Environment

എൽ നിനോ ഭീഷണി; അടുത്ത വർഷത്തോടെ 5 കോടി ജനങ്ങൾ കൂടി കടുത്ത പട്ടിണിയിലേക്ക്

നിലവിൽ 45 രാജ്യങ്ങളിലായി ഏകദേശം 22.5 കോടി ജനങ്ങൾ കടുത്ത ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നേരിടുന്നുണ്ട്

Madism Desk

അടുത്ത വർഷം അവസാനത്തോടെ എൽ നിനോ കാലാവസ്ഥാ വ്യതിയാനം കാരണം ലോകമെമ്പാടുമായി ഏകദേശം അഞ്ച് കോടി ആളുകൾ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ മുന്നറിയിപ്പ്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ വർഷങ്ങളായി തുടരുന്ന വരൾച്ചയും ഇറാനിലെ യുദ്ധം കാരണം ഭക്ഷ്യവിലയിലുണ്ടായ വൻ വർധനവും കാരണം ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാണ്. ഇതിന് പുറമെയാണ് ലോകത്തിന് വെല്ലുവിളിയായി പുതിയ കാലാവസ്ഥാ ഭീഷണിയും.

നിലവിൽ 45 രാജ്യങ്ങളിലായി ഏകദേശം 22.5 കോടി ജനങ്ങൾ കടുത്ത ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നേരിടുന്നുണ്ട്. എൽ നിനോയുടെ ആഘാതം ഈ സംഖ്യയിൽ 20 ശതമാനത്തിലധികം വർധനവ് ഉണ്ടാക്കുമെന്നാണ് ദ ഗാർഡിയൻ പത്രത്തിലെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കാൻ പോകുന്നത് മധ്യ-ദക്ഷിണ അമേരിക്ക, കരീബിയൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക എന്നീ പ്രദേശങ്ങൾ ആയിരിക്കും. ഡബ്ല്യൂഎഫ്‌പിയുടെ റിപ്പോർട്ട് പ്രകാരം തെക്ക്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മഴയുടെ ലഭ്യത ഗണ്യമായി കുറയുമെന്നും ഇത് കാർഷിക മേഖലയെയും കർഷകരെയും ഗുരുതരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ പ്രതിഭാസം ഇത്തവണ കഴിഞ്ഞ 70 വർഷങ്ങളിലെ ഏറ്റവും ശക്തമായ രൂപത്തിലാകും അനുഭവപ്പെടുക. ഇതൊരു സൂപ്പർ എൽ നിനോ ആയിരിക്കുമെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ആഗോള താപനത്തോടൊപ്പം എൽ നിനോ കൂടിയാകുമ്പോൾ ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന വർഷമായി ഈ വർഷമോ അടുത്തവർഷമോ മാറാൻ സാധ്യതയുണ്ട്.

അടിയന്തര സാഹചര്യം നേരിടുന്നതിനായി ലോക ഭക്ഷ്യ പദ്ധതി മുൻകരുതൽ നടപടികൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ഏകദേശം എട്ട് കോടി ഡോളർ വകയിരുത്തിയിട്ടുണ്ട്. എങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കും. കാർഷിക വിളവെടുപ്പ് കുറയുന്നത് കർഷകരുടെ ഭക്ഷ്യശേഖരത്തെ സാരമായി ബാധിക്കും. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിൽ ഈ വർഷം ഒക്ടോബർ മുതൽ 2027 മാർച്ച് വരെയാണ് പ്രധാന കൃഷി സീസൺ എങ്കിലും ഇതിന്റെ ഏറ്റവും രൂക്ഷമായ പ്രത്യാഘാതങ്ങൾ അനുഭവപ്പെടുക 2027-2028 കാലയളവിലായിരിക്കുമെന്ന് ഡബ്ല്യുഎഫ്പിയുടെ കാലാവസ്ഥാ വിഭാഗം ഡയറക്ടർ റിച്ചാർഡ് ചൗലാർട്ടൺ വ്യക്തമാക്കി. മുൻവർഷത്തെ മികച്ച വിളവെടുപ്പ് കർഷകർക്ക് അല്പം ആശ്വാസം നൽകിയേക്കാമെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഭക്ഷ്യവിലയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

2015-16 കാലഘട്ടത്തിലുണ്ടായ എൽ നിനോ പ്രതിഭാസത്തിൽ ലോകത്ത് 6 കോടി മുതൽ 10 കോടി വരെ ആളുകളെയാണ് കടുത്ത ഭക്ഷ്യപ്രതിസന്ധി ബാധിച്ചത്. അന്ന് ഡബ്ല്യുഎഫ്പിക്ക് കൃത്യമായ മുൻകരുതൽ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തമായതിനാൽ വലിയൊരു ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. എങ്കിലും കാലാവസ്ഥാ വ്യതിയാനം കാരണം ആഗോളതലത്തിൽ ഭക്ഷ്യവില വീണ്ടും കുതിച്ചുയരാൻ സാധ്യതയുണ്ട്. ഭക്ഷ്യ കയറ്റുമതി ചെയ്യുന്ന വലിയ രാജ്യങ്ങൾ പ്രതിസന്ധിഘട്ടത്തിൽ കയറ്റുമതി നിർത്തിവെക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡബ്ല്യുഎഫ്പി ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലും ബ്രിട്ടനിലും കടുത്ത ചൂടും മഴക്കുറവും മൂലം കാർഷിക വിളകളെ ബാധിക്കുന്നതിനാൽ അവിടെയും വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

The UN's World Food Programme warns that the rapidly developing El Niño could push an additional 50 million people into acute hunger by the end of next year, compounding existing crises like droughts in Africa and high food prices. This strong El Niño, potentially the worst in 70 years, will primarily impact Central and South America, the Caribbean, and Southern Africa. While South and Southeast Asia will likely face reduced rainfall, exacerbating agricultural challenges. Anticipatory relief efforts are being prepared, but the consequences on global food security and prices are expected to be severe, particularly during the 2027-2028 lean seasons.