Environment

വെള്ളം കിട്ടാക്കനിയാകുമോ? കേരളവും കര്‍ണാടകവും ഉള്‍പ്പെടെ ദക്ഷിണേന്ത്യ നേരിടുന്ന രൂക്ഷമായ ജലപ്രതിസന്ധി പറയുന്നതെന്ത്?

10 വര്‍ഷത്തെ ശരാശരി ജലസംഭരണവുമായി നോക്കുമ്പോള്‍ 1.4 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്

Mathu Sajeevan

ഇന്ത്യയിലുടനീളം കാലവര്‍ഷം സജീവമായെന്ന വാര്‍ത്തകള്‍ക്കിടയിലും രാജ്യത്തെ പ്രധാന ജലസംഭരണികളിലെ ജലലഭ്യത സംബന്ധിച്ച കണക്കുകള്‍ അതീവ ഗുരുതരമായപ്രതിസന്ധിയുടെ സൂചനയാണ് നല്‍കുന്നത്. കേന്ദ്ര ജല കമ്മിഷന്റെ (CWC) 2026 ജൂലൈയിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തെ 166 പ്രധാന ജലസംഭരണികളില്‍ ശേഷിയുടെ 26 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് വളരെ ഉയര്‍ന്ന നിരക്കിലായിരുന്നുവെന്നത് സ്ഥിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 78.077 ബിസിഎം ജലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതുവളരെ കുറവാണ്. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി സംഭരണവുമായി നോക്കുമ്പോള്‍ 1.4 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മഴ സജീവമാകേണ്ട സമയമായിട്ടും സംഭരണികള്‍ നിറയാത്തത് മഴയുടെ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് വ്യക്തമാക്കുന്നത്.

കേരളത്തിലെ ജലസംഭരണികളുടെ അവസ്ഥ

മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലെ ജലസംഭരണികളിലും ജലലഭ്യത കാര്യമായി കുറഞ്ഞിട്ടുണ്ട്. ജൂണ്‍ മാസം പ്രതീക്ഷിച്ചതിലും 34 ശതമാനം കുറഞ്ഞ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇത് കെ എസ് ഇ ബിയുടെ കീഴിലുള്ള ജലവൈദ്യുത പദ്ധതികളിലെ ജലനിരപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ജൂണ്‍ അവസാനത്തോടെ സംഭരണികളിലെ ജലനിരപ്പ് മൊത്തം ശേഷിയുടെ ഏകദേശം 20 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ മഴയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈ ആദ്യം ചില ഭാഗങ്ങളില്‍ മഴ ലഭിച്ചെങ്കിലും ജൂലൈ മാസത്തിലും മഴ കുറയാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്കും ജലവൈദ്യുത ഉല്‍പ്പാദനത്തിനും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഗുരുതരമായ സാഹചര്യം നേരിടുന്ന മറ്റു സംസ്ഥാനങ്ങള്‍

രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ ജലസംഭരണികളില്‍ ജലനിരപ്പ് 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ താഴെയാണ്. കര്‍ണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ഇവിടെ ജലനിരപ്പില്‍ 16 മുതല്‍ 46 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. കൂടാതെ ജാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണ്. പശ്ചിമ ബംഗാളില്‍ 62 ശതമാനവും മിസോറാമില്‍ 54 ശതമാനവും ജലക്ഷാമം അനുഭവപ്പെടുന്നു. ബിഹാറിലെ ചന്ദന്‍ ഡാം, ഒഡിഷയിലെ റെംഗാലി, കര്‍ണാടകയിലെ ആല്‍മട്ടി, തുംഗഭദ്ര തുടങ്ങിയവയാണ് ഏറ്റവും കുറഞ്ഞ ജലനിരപ്പുള്ള പ്രധാന അണക്കെട്ടുകള്‍.

വൈദ്യുതി-കാര്‍ഷിക മേഖലയിലെ പ്രത്യാഘാതങ്ങള്‍

ജലസംഭരണികളിലെ കുറഞ്ഞ ജലനിരപ്പ് നേരിട്ട് ബാധിക്കുന്നത് രണ്ട് സുപ്രധാന മേഖലകളെയാണ്:

1.ജലവൈദ്യുതി ഉല്‍പ്പാദനം

കര്‍ണാടകയെപ്പോലെ ജലവൈദ്യുതിയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങള്‍ക്കു നിലവിലെ കുറഞ്ഞ സംഭരണം പീക്ക് ലോഡ് മാനേജ്‌മെന്റിനെ ബാധിക്കും. ഉയര്‍ന്ന വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യത്തിലേക്ക് ഇത് സംസ്ഥാനങ്ങളെ തള്ളിവിടും.

2. കൃഷിയും കുടിവെള്ളവും

ഖരിഫ് സീസണിലെ വിത്തിടലും കൃഷിപ്പണികളും തടസ്സപ്പെടാന്‍ ഇത് കാരണമാകും. കാവേരി, കൃഷ്ണ നദീതടങ്ങളിലെ ജലവിതരണത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം, ഇത് അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ക്കും കാരണമായേക്കും.

നദീതടങ്ങളിലെ സ്ഥിതിവിശേഷം

കൃഷ്ണ, കാവേരി, മഹാനദി തുടങ്ങിയ കിഴക്കോട്ടൊഴുകുന്ന നദികളുടെയും താപി മുതല്‍ കന്യാകുമാരി വരെയുള്ള പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെയും തടങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഇവയെ 'ക്ഷാമം നേരിടുന്നവ' എന്ന പട്ടികയിലാണ് സി ഡബ്ല്യു സി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഗംഗ, നര്‍മദ, ഗോദാവരി, മഹാനദി തുടങ്ങിയ നദീതടങ്ങളില്‍ സ്ഥിതി താരതമ്യേന മെച്ചമാണ്. ഇവിടങ്ങളില്‍ ജലനിരപ്പ് ശരാശരിയോ അതിന് മുകളിലോ ആയി തുടരുന്നു.

ജില്ലകളിലെ മഴക്കുറവും ഭാവിയും

ഇന്ത്യയിലെ മൊത്തം 741 ജില്ലകളില്‍ 66 ശതമാനവും മഴയുടെ കാര്യത്തില്‍ പിന്നിലാണ്. 325 ജില്ലകള്‍ മഴക്കുറവും 165 ജില്ലകള്‍ കടുത്ത മഴക്കുറവും നേരിടുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മിക്ക ജില്ലകളിലും മഴ കാര്യമായി ലഭിച്ചിട്ടില്ല. വരും ആഴ്ചകളില്‍ മഴയുടെ ലഭ്യതയില്‍ വര്‍ധനവുണ്ടായില്ലെങ്കില്‍ കുടിവെള്ളം, ജലസേചനം, വൈദ്യുതി ഉല്‍പ്പാദനം എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കും.

ജലസുരക്ഷയെന്നത് കേവലം മഴയുടെ ലഭ്യതയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ജലസംഭരണികളുടെ പ്രവര്‍ത്തനക്ഷമതയും ജല മാനേജ്‌മെന്റിലെ പാളിച്ചകളും കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായി കൃഷിരീതികള്‍ മാറ്റാത്തതും ഈ പ്രതിസന്ധിയുടെ ആഴംകൂട്ടുന്നു. വരും ആഴ്ചകളില്‍ മഴ ശക്തിപ്പെട്ടില്ലെങ്കില്‍, ഈ മേഖലകളിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നതില്‍ തര്‍ക്കമില്ല. കൃത്യമായ കണക്കെടുപ്പിലൂടെയുള്ള ജലവിനിയോഗവും ജലസംരക്ഷണത്തിനായുള്ള ദീര്‍ഘകാല പദ്ധതികളും മാത്രമാണ് ഈ ജല അടിയന്തരാവസ്ഥയ്ക്കു പരിഹാരം.

Despite the onset of the southwest monsoon, India is facing a severe water crisis, with the Central Water Commission (CWC) reporting that the country's 166 major reservoirs are only 26% full as of July 2026. Reservoir storage is significantly lower than last year and slightly below the ten-year average, reflecting uneven rainfall distribution. Kerala has been among the worst affected, receiving 34% below-normal rainfall in June, which has reduced water levels in hydroelectric reservoirs to around 20% of capacity. Karnataka, Tamil Nadu, Telangana, and several eastern states are also experiencing sharp declines in reservoir storage.

The falling water levels pose serious risks to hydroelectric power generation, agriculture, irrigation, and drinking water supplies, particularly during the ongoing kharif season. Water stress in the Cauvery and Krishna river basins could also intensify interstate water disputes. With nearly two-thirds of India's districts receiving below-normal rainfall, experts warn that unless the monsoon strengthens in the coming weeks, the crisis may deepen. The situation highlights the urgent need for better reservoir management, efficient water use, and long-term conservation strategies to strengthen India's water security.