സംസ്ഥാനത്ത് താപനില ഉയരുന്ന തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയർന്നേക്കാനുള്ള സാധ്യതയുണ്ടെന്നും കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദിനംപ്രതി ഉയർന്നുവരുന്ന താപനില ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതകളുണ്ട്.
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയങ്ങളിൽ ലോക്ഡൗണിനോട് സമാനമായ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. അത്യാവശ്യ കാര്യങ്ങൾ ഒഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം, കടുത്ത ചൂടിന് ആശ്വാസമായി അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
ഉഷ്ണതരംഗ സാധ്യതയും ഉച്ചവെയിലിലെ ജോലിസമയം നിയന്ത്രണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈനായി ചേരുന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ നിലവിലെ സാഹചര്യം വിശദമായി വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കും.
ആരോഗ്യവകുപ്പും പൊതുജനങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം. ഈ സമയത്ത് പുറത്തുപോകേണ്ടി വന്നാൽ പരമാവധി മുൻകരുതലുകൾ സ്വീകരിക്കണം.
മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പ്രകാരം പകൽ 11 മുതൽ 3 വരെ സമയത്തെ ‘സ്വയം നിയന്ത്രിത ലോക്ഡൗൺ’ ആയി കണക്കാക്കി അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കണം. വീടുകളിലും തൊഴിലിടങ്ങളിലും മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം ശുദ്ധജലം കുടിക്കുന്നത് നിർബന്ധമാണ്. നിർജ്ജലീകരണം വർധിപ്പിക്കുന്ന പാനീയങ്ങൾ ഒഴിവാക്കാനും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും നിർദേശം നൽകി. വസ്ത്രധാരണത്തിലും ശ്രദ്ധ വേണം. ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുന്നത് നിർബന്ധമാക്കണം. സൂര്യാഘാത സാധ്യത കുറയ്ക്കാൻ ഇത് സഹായകരമാകും.
പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ, കൂടാതെ ആൽബിനിസം ബാധിച്ചവർ എന്നിവർ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണം. ഈ വിഭാഗക്കാർക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. പകൽ 11 മുതൽ 3 വരെ തുറസ്സായ ഇടങ്ങളിലെ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പൊതുയോഗങ്ങൾ, കലാ-കായിക പരിപാടികൾ എന്നിവ ഈ സമയത്ത് നടത്തരുത്. ഉത്സവങ്ങളുമായി ബന്ധപ്പെട്ട പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് തുടങ്ങിയവ ഒഴിവാക്കുകയോ സമയക്രമം മാറ്റുകയോ വേണം. തീപിടുത്ത സാധ്യതകൾ ഉയരുന്നതിനാൽ പ്രത്യേക ജാഗ്രതയും ആവശ്യമാണ്.
മൃഗസംരക്ഷണത്തിലും ശ്രദ്ധ വേണം. വളർത്തുമൃഗങ്ങൾക്കും തെരുവ് മൃഗങ്ങൾക്കും മതിയായ കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടുന്നത് ഒഴിവാക്കണം. കടുത്ത ചൂട് മൂലം മൃഗങ്ങളിൽ അസ്വസ്ഥതയും അതിലൂടെ ആക്രമണ സാധ്യതയും വർധിക്കാമെന്നതിനാൽ ജാഗ്രത നിർബന്ധമാണ്.
സർക്കാർ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ചിരിക്കുകയാണ്. പകൽ സമയത്തെ പുറംപണികൾ പരമാവധി ഒഴിവാക്കണം. തൊഴിലുറപ്പ് ജോലികൾ പകൽ സമയത്ത് പൂർണ്ണമായും നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കുന്നതിനൊപ്പം യൂണിഫോമിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തും മുന്നൊരുക്കങ്ങൾ ശക്തമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമ ശുശ്രൂഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ആരോഗ്യസംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുകയാണ്.
പൊതുജനങ്ങളുടെ സഹായത്തോടെ തണ്ണീർപന്തലുകൾ സ്ഥാപിക്കാനും അധികൃതർ അഭ്യർത്ഥിച്ചു. യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ളവും തണലും ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം. ക്ഷീണം, തലചുറ്റൽ, അമിത ദാഹം എന്നിവ പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് അസ്വസ്ഥത തോന്നുന്നത് കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി ശരീരം തണുപ്പിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
English Summary: Kerala issues strict heat precautions as temperatures rise sharply, urging people to avoid midday exposure, stay hydrated, and limit outdoor activities.