പ്രായമേറുന്തോറും പ്രകൃതിയിലെ മാറ്റങ്ങളെയും കടുത്ത കാലാവസ്ഥയെയും അതിജീവിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശേഷി കുറഞ്ഞുവരിക എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ, ദിനംപ്രതി വർധിച്ചുവരുന്ന ആഗോളതാപനവും അസഹനീയമായ കൊടുംചൂടും നമ്മുടെ മുതിർന്ന പൗരന്മാരെ എത്രത്തോളം ഗുരുതരമായാണ് ബാധിക്കുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ശാസ്ത്രലോകം മുൻപ് കണക്കാക്കിയിരുന്നതിലും വലിയ ആരോഗ്യ ഭീഷണിയാണ് 60 വയസ്സിന് മുകളിലുള്ളവരിൽ അത്യുഷ്ണം സൃഷ്ടിക്കുന്നതെന്ന് പുതിയ പഠനങ്ങൾ അടിവരയിടുന്നു. ആഗോള താപനിലയിലുണ്ടാകുന്ന നേരിയ വർധനവ് പോലും പ്രായമായരുടെ ജീവന് കടുത്ത വെല്ലുവിളി ഉയർത്തുകയും അവരുടെ വാർധക്യകാലം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുന്ന സങ്കീർണമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ആരോഗ്യ വിദഗ്ധർ, ദ ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വളരെ ഗൗരവമേറിയ വിവരങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ചൂട് കൂടുമ്പോൾ ശരീരം വിയർപ്പിലൂടെ തണുപ്പിക്കാൻ ശ്രമിക്കും. എന്നാൽ പ്രായം കൂടുംതോറും ഈ സ്വാഭാവിക പ്രക്രിയ മന്ദഗതിയിലാകും. പ്രായമായവർക്ക് വിയർക്കാൻ ബുദ്ധിമുട്ടാണ്, അതുപോലെ തന്നെ രക്തക്കുഴലുകൾ വികസിച്ച് ചൂട് പുറന്തള്ളാനുള്ള കഴിവും കുറയുന്നു. അതുകൊണ്ട് തന്നെ ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിന്റെ താപനില നിയന്ത്രിച്ചു നിർത്താൻ അവരുടെ ഹൃദയത്തിന് കൂടുതൽ പണിപ്പെടേണ്ടി വരും. ശരീരത്തിന് സ്വന്തമായി തണുപ്പിക്കാൻ കഴിയാതെ വരുന്ന ഈ അവസ്ഥയെ 'അൺകോമ്പൻസേറ്റബിൾ ഹീറ്റ് സ്ട്രെസ്സ്' (UHS) എന്നാണ് വിളിക്കുന്നത്.
മുൻകാലങ്ങളിൽ ചൂടിനെ അതിജീവിക്കാനുള്ള ശേഷി കണക്കാക്കിയിരുന്നത് യുവാക്കളെ അടിസ്ഥാനമാക്കിയായിരുന്നു. അതുകൊണ്ടുതന്നെ പ്രായമായവർ നേരിടുന്ന ഹൃദയാഘാതം ഉൾപ്പെടെയുള്ള വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണകൾ ആർക്കുമുണ്ടായിരുന്നില്ല. എന്നാൽ, യുവാക്കൾക്ക് 4 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില വ്യതിയാനം താങ്ങാൻ കഴിയുമ്പോൾ, മുതിർന്നവർക്ക് വെറും 1.5 ഡിഗ്രി സെൽഷ്യസ് താപനില കൂടിയാൽ പോലും മാരകമായ ഹീറ്റ് സ്ട്രെസ്സ് ഉണ്ടാകാമെന്നാണ് പുതിയ കണ്ടെത്തൽ.
അപകടസാധ്യതയുള്ള ഇന്ത്യയിലെ പ്രായമായവരും
2050ഓടെ ലോകത്ത് 60 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യ ഇരട്ടിയായി 210 കോടിയാകുമെന്നാണ് കണക്കാക്കുന്നത്. അതായത്, വരും വർഷങ്ങളിൽ ചൂട് കാരണം ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന പ്രായമായവരുടെ എണ്ണം വളരെ വലുതായിരിക്കും എന്നാണ്. ഇന്ത്യ, പാകിസ്താൻ തുടങ്ങിയ ഇടത്തരമോ, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ചൂട് കൂടുന്ന ഓരോ ഡിഗ്രിയിലും ഏകദേശം 10 ലക്ഷം പേർക്ക് പ്രതിവർഷം 180 മണിക്കൂറെങ്കിലും ഇത്തരം കഠിനമായ താപനില അനുഭവിക്കേണ്ടി വരും. ഈ ഭാരം ഏറ്റവും കൂടുതൽ പേറേണ്ടിവരുന്നത് പ്രായമായവരായിരിക്കും.
യുകെയിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ വേനൽക്കാലത്ത് തുടർച്ചയായ ഉഷ്ണതരംഗങ്ങൾ കാരണം അവിടെയുണ്ടയ മരണങ്ങൾ ഇരട്ടിയോളമായി വർധിച്ചിരുന്നു. പ്രായമായവർ പലപ്പോഴും നിർജലീകരണം സംഭവിച്ചോ അല്ലെങ്കിൽ ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ അസുഖങ്ങൾ വഷളായോ ആണ് ആശുപത്രികളിലെത്തുന്നത്. ചൂടുമൂലം ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള കഴിവ് കുറയുമ്പോൾ, ഇത്തരം ഒന്നിലധികം രോഗങ്ങൾ ഒന്നിച്ച് ചികിത്സിക്കുക എന്നത് ആരോഗ്യ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ്.
താപനില ഇനിയും ഉയർന്നാൽ, ഭൂമധ്യരേഖാ പ്രദേശങ്ങളിലും മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലും പ്രായമായവർക്ക് പുറത്തിറങ്ങാൻ പോയിട്ട് വീടിനുള്ളിൽ പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. കാലാവസ്ഥാ വ്യതിയാനം നമ്മുടെ മുതിർന്നവരോട് ചെയ്യുന്ന വലിയ ക്രൂരതയാണിത്. അതുകൊണ്ട് ഈ കടുത്ത ചൂടിനെ നേരിടാൻ കൂടുതൽ സൗകര്യങ്ങളൊരുക്കാനും, ആവശ്യമായ നയരൂപീകരണങ്ങൾ നടത്താനും ഭരണകൂടങ്ങളും സമൂഹവും ഉണർന്നു പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു.
A recent study led by Stanford University and published in The Lancet Public Health reveals that extreme heat is significantly more dangerous for individuals aged 60 and older than previously understood. While younger people can withstand higher temperatures, older adults face severe, potentially fatal "uncompensable heat stress" at just a 1.5°C rise in global temperatures. This is due to their body's reduced ability to sweat and cool down. With the global population of older adults projected to double by 2050, countries like India face a looming public health crisis if urgent climate and healthcare adaptations are not implemented.