നമ്മുടെ തീൻമേശയിലെത്തുന്ന ഭക്ഷണത്തിന് പ്രകൃതി നൽകുന്ന വില എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് നമ്മൾ കഴിക്കുന്ന മാംസാഹാരങ്ങൾക്കും പാൽ ഉൽപന്നങ്ങൾക്കും പിന്നിൽ ഭൂമിക്ക് സംഭവിക്കുന്ന വലിയൊരു നഷ്ടമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ നമ്മൾ പലപ്പോഴും മറന്നുപോകുന്ന ഒരു വില്ലനുണ്ട്, നമ്മുടെ കാർഷിക മേഖല.
മനുഷ്യൻ പട്ടിണി മാറ്റാനും വിപണി കീഴടക്കാനും നടത്തുന്ന കൃഷി ലോകത്തിന്റെ ശ്വാസകോശങ്ങളെത്തന്നെ കാർന്നുതിന്നുകയാണ്. എന്നാൽ, ഇത്തരം പ്രത്യാഘാതങ്ങൾ ലോകത്തെമ്പാടും ഒരുപോലെയല്ല സംഭവിക്കുന്നത്. പ്രമുഖ ശാസ്ത്ര ജേണലായ 'നേച്ചർ ഫുഡിൽ' പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, ലോകത്തെ ആകെയുള്ള കൃഷിഭൂമിയുടെ വെറും മൂന്നിലൊന്ന് ഭാഗം മാത്രമാണ് കാർഷിക മേഖല മൂലമുണ്ടാകുന്ന മൊത്തം ജൈവവൈവിധ്യ നഷ്ടത്തിന്റെയും സ്വാഭാവിക കാർബൺ സംഭരണ ശേഷി ഇല്ലാതാകുന്നതിന്റെയും മൂന്നിൽ രണ്ട് ഭാഗത്തിനും കാരണമാകുന്നത്.
നെതർലൻഡ്സിലെ ലെയ്സൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ സയൻസസിന്റെ നേതൃത്വത്തിൽ ഓക്സ്ഫഡ് മാർട്ടിൻ സ്കൂൾ, ചൈന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ സംയുക്തമായാണ് ഈ വിപുലമായ പഠനം നടത്തിയത്. കൃഷി ഭൂമി വരുത്തിവെക്കുന്ന ആഘാതത്തെ ഏറ്റവും സൂക്ഷ്മമായ തലത്തിൽ മാപ്പ് ചെയ്ത ഈ പഠനം, കാർഷിക മേഖലയിലെ പാരിസ്ഥിതിക തകർച്ച ചില പ്രത്യേക ഭൂപ്രദേശങ്ങളിലും ചുരുക്കം ചില ഭക്ഷ്യോത്പന്നങ്ങളിലും മാത്രമായി അതിശക്തമായി കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഭൂപടത്തിലെ പാരിസ്ഥിതിക ചൂടുകേന്ദ്രങ്ങൾ
ഭൂമിയിലെ മനുഷ്യവാസയോഗ്യമായ ആകെ ഭൂപ്രദേശത്തിന്റെ 40 ശതമാനത്തിലധികവും ഇന്ന് കാർഷിക ആവശ്യങ്ങൾക്കായി മാറ്റിവെക്കപ്പെട്ടിരിക്കുകയാണ്. സ്വാഭാവിക വനങ്ങളും ആവാസവ്യവസ്ഥകളും കൃഷിഭൂമിക്കായി മാറ്റിയതോടെ ഏകദേശം 30,000 കോടി ടൺ കാർബൺ പ്രകൃതിദത്തമായി സംഭരിക്കാനുള്ള ശേഷിയാണ് ഭൂമിക്ക് എന്നന്നേക്കുമായി നഷ്ടമായത്. നിലവിലെ ആഗോള കാർഷിക മേഖലയുടെ 140 വർഷത്തെ കാർബൺ ഉദ്‌വമനത്തിന് തുല്യമാണിത്. അതോടൊപ്പം, ഭൂമിയിലെ ആകെ ജീവജാലങ്ങളിൽ 14 ശതമാനത്തോളം വംശനാശ ഭീഷണി നേരിടുന്നതിനും പ്രധാന കാരണം കൃഷിക്കായുള്ള ഈ ഭൂവിനിയോഗ മാറ്റമാണ്.
ഈ പാരിസ്ഥിതിക വിനാശത്തിന്റെ ഭൂരിഭാഗവും ചുരുക്കം ചില പ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. തെക്കേ അമേരിക്ക, മധ്യ അമേരിക്ക, സബ്-സഹാറൻ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ, ചൈന എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള അതീവ പാരിസ്ഥിതിക ആഘാതമേഖലകൾ സ്ഥിതി ചെയ്യുന്നത്. കനത്ത രീതിയിലുള്ള വ്യാവസായിക കൃഷി നടക്കുന്നയിടങ്ങളിലോ ഉഷ്ണമേഖലാ വനങ്ങൾ പോലെ വലിയ തോതിൽ കാർബൺ സംഭരിക്കുകയും ജൈവവൈവിധ്യത്താൽ സമ്പന്നവുമായ സ്വാഭാവിക ആവാസവ്യവസ്ഥകളിലോ കൃഷി വ്യാപിക്കുമ്പോഴാണ് ഇത്തരം ഇരട്ട പ്രഹരങ്ങൾ ഉണ്ടാകുന്നത്. കാർബൺ നഷ്ടം മാത്രമെടുത്താൽ, ആഗോള കൃഷിഭൂമിയുടെ വെറും 12 ശതമാനത്തിൽ നിന്നാണ് കൃഷി മൂലമുണ്ടാകുന്ന ആകെ കാർബൺ നഷ്ടത്തിന്റെ പകുതിയും സംഭവിക്കുന്നത്.
മാട്ടിറച്ചിയും ക്ഷീരോത്പന്നങ്ങളും വരുത്തുന്ന കനത്ത ആഘാതം
ഭക്ഷ്യോത്പന്നങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ മൃഗങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങളാണ് ഏറ്റവും വലിയ പരിസ്ഥിതി നാശമുണ്ടാക്കുന്നത്. ആഗോളതലത്തിൽ മനുഷ്യർക്ക് ആവശ്യമായ കലോറിയുടെ ചെറിയൊരു പങ്ക് മാത്രമാണ് ഇവ നൽകുന്നതെങ്കിലും, നൽകുന്ന ഓരോ കലോറിക്കും സസ്യഭക്ഷണങ്ങളെ അപേക്ഷിച്ച് എട്ടിരട്ടി അധികം കാർബൺ നഷ്ടവും പതിനാലിരട്ടി അധികം ജൈവവൈവിധ്യ നഷ്ടവുമാണ് ഇവ വരുത്തിവെക്കുന്നത്.
ഇതിൽത്തന്നെ മാട്ടിറച്ചിയും പാലും ഉത്പാദിപ്പിക്കുന്നതാണ് ഏറ്റവും വലിയ വിനയാകുന്നത്. ആഗോള കൃഷി മൂലമുണ്ടാകുന്ന ജൈവവൈവിധ്യ നഷ്ടത്തിന്റെ 41 ശതമാനത്തിനും സ്വാഭാവിക കാർബൺ സംഭരണ നഷ്ടത്തിന്റെ 29 ശതമാനത്തിനും കാരണം കന്നുകാലി വളർത്തലാണ്. കന്നുകാലികൾക്ക് മേയാനുള്ള പുൽത്തകിടികൾ ഒരുക്കുന്നതിനും അവയ്ക്കുള്ള തീറ്റയായ ചോളവും സോയാബീനും കൃഷി ചെയ്യുന്നതിനും വൻതോതിൽ വനഭൂമിയും സ്വാഭാവിക ആവാസവ്യവസ്ഥകളും വെട്ടിത്തെളിക്കേണ്ടി വരുന്നതാണ് ഈ കനത്ത ആഘാതത്തിന് പിന്നിലെ പ്രധാന കാരണം. നമ്മുടെ ദൈനംദിന ഭക്ഷണ തിരഞ്ഞെടുപ്പുകൾ പോലും ആഗോള കാലാവസ്ഥയെയും പ്രകൃതിയെയും നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ ബാവോക്സിയാവോ ലിയു വ്യക്തമാക്കുന്നു.
ആഗോള വ്യാപാരവും പാരിസ്ഥിതിക ആഘാത കൈമാറ്റവും
ഒരു രാജ്യത്തെ ഭക്ഷണ ഉപഭോഗം മറ്റൊരു രാജ്യത്തെ വനനശീകരണത്തിനും ആവാസവ്യവസ്ഥാ തകർച്ചയ്ക്കും കാരണമാകുന്ന ആഗോള വ്യാപാര ശൃംഖലയെയും പഠനം തുറന്നുകാട്ടുന്നുണ്ട്. ലോകത്ത് കൃഷി മൂലം നഷ്ടപ്പെടുന്ന ആകെ കാർബണിന്റെയും ജൈവവൈവിധ്യത്തിന്റെയും 18 ശതമാനവും അതിർത്തികൾ കടന്നുള്ള ഉത്പന്ന കയറ്റുമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാർഷിക കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന ബ്രസീൽ പോലുള്ള രാജ്യങ്ങളാണ് ഈ പാരിസ്ഥിതിക നഷ്ടത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാർ. അതേസമയം, വൻതോതിൽ മാംസവും പാലുത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്ന ചൈനയാണ് ഈ നാശത്തിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാർ.
പ്രകൃതി വീണ്ടെടുപ്പിലൂടെയുള്ള ഇരട്ട പരിഹാരം
കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണവും ഇതുവരെ രണ്ടു വ്യത്യസ്ത ചർച്ചകളായും ലക്ഷ്യങ്ങളായുമാണ് ലോകരാജ്യങ്ങൾ പരിഗണിച്ചിരുന്നത്. എന്നാൽ, ഒരേ ഭൂമിയിൽ ഒരേസമയം പരിഹരിക്കാൻ കഴിയുന്ന ഒന്നാണ് ഇവ രണ്ടും എന്നാണ് ഓക്സ്ഫഡ് മാർട്ടിൻ സ്കൂളിലെ പ്രൊഫസർ പോൾ ബെഹ്റൻസ് വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന 30 ശതമാനം കൃഷിഭൂമിയെ തിരികെ സ്വാഭാവിക വനങ്ങളായും ആവാസവ്യവസ്ഥകളായും മാറാൻ അനുവദിച്ചാൽ അത് വലിയൊരു മുന്നേറ്റത്തിന് വഴിവെക്കും.
ഇത്തരത്തിൽ കൃഷിഭൂമി പുനരുജ്ജീവിപ്പിക്കുന്നതിലൂടെ ഏകദേശം 17,000 കോടി ടൺ കാർബൺ പ്രകൃതിയിലേക്ക് തിരിച്ചുപിടിക്കാൻ സാധിക്കും. ഇത് നിലവിലെ നിരക്കിലുള്ള 15 വർഷത്തെ ആഗോള ഫോസിൽ ഇന്ധന ഉദ്‌വമനത്തിന് തുല്യമാണ്. അതോടൊപ്പം കൃഷിഭൂമി കാരണം നിലവിൽ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ വംശനാശ സാധ്യത 60 ശതമാനത്തോളം കുറയ്ക്കാനും സാധിക്കും. ലോകത്തെ എല്ലാ കൃഷിഭൂമികളെയും ബാധിക്കാതെ, കൃത്യമായി ലക്ഷ്യമിട്ടുകൊണ്ടുള്ള നയരൂപീകരണത്തിലൂടെയും ഭക്ഷണ ശീലങ്ങളിലെ മാറ്റത്തിലൂടെയും കാർഷിക മേഖലയെ കാലാവസ്ഥാ-പ്രകൃതി പ്രതിസന്ധികളുടെ കാരണക്കാരൻ എന്നതിൽ നിന്ന് വലിയൊരു പരിഹാരമാർഗ്ഗമാക്കി മാറ്റാൻ കഴിയുമെന്ന വലിയ സാധ്യതയാണ് ഈ കണ്ടെത്തൽ മുന്നോട്ട് വെക്കുന്നത്.
A landmark study published in Nature Food has revealed a critical imbalance in global food production: just one-third of the world’s agricultural land is responsible for two-thirds of the damage to biodiversity and natural carbon storage. Led by researchers from Leiden University, the Oxford Martin School, and China Agricultural University, the study identifies that environmental "hotspots"—areas like South America, India, and parts of sub-Saharan Africa—are disproportionately affected. The primary drivers of this destruction are animal-based products, especially beef and dairy, which require vast land for grazing and feed cultivation. However, the study offers a hopeful pathway forward: by strategically restoring the most high-impact 30% of agricultural land, the world could capture 170 billion tonnes of carbon and prevent 60% of species extinction risks linked to farming.