ചരിത്രപ്രസിദ്ധമായ ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി യാത്രികർ ഭൂമിയിൽ തിരിച്ചെത്തിയതോടെ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ഇപ്പോൾ ചന്ദ്രനിൽ ഒളിഞ്ഞിരിക്കുന്ന അപൂർവ നിധികളിലേക്കു നീളുകയാണ്. അൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് വീണ്ടും സഞ്ചരിക്കുന്നത് കേവലം ദൂരപരിധിയുടെ റെക്കോർഡുകൾ ഭേദിക്കാൻ മാത്രമല്ല, മറിച്ച് ചന്ദ്രനിലെ വാട്ടർ ഐസും ഹീലിയം-3 നിക്ഷേപവും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ്. ഭൂമിയിലെ ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകാൻ ശേഷിയുള്ള ഹീലിയം-3 വാതകവും, ഭാവിയിലെ ചാന്ദ്ര കോളനികൾക്കും ഇന്ധന ഉത്പാദനത്തിനും നിർണ്ണായകമായ ജലസാന്നിധ്യവുമാണ് ഈ പര്യവേക്ഷണത്തിന് പിന്നിലെ യഥാർത്ഥ പ്രേരണ.
ചന്ദ്രനിലെ പ്രകൃതിവിഭവങ്ങൾക്ക് മേൽ അധികാരം സ്ഥാപിക്കാനുള്ള ആധുനിക കാലത്തെ ഒരു 'കൊളോണിയൽ നീക്കമായി' ഓരോ പുതിയ ചാന്ദ്ര ദൗത്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാർത്ഥ്യത്തിലേക്കാണ് ആർട്ടെമിസ് 2 വിന്റെ വിജയം വിരൽ ചൂണ്ടുന്നത്.
ചന്ദ്രനിലെ വിലമതിക്കാനാവാത്ത പ്രകൃതിവിഭവങ്ങൾ സ്വന്തമാക്കുന്നതിനായി വൻശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. ഭാവിയിലെ ഊർജ്ജസ്രോതസ്സായി ശാസ്ത്രലോകം വിലയിരുത്തുന്ന ഹീലിയം-3 നിക്ഷേപവും, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യവുമാണ് പുതിയ ചാന്ദ്രദൗത്യങ്ങളുടെ മുഖ്യ ആകർഷണം. ചന്ദ്രനെ ഒരു കോളനിയാക്കി മാറ്റുന്നതിനും അതിന്റെ നിയന്ത്രണം കൈക്കലാക്കുന്നതിനുമുള്ള നിയമപരമായ നീക്കങ്ങളും അന്താരാഷ്ട്രതലത്തിൽ സജീവമാണ്.
ബഹിരാകാശത്ത് ആർക്കും പരമാധികാരം അവകാശപ്പെടാൻ കഴിയില്ലെന്ന 1967-ലെ 'ഔട്ടർ സ്പേസ് ട്രീറ്റി' നിലവിലിരിക്കെത്തന്നെ, തന്ത്രപരമായ പഴുതുകളിലൂടെ ഈ ഉടമ്പടിയെ മറികടക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ചന്ദ്രനിലെ വിഭവങ്ങൾക്കുമേൽ ആധിപത്യം ഉറപ്പിക്കാനുള്ള ഈ നീക്കം ആഗോളതലത്തിൽ പുതിയൊരു കൊളോണിയൽ മത്സരത്തിന് വഴിതുറക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
കോടിക്കണക്കിന് ഡോളറുകളുടെ നിധി
ഹീലിയം 3 യും വാട്ടര്‍ ഐസുമെല്ലാം വെറും കൗതുകമായ കണ്ടെത്തലുകളല്ല. കോടിക്കണക്കിന് ഡോളറുകള്‍ മൂല്യം വരുന്ന അമൂല്യ നിധികളാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവങ്ങളിലെ ഇരുളടഞ്ഞ ഗര്‍ത്തങ്ങളിലാണ് വാട്ടര്‍ ഐസ് കാണപ്പെടുന്നത്. ഇത് കുടിക്കാന്‍ സാധിക്കുന്ന പാനീയമാണ്. അതിനപ്പുറം, ഹൈഡ്രജനും ഓക്‌സിജനുമായി വേര്‍ത്തിരിച്ച് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വ പര്യവേക്ഷണ ദൌത്യംപോലെയുള്ള യാത്രകള്‍ക്ക് വലിയൊരു ഇന്ധനച്ചെലവ് നാസക്ക് ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കുന്നതിനായി, ചന്ദ്രനെ ഉപയോഗിക്കാനും ഒരു 'ഗ്യാസ് സ്‌റ്റേഷന്‍' ആയി ചന്ദ്രനെ മാറ്റാനുമുള്ള നീക്കമാണിത്.
ഭൂമിയിൽ അതീവ അപൂർവമായ ഹീലിയം-3 എന്ന വാതകത്തിന്റെ വൻ ശേഖരം ചന്ദ്രനിലുണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നത്. സാധാരണ ഹീലിയത്തിൽ നിന്നും വ്യത്യസ്തമായ അണുഘടനയുള്ള (ഇതിനെയാണ് ശാസ്ത്രഭാഷയിൽ 'ഐസോടോപ്പ്' എന്ന് വിളിക്കുന്നത്) ഹീലിയം-3, ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾക്ക് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ളതാണ്. മലിനീകരണമില്ലാത്ത ന്യൂക്ലിയർ ഫ്യൂഷൻ വഴി വൻതോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഈ മൂലകം അത്യന്താപേക്ഷിതമാണ്.
കൂടാതെ, സ്മാർട്ട്‌ഫോണുകൾ, അത്യാധുനിക ബാറ്ററികൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് പ്രയോജനപ്പെടുന്ന സ്കാൻഡിയം, യട്രിയം തുടങ്ങിയ അപൂർവ ഭൗമധാതുക്കളും ചന്ദ്രനിലെ ഈ നിക്ഷേപങ്ങൾക്കൊപ്പം അടങ്ങിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. ചുരുക്കത്തിൽ, ചന്ദ്രനിലെ ഈ വിഭവങ്ങൾ കൈക്കലാക്കുന്നത് ആധുനിക ലോകത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ ആധിപത്യം ഉറപ്പിക്കുന്നതിന് തുല്യമാണ്.
ആര്‍ട്ടെമിസ് 2 ന്റെ വിജയം, ബഹിരാകാശ യാത്രകളില്‍ അമേരിക്കയുടെ സാങ്കേതികമേല്‍ക്കോയ്മയെ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നു. ദൗത്യത്തിലൂടെ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനും 'ഗേറ്റ്‌വേ' സ്ഥാപിക്കാനും യുഎസ് ലക്ഷ്യമിടുന്നു. മറുവശത്ത് റഷ്യയുമായി ചേര്‍ന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ രാജ്യാന്തര ലൂണാര്‍ റിസര്‍ച്ച് സ്റ്റേഷന്‍ നിര്‍മിക്കുകയാണ് ചൈന.
നാസയെപ്പോലുള്ള സർക്കാർ ഏജൻസികൾക്കൊപ്പം സ്‌പേസ് എക്‌സ് , ബ്ലൂ ഒറിജിൻ തുടങ്ങിയ വമ്പൻ സ്വകാര്യ കമ്പനികളും ചാന്ദ്രദൗത്യങ്ങളിൽ നിർണ്ണായക ശക്തിയായി മാറിക്കഴിഞ്ഞു. കേവലം യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനപ്പുറം, ചന്ദ്രനിലെ വിഭവങ്ങൾ ഖനനം ചെയ്തെടുക്കാനും അവ ഭൂമിയിലെത്തിക്കാനുമുള്ള വൻ പദ്ധതികളാണ് ഇലോൺ മസ്കിന്റെയും ജെഫ് ബെസോസിന്റെയും നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. ഭാവിയിൽ ചന്ദ്രനെ ഒരു വാണിജ്യ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ഗവേഷണങ്ങൾക്കും ഖനന സാങ്കേതികവിദ്യകൾക്കുമായി കോടിക്കണക്കിന് ഡോളറാണ് ഈ കമ്പനികൾ നിക്ഷേപിക്കുന്നത്. ബഹിരാകാശ പര്യവേക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിക്കുന്നത് ചന്ദ്രനിലെ വിഭവങ്ങൾക്കായുള്ള മത്സരത്തിന് പുതിയൊരു വാണിജ്യമാനം നൽകുന്നു..
അഞ്ച് പതിറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കാനുള്ള നാസയുടെ സ്വപ്നപദ്ധതിയായ ആർട്ടെമിസ് ദൗത്യം, ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ പുതിയൊരു അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന നിർണ്ണായക ദൗത്യങ്ങളുടെ മുന്നോടിയായുള്ള ഒരു പരീക്ഷണഘട്ടമെന്ന നിലയിൽ ഇതിനെ നാസ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഈ ദൗത്യത്തിലൂടെ ശേഖരിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ ഭാവിയിലെ സുദീർഘമായ ചാന്ദ്ര പര്യവേക്ഷണങ്ങൾക്കും അപ്പുറം ചൊവ്വയിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തിനും കൃത്യമായ ദിശാബോധം നൽകുമെന്നും നാസ വ്യക്തമാക്കുന്നു.
English Summary: Artemis 2’s successful mission highlights that the real goal goes beyond exploration, focusing on valuable lunar resources like helium-3 and water ice. These resources could power future energy and space travel, sparking a global race between major nations to explore and potentially control the Moon.