

വേനൽ കടുക്കുമ്പോൾ ശരീരം തളരാതിരിക്കാൻ ഭക്ഷണത്തിൽ വേണം പ്രത്യേക ശ്രദ്ധ. നാം കഴിക്കുന്ന പല വിഭവങ്ങളും ശരീരത്തിന് ഗുണത്തിന് പകരം ദോഷം ചെയ്തേക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ, ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ നിയന്ത്രിക്കാത്തത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഈ വേനൽക്കാലത്ത് നിങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
ഇഞ്ചിയും വെളുത്തുള്ളിയും സാധാരണയായി പാചകത്തിൽ ഉപയോഗിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യഗുണങ്ങൾ ഉണ്ടായിട്ടും ഇവയുടെ അതിരുകടന്ന ഉപയോഗം വേനൽക്കാലത്ത് ശരീരതാപനില ഉയർത്താൻ കാരണമാകാം. ഇഞ്ചറോൾ, അല്ലിസിൻ തുടങ്ങിയ ഘടകങ്ങൾ മെറ്റബോളിസം വർധിപ്പിക്കുന്നതിനാൽ ശരീരത്തിൽ ചൂട് കൂടാൻ ഇടയാകുന്നു. കൂടാതെ, അധികമായി ഉപയോഗിക്കുമ്പോൾ വയറെരിച്ചിലും നിർജ്ജലീകരണവും ഉണ്ടാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇലക്കറികൾ, പ്രത്യേകിച്ച് ചീര, ആരോഗ്യത്തിന് ഗുണകരമാണെങ്കിലും, പ്രോട്ടീൻ ഉള്ളടക്കം കൂടുതലായതിനാൽ ദഹനത്തിനിടെ ശരീരത്തിൽ ചൂട് സൃഷ്ടിക്കപ്പെടാൻ ഇടയാകാം. പ്രോട്ടീൻ വിഘടനത്തിനിടയിൽ ഉണ്ടാകുന്ന ഈ ചൂട് ശരീരതാപനില ഉയർത്താൻ കാരണമാകുന്നതിനാൽ, ചൂട് കൂടുതൽ അനുഭവപ്പെടുന്നവർ ഇലക്കറികളുടെ ഉപയോഗം കുറയ്ക്കുന്നത് ഉചിതമാണ്.
സവാള ഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നത് പതിവാണ്. എന്നാൽ സവാളയിലെ സൾഫർ ഘടകങ്ങൾ ചിലർക്കു ഗ്യാസ്, വയറുവീർക്കൽ, ആസിഡ് റിഫ്ലക്സ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. വേനൽക്കാലത്ത് ഇത്തരം അസ്വസ്ഥതകൾ കൂടുതൽ അനുഭവപ്പെടാൻ ഇടയുള്ളതിനാൽ നിയന്ത്രിത ഉപയോഗം ആവശ്യമാണ്.
നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. ദഹനത്തിന് കൂടുതൽ വെള്ളം ആവശ്യമുള്ളതിനാൽ കാരറ്റിൻറെ ഉപയോഗം മൂലം ശരീരത്തിലെ ജലാംശം കുറയാൻ സാധ്യതയുണ്ട്. അതിനാൽ നിർജ്ജലീകരണം ഒഴിവാക്കാൻ ശ്രദ്ധ വേണമെന്നാണ് നിർദേശം. ചുവന്ന മുളകും കാപ്സിക്കം ഉൾപ്പെടെയുള്ള മുളക് വർഗ്ഗങ്ങൾ രക്തയോട്ടം വർധിപ്പിക്കുന്നതിനാൽ ശരീരതാപനിലയും ഉയർത്താൻ ഇടയാക്കുന്നു. അതിനാൽ വേനൽക്കാലത്ത് ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നത് ആരോഗ്യത്തിന് ഗുണകരമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
ചൂട് കൂടുന്ന ദിവസങ്ങളിൽ ശരീരത്തെ തണുപ്പിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ആരോഗ്യ സംരക്ഷണത്തിന് മികച്ച മാർഗം.
English Summary: Experts advise limiting certain vegetables like ginger, garlic, spinach, onion, carrot, and chilies during summer as they may increase body heat and dehydration risk