Explainer

ബംഗാളിലെ അന്നപൂർണ യോജന ഫോം വിവാദത്തിൽ; 10 പേജുള്ള അപേക്ഷയിലൂടെ ബിജെപി സർക്കാർ ലക്ഷ്യമിടുന്നത് എന്ത്?

പദ്ധതിയുടെ ഫോം പാവപ്പെട്ട ജനങ്ങളെ പാര്‍ശ്വവത്കരിക്കാനും പൗരത്വ പരിശോധനയ്ക്കുള്ള ഒളിച്ചുകടത്തലാക്കാനും ഉപയോഗിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം

Mathu Sajeevan

സ്ത്രീക്ഷേമത്തിനായി പശ്ചിമ ബംഗാളില്‍ ബി ജെ പി സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പദ്ധതിയാണ് അന്നപൂര്‍ണ യോജന. പ്രതിമാസം 3,000 രൂപ നല്‍കുന്ന പദ്ധതിക്കു പിന്നിൽ ബിജെപി വലിയ രാഷ്ട്രീയ നീക്കമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന വിമർശനം ശക്തമാണ്. പദ്ധതിയുടെ ഫോം പാവപ്പെട്ട ജനങ്ങളെ പാര്‍ശ്വവത്കരിക്കാനും പൗരത്വ പരിശോധനയ്ക്കുള്ള ഒളിച്ചുകടത്തലാക്കാനും ഉപയോഗിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.

ക്ഷേമപദ്ധതിയോ അതോ ജനസംഖ്യാ നിരീക്ഷണമോ?

ബംഗാളില്‍ മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയിരുന്ന 'ലക്ഷ്മിര്‍ ഭണ്ഡാര്‍' പദ്ധതിക്ക് പകരമായാണ് ബി.ജെ.പി അന്നപൂര്‍ണ യോജന കൊണ്ടുവന്നത്. തുക ഇരട്ടിയാക്കി (3,000 രൂപ) പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ ഇതിനെ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.

എന്നാല്‍, പദ്ധതിയുടെ 10 പേജുകളുള്ള (ബംഗാളിയില്‍ 12 പേജ്) ഫാമിലി ലെവല്‍ ഡേറ്റ കളക്ഷന്‍ ഫോം പുറത്തുവന്നതോടെ ഈ ആവേശം ആശങ്കയ്ക്ക് വഴിമാറി. ഒരു ക്ഷേമപദ്ധതിക്ക് ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ക്കും ബാങ്ക് വിവരങ്ങള്‍ക്കുമപ്പുറം, ഒരു കുടുംബത്തിന്റെ സമഗ്രമായ ജാതി, മതം, സ്വത്ത്, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ഫോമിലൂടെ നിര്‍ബന്ധമായും പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്.

ഫോമിലെ അപകടകരമായ ചോദ്യങ്ങള്‍

ഒരു സാധാരണ സ്ത്രീക്ക് 3,000 രൂപ നല്‍കാന്‍ എന്തിനാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന ചോദ്യമാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. ഫോമിലെ ചില പ്രധാന ചോദ്യങ്ങള്‍ താഴെ പറയുന്നവയാണ്.

വോട്ടര്‍ പട്ടികയിലെ പൂര്‍ണ വിവരങ്ങള്‍: അപേക്ഷകരുടെ വോട്ട് ചെയ്ത അസംബ്ലി മണ്ഡലം, വോട്ടര്‍പട്ടികയിലെ പാര്‍ട്ട് നമ്പര്‍ എന്നിവ.

സ്വത്ത് വിവരങ്ങള്‍: ഭൂമിയുടെ അളവ്, വീട്ടിലുള്ള വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍, പാന്‍ കാര്‍ഡ്, ജി.എസ്.ടി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍.

മതപരമായ സൂചനകള്‍: കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളുടെ തരം ചോദിക്കുന്ന കൂട്ടത്തില്‍, അംഗീകൃത മദ്രസ, അംഗീകാരമില്ലാത്ത മദ്രസ എന്നിവയ്ക്കായി പ്രത്യേക ചെക്ക് ബോക്‌സുകള്‍ നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ നിരീക്ഷകര്‍ ഏറ്റവും ഗുരുതരമായി കാണുന്നത് ഫോമിലെ രണ്ട് നിര്‍ദിഷ്ട ചോദ്യങ്ങളാണ്:

1. അപേക്ഷകരുടെ സി.എ.എ ( പൗരത്വ ഭേദഗതി നിയമം) അപേക്ഷാ സ്റ്റാറ്റസ് എന്താണ്?

2. 2026-ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ പ്രത്യേക വോട്ടര്‍പട്ടിക പുതുക്കലില്‍ പേര് ഒഴിവാക്കപ്പെട്ടവര്‍ ട്രിബ്യൂണലില്‍ കേസ് നല്‍കിയിട്ടുണ്ടോ?

2026-ലെ വോട്ടര്‍പട്ടിക പുതുക്കലിലൂടെ ബംഗാളില്‍ ഏകദേശം 91 ലക്ഷം പേരുകളാണ് നീക്കം ചെയ്യപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും മുസ്ലിം, ദളിത്, പിന്നാക്ക വിഭാഗക്കാരാണെന്ന ആക്ഷേപം ശക്തമാണ്. പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്, വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായ അല്ലെങ്കില്‍ ട്രിബ്യൂണല്‍ നടപടികള്‍ നേരിടുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ഈ തുക ലഭിക്കില്ലെന്നാണ്. നിലവിലുള്ള 2.2 കോടി ഗുണഭോക്താക്കളില്‍നിന്ന് ഏകദേശം 30 ലക്ഷം സ്ത്രീകളെങ്കിലും ഈ പുതിയ നിബന്ധനകള്‍ കാരണം പദ്ധതിക്ക് പുറത്താകുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അസമില്‍ പൗരത്വം തെളിയിക്കാന്‍ നടത്തിയ എന്‍.ആര്‍.സിപ്രക്രിയയ്ക്ക് സമാനമായ ഒരു അന്തരീക്ഷമാണ് ബംഗാളില്‍ ഈ ഫോം വഴി ഉണ്ടാകുന്നത്. പരസ്യമായി ഒരു പൗരത്വ പരിശോധന പ്രഖ്യാപിക്കാതെ തന്നെ, ഒരു ധനസഹായ പദ്ധതിയുടെ മറവില്‍ ജനങ്ങളുടെ പൗരത്വ രേഖകള്‍ ശേഖരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, സി.എ.എ വിവരങ്ങള്‍ എന്നിവയെല്ലാം ഒരൊറ്റ ഫോമിലൂടെ ബന്ധിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ഒരു വലിയ 'ഫാമിലി ഐഡന്റിറ്റി രജിസ്ട്രി' രൂപീകരിക്കുകയാണ്. ഹരിയാനയിലെ 'പരിവാര്‍ പെഹ്ചാന്‍ പത്ര' പദ്ധതിക്ക് സമാനമാണിതെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു കേന്ദ്രീകൃത സംവിധാനത്തില്‍ ഒരു രേഖയില്‍ ഉണ്ടാകുന്ന ചെറിയൊരു സാങ്കേതിക പിഴവ് മതിയാകും ആ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും (റേഷന്‍, പെന്‍ഷന്‍, ചികിത്സാ സഹായം) എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍.

പശ്ചിമ ബംഗാളിലെ വരാനിരിക്കുന്ന രാഷ്ട്രീയ നയങ്ങളായ 'കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക' എന്ന പ്രഖ്യാപനങ്ങളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഈ ഫോം വെറുമൊരു അഡ്മിനിസ്‌ട്രേറ്റീവ് ഫോം മാത്രമല്ലെന്ന് വ്യക്തമാകും. ഒരു പാവപ്പെട്ട സ്ത്രീ തന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും വിശപ്പകറ്റാനുമായി 3,000 രൂപയ്ക്ക് അപേക്ഷിക്കുമ്പോള്‍, അവള്‍ സ്വന്തം ഇഷ്ടപ്രകാരമല്ല ഈ വിവരങ്ങള്‍ നല്‍കുന്നത്. മറിച്ച്, ജീവിക്കാനുള്ള സാഹചര്യം നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാരിന്റെ കടുത്ത നിരീക്ഷണ വ്യവസ്ഥകള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ അവള്‍ നിര്‍ബന്ധിതയാവുകയാണ്. ഒരു വലിയ പൗരത്വ പ്രക്ഷോഭത്തിന് കാരണമായേക്കാവുന്ന വലിയൊരു വിവരശേഖരണം, വളരെ നിശബ്ദമായി ഒരു ക്ഷേമപദ്ധതിയിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നു എന്നതാണ് ഇതിന്റെ പിന്നിലെ രാഷ്ട്രീയ തന്ത്രം.

English Summary: The Annapurna Yojana, introduced by the BJP government in West Bengal as a women’s welfare initiative, promises a monthly financial assistance of ₹3,000. While the scheme has been promoted as a major step toward empowering women and supporting low-income families, it has also attracted significant criticism. Critics allege that the program serves broader political objectives and argue that the application process may marginalize vulnerable sections of society. Concerns have also been raised that the data collected through the scheme could potentially be linked to citizenship verification processes, a claim that has intensified political debate around the initiative.