Entertainment Special

രാമൻ വീണപ്പോൾ വാൾ എടുത്തവൾ; സീത ചിന്താവിഷ്ട മാത്രമല്ല

നിതീഷ് തിവാരിയുടെ രാമായണത്തിലെ പുതിയ രൂപത്തിന് പിന്നിൽ മറ്റൊരു രാമായണ കഥയുണ്ടോ?

Kousalya Murugan

കരുണയുടെയും സ്നേഹത്തിന്റെയും ക്ഷമയുടെയും പ്രതീകമായി മലയാളികൾ ഉൾപ്പെടെയുള്ള പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച കഥാപാത്രമാണ് സീതാദേവി. എന്നാൽ നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രാമായണത്തിൽ സായി പല്ലവി അവതരിപ്പിക്കുന്ന സീതയുടെ രൂപം ഇതിൽനിന്ന് ഏറെ വ്യത്യസ്തമാണ്. രാക്ഷസന്മാരോട് നേരിട്ട് യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവായാണ് ചിത്രത്തിൽ സീതയെ അവതരിപ്പിക്കുന്നതെന്ന സൂചനകൾ പുറത്തുവന്നതോടെ വലിയ ചർച്ചകളും വിമർശനങ്ങളുമാണ് ഉയരുന്നത്.

നമ്മൾ ഇതുവരെ കണ്ടും കേട്ടും വളർന്ന സീതയുടെ രൂപത്തിൽനിന്നുള്ള ഈ മാറ്റം സ്വാഭാവികമായും പ്രേക്ഷകരിൽ കൗതുകമുണ്ടാക്കുന്നുണ്ട്. എന്നാൽ സീതാദേവി യുദ്ധം ചെയ്യുന്ന കഥകൾ രാമായണ പാരമ്പര്യത്തിൽ ഉണ്ടായിരുന്നില്ലേ എന്നതാണ് ഇവിടെ പരിശോധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. സീതയെ ഒരു യോദ്ധാവായി അവതരിപ്പിക്കുന്നത് സംവിധായകന്റെ ഭാവന മാത്രമാണോ, അതോ ഇതിഹാസത്തിന്റെ മറ്റൊരു പാഠഭേദത്തിൽ ഇത്തരമൊരു കഥാപാത്രസങ്കൽപ്പം നിലനിൽക്കുന്നുണ്ടോ?

നമ്മൾ പൊതുവെ പരിചയിച്ചിട്ടുള്ള രാമായണ കഥകളിൽ സീതാദേവി യുദ്ധഭൂമിയിൽ ആയുധമെടുത്ത് പോരാടുന്ന കഥാപാത്രമല്ല. രാമനോടൊപ്പം വനവാസത്തിന് പോകുകയും രാവണന്റെ തടവിൽ കഴിയുമ്പോഴും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന സീതയെയാണ് സാധാരണയായി കാണുന്നത്. സ്നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമായാണ് ഈ കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്.

എന്നാൽ രാമായണം എന്നത് ഒരൊറ്റ കഥയിൽ ഒതുങ്ങുന്ന ഇതിഹാസമല്ല. നൂറ്റാണ്ടുകളായി വിവിധ ഭാഷകളിലും പ്രദേശങ്ങളിലും വ്യത്യസ്തമായ രീതികളിലാണ് രാമായണം പുനരാഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത്. എ.കെ. രാമാനുജന്റെ പ്രശസ്തമായ 'Three Hundred Ramayanas' എന്ന പഠനം ഈ വൈവിധ്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. വാത്മീകി രാമായണത്തിന് പുറമെ നിരവധി പ്രാദേശികവും പ്രാദേശികേതരവുമായ രാമായണ പാരമ്പര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഓരോ കാലഘട്ടത്തിലും ഓരോ സമൂഹവും തങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ കാഴ്ചപ്പാടുകൾക്കനുസരിച്ച് രാമായണത്തെ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ സീതാദേവിയെ ശക്തിസ്വരൂപിണിയായും യോദ്ധാവായും അവതരിപ്പിക്കുന്ന പ്രധാന കൃതികളിലൊന്നാണ് 'അത്ഭുത രാമായണം'. പേരുപോലെ തന്നെ നിരവധി അത്ഭുതകരമായ സംഭവങ്ങൾ ഉൾക്കൊള്ളുന്ന സംസ്കൃത കൃതിയാണ് അത്ഭുത രാമായണം. വാത്മീകി രാമായണത്തിൽനിന്ന് വ്യത്യസ്തമായി 27 സർഗങ്ങൾ മാത്രമുള്ള ഈ കൃതിയുടെ അവസാന ഭാഗത്താണ് സീതയുടെ ശക്തി വെളിപ്പെടുത്തുന്ന ശ്രദ്ധേയമായ യുദ്ധകഥയുള്ളത്. പത്ത് തലയുള്ള രാവണനെ വധിച്ച് രാമൻ അയോധ്യയിൽ തിരിച്ചെത്തിയ ശേഷമാണ് ഈ കഥ ആരംഭിക്കുന്നത്. എന്നാൽ ഇവിടെ രാമൻ നേരിടേണ്ടിവരുന്നത് സാധാരണയായി നമുക്ക് പരിചിതനായ രാവണനേക്കാൾ ശക്തനായ മറ്റൊരു അസുരനെയാണ്. സഹസ്ര രാവണൻ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ആയിരം തലകളും അയ്യായിരം കൈകളുമുള്ള സഹസ്ര രാവണൻ പുഷ്കര ദ്വീപിലാണ് വസിക്കുന്നത്.

ഈ അസുരനെക്കുറിച്ച് രാമനോട് പറയുന്നത് സീതാദേവി തന്നെയാണ്. തുടർന്ന് സഹസ്ര രാവണനെ നേരിടുന്നതിനായി രാമനും വാനരസൈന്യവും യാത്ര തിരിക്കുന്നു. സീതയും അവരോടൊപ്പം യുദ്ധത്തിനായി പുറപ്പെടുന്നുണ്ട്. എന്നാൽ യുദ്ധം ആരംഭിക്കുന്നതോടെ സ്ഥിതിഗതികൾ മാറുന്നു. സഹസ്ര രാവണൻ പ്രയോഗിക്കുന്ന ഒരസ്ത്രത്തിന്റെ ശക്തിയിൽ രാമന്റെ സൈന്യം മുഴുവൻ യുദ്ധഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്നു. ഒടുവിൽ രാമനും സീതയും മാത്രമാണ് അവിടെ അവശേഷിക്കുന്നത്. സഹസ്ര രാവണനെ നേരിടാൻ രാമൻ തന്നെ മുന്നിട്ടിറങ്ങുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ബ്രഹ്മാസ്ത്രം പോലും അസുരനെ പരാജയപ്പെടുത്തുന്നില്ല. ഒടുവിൽ സഹസ്ര രാവണന്റെ അസ്ത്രമേറ്റ് രാമൻ ബോധരഹിതനായി വീഴുന്നു. ഇതോടെയാണ് കഥയിലെ ഏറ്റവും നിർണായകമായ സംഭവമുണ്ടാകുന്നത്. രാമൻ ബോധരഹിതനായി കിടക്കുന്നത് കണ്ട സീതാദേവി തന്റെ സാധാരണ രൂപം ഉപേക്ഷിച്ച് മഹാകാളിയുടെ ഉഗ്രരൂപം സ്വീകരിക്കുന്നു. നാല് കൈകളും തലയോട്ടിമാലയും വാളും കപാലവുമുള്ള ഭീകരരൂപത്തിൽ സഹസ്ര രാവണന്റെ മുന്നിലെത്തുന്ന സീത, അവന്റെ ആയിരം തലകളും വെട്ടിമാറ്റി വധിക്കുന്നു. അതായത്, അത്ഭുത രാമായണത്തിലെ ഈ യുദ്ധത്തിൽ നിർണായക വിജയം നേടുന്നത് രാമനല്ല, സീതാദേവിയാണ്. രാക്ഷസന്മാരെ മുഴുവൻ വധിച്ചശേഷം ദേവിയുടെ ഉഗ്രകോപം കണ്ട് ദേവന്മാർ പോലും ഭയപ്പെടുന്നു. സീതയുടെ കോപം തുടർന്നാൽ ലോകം തന്നെ നശിച്ചുപോകുമെന്ന ആശങ്കയാണ് അവർക്കുള്ളത്.

തുടർന്ന് ബ്രഹ്മാവും മറ്റു ദേവന്മാരും ഇടപെട്ട് രാമനെ ബോധത്തിലേക്ക് തിരികെ കൊണ്ടുവരുകയും സീതയുടെ യഥാർത്ഥ ശക്തിയെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്യുന്നു. സീത വെറുമൊരു രാജകുമാരിയോ രാമന്റെ ഭാര്യയോ മാത്രമല്ലെന്നും പ്രപഞ്ചത്തിന്റെ മൂലശക്തിയായ ദേവിയാണെന്നുമുള്ള ആശയമാണ് ഈ കഥ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ അത്ഭുത രാമായണത്തിലെ ഈ കഥ വാത്മീകി രാമായണത്തിൽ ഉൾപ്പെട്ടതല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യത്യസ്തമായ ഒരു രാമായണ പാരമ്പര്യമാണ് അത്ഭുത രാമായണം. അതിന്റെ രചനാകാലത്തെയും കർത്തൃത്വത്തെയും സംബന്ധിച്ച് പഠനങ്ങളിൽ വ്യത്യസ്തമായ ചർച്ചകളുമുണ്ട്. അതിനാൽ ഈ കഥയെ വാത്മീകി രാമായണത്തിലെ സംഭവമായി അവതരിപ്പിക്കാനാവില്ല.

അത്ഭുത രാമായണത്തിൽ മാത്രമല്ല, മറ്റു ചില രാമായണ പാരമ്പര്യങ്ങളിലും സീത യുദ്ധം ചെയ്യുന്ന കഥകൾ കാണാം. തമിഴ് പാരമ്പര്യത്തിലെ ശതകണ്ഠ രാവണന്റെ കഥയിൽ സീത രാവണനെ വധിക്കുന്നതായി പ്രതിപാദിക്കുന്നുണ്ട്. ഒഡീഷയിലെ കവി സരളാദാസിന്റെ 'ബിലങ്ക രാമായണം' എന്ന കൃതിയിലും സമാനമായ കഥാപശ്ചാത്തലം കാണാം. ഇത്തരം കഥകൾ രാമായണ പാരമ്പര്യത്തിൽ സീതയുടെ കഥാപാത്രത്തിന് വ്യത്യസ്തമായ ഭാവങ്ങളും ശക്തികളും നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ സീതയെ ഒരു യോദ്ധാവായി അവതരിപ്പിക്കുന്നതിനെ പൂർണമായും പുതിയൊരു സങ്കൽപ്പമായി കാണാനാകില്ല.

ഇനി വാത്മീകി രാമായണത്തിലേക്ക് വരുമ്പോൾ കുറച്ചുകൂടി വ്യത്യസ്തമായ സീതയെയാണ് കാണാനാകുന്നത്. അവിടെ സീത നേരിട്ട് ആയുധമെടുത്ത് രാക്ഷസന്മാരോട് യുദ്ധം ചെയ്യുന്നില്ല. ഖരനും ദൂഷണനും പതിനാലായിരം രാക്ഷസന്മാരുമായി ആക്രമിക്കാനെത്തുമ്പോൾ സീതയെ സുരക്ഷിതമായ ഗുഹയിലേക്ക് മാറ്റുകയാണ് രാമൻ ചെയ്യുന്നത്. തുടർന്ന് രാമൻ ഒറ്റയ്ക്കാണ് രാക്ഷസന്മാരെ നേരിടുന്നത്. എന്നാൽ ഇതുകൊണ്ട് സീതയ്ക്ക് വീരത്വമില്ലെന്ന് അർത്ഥമാക്കാനാവില്ല. രാവണൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ സീത സ്വീകരിക്കുന്ന നിലപാടുകൾ തന്നെ ഇതിന് ഉദാഹരണമാണ്. രാവണന്റെ ശക്തിയിലും അധികാരത്തിലും ഭയന്ന് കീഴടങ്ങുന്ന സ്ത്രീയെയല്ല വാത്മീകി അവതരിപ്പിക്കുന്നത്. മറിച്ച്, രാവണനെ നേരിട്ട് വെല്ലുവിളിക്കുകയും അവന്റെ പ്രവൃത്തികളെ ശക്തമായി എതിർക്കുകയും ചെയ്യുന്ന സീതയെയാണ് കാണാനാകുന്നത്.

'നീ ഒരു പെൺസിംഹത്തെയാണ് മോഹിക്കുന്നത്' എന്ന അർത്ഥത്തിൽ രാവണനെ വെല്ലുവിളിക്കുന്ന സീതയുടെ വാക്കുകൾ അവളുടെ ആത്മവിശ്വാസവും ധൈര്യവും വ്യക്തമാക്കുന്നുണ്ട്. അശോകവനത്തിൽ തടവിൽ കഴിയുമ്പോഴും രാവണന്റെ ഭീഷണികൾക്ക് മുന്നിൽ അവൾ വഴങ്ങുന്നില്ല. രാമനിൽനിന്ന് തന്നെ വേർപെടുത്താൻ രാവണന് കഴിയില്ലെന്ന് ഉറച്ചുപറയുന്ന സീത, തന്റെ തപോബലംകൊണ്ട് രാവണനെ ചാരമാക്കാൻ പോലും കഴിയുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇവിടെ സീതയുടെ ശക്തി ആയുധങ്ങളിലല്ല. അവളുടെ ആത്മാഭിമാനത്തിലും മാനസികമായ കരുത്തിലും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യത്തിലുമാണ്. അതായത്, ഒരു സ്ത്രീയുടെ വീരത്വം ആയുധമെടുത്ത് യുദ്ധം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്ന സന്ദേശമാണ് വാത്മീകി രാമായണത്തിലെ സീതയുടെ കഥാപാത്രം നൽകുന്നത്.

രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളെ മറ്റൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച നിരവധി സാഹിത്യകൃതികളും പിന്നീട് പുറത്തുവന്നിട്ടുണ്ട്. സീതയുടെ കാഴ്ചപ്പാടിലൂടെ രാമായണത്തെ അവതരിപ്പിക്കുന്ന 'സീതാസ് രാമായണ ' എന്ന ഗ്രാഫിക് നോവലും വോൾഗയുടെ 'ദി ലിബറേഷൻ ഓഫ് സീത ' എന്ന കൃതിയും ഇതിന് ഉദാഹരണങ്ങളാണ്. രാമായണത്തിൽ സാധാരണയായി പിന്നണിയിലേക്ക് മാറ്റിനിർത്തപ്പെടുന്ന സ്ത്രീകഥാപാത്രങ്ങളുടെ അനുഭവങ്ങൾക്കും ചിന്തകൾക്കും ശബ്ദം നൽകുകയാണ് ഇത്തരം കൃതികൾ ചെയ്യുന്നത്. സീതയെ കേവലം രാമന്റെ ഭാര്യ എന്ന നിലയിൽ മാത്രം കാണാതെ സ്വന്തം വ്യക്തിത്വവും നിലപാടുകളും ശക്തിയുമുള്ള കഥാപാത്രമായി അവതരിപ്പിക്കുന്നതാണ് ഇവയുടെ പ്രത്യേകത.

സായി പല്ലവി അവതരിപ്പിക്കുന്ന സീതയുടെ പുതിയ രൂപത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഈ വ്യത്യസ്തമായ രാമായണ പാരമ്പര്യങ്ങൾക്കും പ്രാധാന്യമുണ്ട്. സീതയെ ഒരു യോദ്ധാവായി അവതരിപ്പിക്കുന്നതുകൊണ്ടുമാത്രം അത് രാമായണത്തിന് വിരുദ്ധമാണെന്ന് പറയാനാകില്ല. അതേസമയം, സിനിമ ഏത് രാമായണ പാഠഭേദത്തെയാണ് അടിസ്ഥാനമാക്കുന്നത്, കഥാപാത്രത്തിന്റെ രൂപത്തിലും സ്വഭാവത്തിലും എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നത് തുടങ്ങിയ ചോദ്യങ്ങളും പ്രസക്തമാണ്. നമ്മൾ മനസ്സിൽ സൂക്ഷിക്കുന്ന സീത സ്നേഹത്തിന്റെയും ക്ഷമയുടെയും ആത്മാഭിമാനത്തിന്റെയും പ്രതീകമാണ്. എന്നാൽ അത്ഭുത രാമായണത്തിൽ അവൾ പ്രപഞ്ചത്തെപ്പോലും സംരക്ഷിക്കാൻ ശേഷിയുള്ള മഹാശക്തിയാണ്. ഈ രണ്ട് സങ്കൽപ്പങ്ങളും പരസ്പരം വിരുദ്ധമാകണമെന്നില്ല. വ്യത്യസ്തമായ രാമായണ പാരമ്പര്യങ്ങളിൽ ഒരേ കഥാപാത്രത്തിന് വ്യത്യസ്തമായ ഭാവങ്ങൾ ഉണ്ടായിരിക്കാമെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സീതയുടെ ശക്തി അവൾ കൈയിൽ പിടിക്കുന്ന ആയുധത്തിൽ മാത്രം ഒതുങ്ങുന്നതല്ല. അവൾ സ്വീകരിക്കുന്ന നിലപാടുകളിലും പ്രതിസന്ധികളെ നേരിടുന്ന രീതിയിലും സ്വന്തം ആത്മാഭിമാനം സംരക്ഷിക്കുന്നതിലുമെല്ലാം ആ ശക്തി പ്രകടമാണ്. അതുകൊണ്ടുതന്നെ നിതീഷ് തിവാരിയുടെ രാമായണത്തിലെ സീതയുടെ പുതിയ രൂപം ഒരു സിനിമാറ്റിക് പരീക്ഷണം എന്നതിലുപരി, രാമായണത്തിലെ സീത എന്ന കഥാപാത്രത്തെക്കുറിച്ചുള്ള മറ്റൊരു ചർച്ചയ്ക്കും വഴിതുറക്കുകയാണ്.

Sai Pallavi’s warrior-like portrayal of Sita in Nitesh Tiwari’s Ramayana has sparked debate. However, the Adbhuta Ramayana portrays Sita as a fierce divine warrior who defeats Sahasra Ravana when Rama falls unconscious. The article explores different Ramayana traditions and their varied interpretations of Sita’s strength and identity.