മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖലകളില്‍ ഈ ജൂലൈയില്‍ രേഖപ്പെടുത്തിയ ചരിത്രപരമായ അതിതീവ്ര മഴയും അതിനു പിന്നാലെ കേരളത്തിലെ വയനാട് കള്ളാടിയിലുണ്ടായ ദാരുണമായ ഉരുള്‍പൊട്ടലും പശ്ചിമഘട്ടത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയിരിക്കുകയാണ്. ഒരേ മലനിരയുടെ രണ്ടു ഭാഗങ്ങളില്‍ നടക്കുന്ന ഈ ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളും എങ്ങനെയാണ് നമ്മുടെ ഭൂപ്രകൃതിയെ അതീവ അപകടാവസ്ഥയിലാക്കുന്നത് എന്നതിന്റെ തെളിവാണ്.
കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിരീക്ഷണപ്രകാരം, ദീര്‍ഘകാലം നീളുന്ന സാവധാനമുള്ള മഴയ്ക്കു പകരം, കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍തോതില്‍ മഴ പെയ്യുന്ന 'ക്ലൗഡ് ബസ്റ്റ്' പോലുള്ള പ്രതിഭാസങ്ങള്‍ പശ്ചിമഘട്ടത്തില്‍ പതിവാകുന്നു. ജൂലൈ 2026-ല്‍ മഹാരാഷ്ട്രയില്‍ കണ്ടതുപോലെ, കേരളത്തിലും മഴയുടെ വിതരണത്തില്‍ വലിയ അസ്ഥിരത പ്രകടമാണ്. അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതു വായുവിനു കൂടുതല്‍ ഈര്‍പ്പം വഹിക്കാനുള്ള ശേഷിനല്‍കുന്നു. ഇതു പശ്ചിമഘട്ട മലനിരകളില്‍ തട്ടുമ്പോള്‍ വന്‍ പ്രളയങ്ങള്‍ക്കും മണ്ണിടിച്ചിലിനും കാരണമാകുന്നു. റോസ്ബി , കെല്‍വിന്‍ തരംഗങ്ങള്‍ പോലുള്ള അന്തരീക്ഷ പ്രതിഭാസങ്ങള്‍ പശ്ചിമഘട്ടത്തിലെ മേഘവിന്യാസത്തെ കൂടുതല്‍ തീവ്രമാക്കുന്നുണ്ടെന്നു ശാസ്ത്രീയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വയനാട്ടിലെ കല്ലാടി ടണല്‍ റോഡ് നിര്‍മാണമേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍, വികസന പദ്ധതികള്‍ മലനിരകളുടെ സ്വാഭാവിക സ്ഥിരതയെ എങ്ങനെ ബാധിക്കുന്നുവെന്നതിന് ഉദാഹരണമാണ്. ജിയോ-സയന്റിസ്റ്റ് പ്രൊഫ. സി പി രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതുപ്രകാരം, മലഞ്ചെരിവുകളില്‍ നടത്തുന്ന ടണല്‍ നിര്‍മാണം, റോഡ് വെട്ടിപ്പൊളിക്കല്‍, ക്വാറി പ്രവര്‍ത്തനങ്ങള്‍ എന്നിവ മണ്ണിന്റെ സമ്മർദത്തെ പാടെ മാറ്റുന്നു. വലിയ നിര്‍മാണങ്ങള്‍ പര്‍വതങ്ങളുടെ അടിത്തറയെ ബലഹീനമാക്കുകയും ചെറിയ മഴയില്‍ പോലും മണ്ണിടിച്ചിലുണ്ടാകാന്‍ പാകത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നടത്തുന്ന ഇത്തരം നിര്‍മാണങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങളില്ലാതെ പൂര്‍ത്തിയാക്കുന്നതു വലിയ ദുരന്തങ്ങള്‍ക്കു വഴിവെക്കുന്നു.
വനമേഖലകള്‍ക്കു പുറമേ മനുഷ്യവാസമുള്ള ഫ്രിഞ്ച് ഏരിയകളാണ് ഇപ്പോള്‍ കൂടുതല്‍ അപകടകരമെന്നാണ് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി കെ വിഷ്ണുദാസ് ചൂണ്ടിക്കാട്ടുന്നത്. പശ്ചിമഘട്ടത്തിലെ മണ്ണ് സംരക്ഷണത്തിന് ആവശ്യമായ വനമേഖലകളുടെ നാശവും അശാസ്ത്രീയമായ നിര്‍മാണ രീതികളും മലനിരകളെ ഒരു 'ഡിസാസ്റ്റര്‍ സോണ്‍' ആയി മാറ്റിക്കൊണ്ടിരിക്കുന്നു.
ദുരന്തനിവാരണത്തിനായുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ താലൂക്ക് തലത്തില്‍ മെച്ചപ്പെടുത്തുകയും നിര്‍മാണങ്ങള്‍ക്കു മുന്‍പായി നിര്‍ബന്ധിത ജിയോളജിക്കല്‍ പഠനങ്ങള്‍ നടത്തുകയും വേണം. മഹാരാഷ്ട്രയിലെ ലോണാവാലയും കേരളത്തിലെ വയനാടും ഇന്നു നേരിടുന്ന ഭീഷണി ഒന്നുതന്നെയാണ്.
പശ്ചിമഘട്ടമെന്നതു വെറുമൊരു ഭൂപ്രദേശമല്ല, ദശലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷാകവചമാണ്. മനുഷ്യന്റെ അമിത ആര്‍ത്തിയും അശാസ്ത്രീയമായ വികസനവും പ്രകൃതിയെ കൂടുതല്‍ രൗദ്രമാക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഉള്‍ക്കാമ്പില്‍ നടക്കുന്ന ഇത്തരം ഇടപെടലുകള്‍ക്ക് അറുതി വരുത്തിയില്ലെങ്കില്‍, വരാനിരിക്കുന്ന മഴക്കാലങ്ങള്‍ കൂടുതല്‍ ദുരന്തങ്ങളുടേതായി മാറുമെന്നാണ് ഈ സംഭവങ്ങള്‍ നല്‍കുന്ന പാഠം.
The record-breaking extreme rainfall witnessed in the Western Ghats of Maharashtra in July 2026, followed by the tragic landslide at Kalladi in Wayanad, Kerala, has reignited serious concerns about the ecological vulnerability of the Western Ghats. These disasters, occurring in different parts of the same mountain range, highlight how climate change and human activities are making the region increasingly prone to natural hazards. According to climate scientists, prolonged, steady rainfall is being replaced by short-duration, high-intensity downpours resembling cloudburst events. As seen in Maharashtra during July 2026, Kerala is also experiencing significant instability in rainfall patterns, increasing the risk of floods and landslides.