായിട്ടാണ് അതിനെ കണ്ടതെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അധികാരത്തേക്കാൾ ആശയങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതിബദ്ധത.
സിനിമ സഹപ്രവർത്തകരുടെ ഓർമ്മകളിലും തെളിയുന്നത് ഇതേ മനുഷ്യനെയാണ്. സംവിധായകൻ പ്രിയനന്ദനൻ ഒരിക്കൽ പറഞ്ഞത്, "മുരളിയില്ലായിരുന്നെങ്കിൽ പ്രിയനന്ദനൻ എന്ന സംവിധായകൻ ഉണ്ടാകുമായിരുന്നില്ല" എന്നാണ്. 'നെയ്ത്തുകാരൻ' എന്ന തന്റെ ആദ്യ സിനിമയ്ക്കുവേണ്ടി വിശ്വസിച്ച് ഒപ്പം നിന്ന നടനായിരുന്നു മുരളി. പുതിയ സംവിധായകരിൽ വിശ്വാസം അർപ്പിക്കാനും സിനിമയുടെ വിജയത്തേക്കാൾ സൃഷ്ടിയുടെ സത്യസന്ധതയിൽ നിലകൊള്ളാനുമുള്ള മുരളിയുടെ മനോഭാവമാണ് ആ വാക്കുകളിൽ പ്രതിഫലിക്കുന്നത്.
വിഷയം മുരളിയാണെങ്കിൽ, പലരും ഒരു കാര്യം പ്രത്യേകം പറയാറുണ്ട്. സിനിമ സെറ്റിൽ അദ്ദേഹം ഒരിക്കലും ഒരു "സ്റ്റാർ" ആയിരുന്നില്ല. വായനയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും നാടകത്തെക്കുറിച്ചും മണിക്കൂറുകളോളം സംസാരിക്കുന്ന, പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, ഓരോ കഥാപാത്രത്തെയും പുതുതായി സമീപിക്കുന്ന ഒരു സഹപ്രവർത്തകനായിരുന്നു. മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ താരപദവിയെ പുതിയ ഉയരങ്ങളിലെത്തിച്ച കാലത്താണ് മുരളി തന്റേതായ ഇടം അതിൽ കണ്ടെത്തിയത്. എന്നാൽ ഒരു താരമാകാനായിരുന്നില്ല അദ്ദേഹത്തിന്റെ ശ്രമം. ഓരോ സിനിമയിൽ നിന്നും പ്രേക്ഷകൻ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന കഥാപാത്രമാകാനായിരുന്നു ശ്രമം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ ഇന്നും മലയാളിയുടെ ഓർമ്മയിൽ അതേ തീവ്രതയോടെ ജീവിക്കുന്നത്.
അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങൾ ഇന്നും ഓർമിക്കപ്പെടുന്നത് അവ മികച്ച പ്രകടനങ്ങളായതുകൊണ്ട് മാത്രമല്ല, അവയിൽ ഓരോന്നിലും ഒരോ മനുഷ്യ ജീവിതങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ്. പതിനേഴ് വർഷങ്ങൾക്കിപ്പുറവും മലയാള സിനിമ, കലയോടും ആശയങ്ങളോടും ജീവിതത്തോടും ഒരുപോലെ നീതിപുലർത്തിയ ഒരു സമ്പൂർണ കലാകാരനായാണ് മുരളിയെ ഓർക്കുന്നത്.
Seventeen years after his passing, Murali remains one of Malayalam cinema's most respected actors. Beyond his unforgettable performances, he was admired for his integrity, political convictions, intellectual depth, and commitment to realistic acting. This feature explores Murali's legacy as an artist, thinker, and socially conscious individual.