Environment

മനുഷ്യരുടെ ശല്യം, ഇണയെ വിളിക്കാൻ സ്വരം മാറ്റി; മൊണാൽ പക്ഷികളുടെ ശബ്ദം മാറുന്നുവെന്ന് പഠനം

ആൺപക്ഷികൾ ഇണകളെ ആകർഷിക്കാൻ പാടുന്ന മനോഹരമായ പാട്ടുകളുടെ ദൈർഘ്യത്തിലും മാറ്റം വന്നിട്ടുണ്ട്

Madism Desk

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള പക്ഷികളുടെ കൂട്ടത്തിലാണ് മൊണാലിന്റെ സ്ഥാനം. ഹിമാലയൻ പർവ്വതനിരകളിൽ കാണപ്പെടുന്ന സവിശേഷവും അതിമനോഹരവുമായ ഫെസന്റ് വർഗ്ഗത്തിൽപ്പെട്ട പക്ഷികളാണിവ. മനുഷ്യരുടെ ഇടപെടലും അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങളും കാരണം മൊണാൽ ഉൾപ്പടെയുള്ള ഹിമാലയൻ പക്ഷി വർഗങ്ങളുടെ ശബ്ദത്തിൽ കാര്യമായ മാറ്റം സംഭവിക്കുന്നു എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ പക്ഷികളുടെ ജീവിതരീതിയിലാകെ കാര്യമായ മാറ്റവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ഗവേഷകർ രണ്ട് വ്യത്യസ്ത പഠനങ്ങളിലൂടെയാണ് മൊണാലുകളിലെ വ്യത്യാസങ്ങൾ കണ്ടെത്തിയത്. അഞ്ച് വർഷത്തിലധികം നീണ്ട പഠനങ്ങളായിരുന്നു ഇത്. ഇതിലൊരു പഠനം കണ്ടെത്തിയത്, അമിതമായ മനുഷ്യ ഇടപെടലുകൾ മൂലം മലനിരകളുടെ കൂടുതൽ ഉയരത്തിലേക്ക് ഇവയുടെ ആവാസവ്യവസ്ഥ പറിച്ചുമാറ്റപ്പെട്ടു എന്നാണ്. മറ്റ് പഠനത്തിലാണ് ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞത്. ആളുകളുടെ ഒച്ചപാട് അധികരിച്ചതോടെ കൂടുതൽ ഉയർന്ന പിച്ചിലേക്ക് ഇവർ ശബ്ദം മാറ്റി, പിന്നീടിത് സ്വാഭാവികമായി ഇങ്ങനെയാവുകയായിരുന്നു.

റോഡ് നിർമ്മാണം, വാഹനങ്ങളുടെ ഗതാഗതം, ടൂറിസം, ഹെലികോപ്റ്റർ സർവീസുകൾ എന്നിവ മൂലം പർവ്വതമേഖലകളിൽ താഴ്ന്ന തരംഗദൈർഘ്യമുള്ള പശ്ചാത്തല ശബ്ദങ്ങൾ വർധിക്കുന്നുണ്ട്. ഈ തടസ്സങ്ങളെ അതിജീവിച്ച് ഇണകളെ ആകർഷിക്കാനും മറ്റ് ആശയവിനിമയങ്ങൾക്കുമായി ശബ്ദമെത്തിക്കാൻ പക്ഷികൾ ഉയർന്ന പിച്ചിൽ കൂടുതൽ ഉറക്കെയാണ് കൂവുന്നത്.

ആൺപക്ഷികൾ ഇണകളെ ആകർഷിക്കാൻ പാടുന്ന മനോഹരമായ പാട്ടുകളുടെ ദൈർഘ്യത്തിലും മാറ്റം വന്നിട്ടുണ്ട്. ഉയർന്ന ശബ്ദമലിനീകരണമുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന പക്ഷികൾ അവയുടെ പാട്ടുകളുടെ വേഗത കൂട്ടുകയോ, വരികളുടെ ഇടവേളകൾ കുറയ്ക്കുകയോ ചെയ്യുന്നു. ചിലയിടങ്ങളിൽ അവയുടെ പരമ്പരാഗതമായ കൂവലുകളിൽ നിന്ന് വ്യതിചലിച്ച് പുതിയ രീതിയിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വനമേഖലകളിലേക്കുള്ള മനുഷ്യരുടെ അനാവശ്യ കടന്നുകയറ്റവും ട്രെക്കിംഗും മൂലം ഇവ നിരന്തരം ഭയപ്പാടിലാണ്. സാധാരണ അവസ്ഥയേക്കാൾ കൂടുതൽ സമയങ്ങളിൽ അപകട സൂചന നൽകുന്ന ഉച്ചത്തിലുള്ള അപായ ശബ്ദങ്ങൾ ഇവ പുറപ്പെടുവിക്കുകയാണ് ഇപ്പോൾ. ഇത് അവയുടെ ശാരീരിക ഊർജ്ജം വൻതോതിൽ നഷ്ടപ്പെടുത്തുന്നു.

കാടുകൾ ഭാഗിക്കപ്പെടുന്നതുംവലിയ ശബ്ദങ്ങളും കാരണം വളരെ ദൂരേക്ക് സന്ദേശങ്ങൾ എത്തിക്കാൻ ഇവയ്ക്ക് കഴിയാതെ വരുന്നുണ്ട്. ഇത് മൂലം:

പെൺപക്ഷികൾക്ക് ആൺപക്ഷികളുടെ കൂവൽ വ്യക്തമായി കേൾക്കാൻ കഴിയാതെ വരികയും അത് വർഗ്ഗ വർദ്ധനവിനെ ബാധിക്കുകയും ചെയ്യും.

ശത്രുക്കളുടെ വരവ് അറിയിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ശബ്ദങ്ങൾ കൂട്ടത്തിലുള്ള മറ്റ് പക്ഷികൾക്ക് കേൾക്കാൻ കഴിയാതെ പോകുന്നതും വെല്ലുവിളിയാണ്.

മനുഷ്യസാന്നിധ്യവും പകൽ സമയത്തെ വലിയ ശബ്ദങ്ങളും കാരണം ചില പ്രദേശങ്ങളിൽ പകൽ സമയം നിശ്ശബ്ദരായിരിക്കാനും, മനുഷ്യശബ്ദം കുറയുന്ന സമയങ്ങളിലോ പുലർച്ചെയോ കൂടുതൽ ശബ്ദമുണ്ടാക്കാനും ഇവ ശീലമാക്കുന്നുണ്ട്.

മനുഷ്യന്റെ ഇടപെടൽ കാരണം ഉണ്ടാകുന്ന ഈ ശബ്ദപരമായ വ്യതിയാനങ്ങൾ മൊണാൽ പക്ഷികളുടെ സ്വാഭാവിക ജീവിതരീതിയെയും വംശവർധനവിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

The Monal is considered one of the most beautiful birds in the world. These unique and stunning birds belong to the pheasant family and are found across the Himalayan mountain ranges. Recent studies suggest that human interference and uncontrolled construction activities are causing significant changes in the calls of Himalayan bird species, including the Monal. Major changes in the overall lifestyle of these birds have also been reported.