Explainer

സ്കോച്ച്, വിസ്‌കി, ചോക്ലേറ്റ്, കാറുകൾ വില കുറയും; ഇന്ത്യ-യുകെ വ്യാപാര കരാർ പ്രാബല്യത്തിൽ

നിരവധി ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് വില കുറയും. ഇന്ത്യൻ കയറ്റുമതിയിലും പുതിയ അവസരങ്ങൾ തുറക്കും

Madism Desk

ഇന്ത്യയും യു കെയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ പ്രാബല്യത്തില്‍. ഇതോടെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ കയറ്റുമതി അവസരങ്ങളാണ് ഇന്ത്യൻ ഉത്പാദകർക്ക് മുന്നിൽ വാതിൽ തുറക്കുന്നത്. കരാര്‍ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയില്‍ നിന്നു വളരാൻ ഇന്ത്യയ്ക്ക് അവസരം നൽകുമെന്നുമാണ് വിലയിരുത്തൽ. ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകളിലൊന്നാണിതെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. ഇന്ത്യയിലെ സാധാരണകാരനെ ഈ സ്വതന്ത്ര കരാർ എങ്ങനെ സ്വാധീനിക്കുമെന്ന് മനസിലാക്കാം.

എന്താണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ?

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വന്ത്ര വ്യാപാര കരാർ (എഫ് ടി എ) ഇന്ത്യൻ പൗരന്‍മാര്‍ക്ക് പല വിധത്തിൽ ​ഗുണം ചെയ്യുന്നതാണ്. ഈ കരാർ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ് നൽകും. ലോകത്തിലെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള കരാര്‍ യു കെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിന്റെയും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ 90 ശതമാനത്തിന്റെയും തീരുവ നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുന്നു.

യൂറോപ്യൻ യൂണിയൻ വിട്ടതിന് ശേഷമുള്ള ഏറ്റവും വലുതും സാമ്പത്തികമായി ഏറ്റവും പ്രാധാന്യമുള്ളതുമായ ഉഭയകക്ഷി വ്യാപാര കരാറായാണ് യു കെ ഇതിനെ വിശേഷിപ്പിച്ചത്. കരാർ നിലവിൽ വന്നാൽ ജി ഡി പി 0.13 ശതമാനം വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മറുവശത്ത് ഇന്ത്യയുടെ ജി ഡി പി 0.06 ശതമാനമായി വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഈ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന് 'ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ' എന്ന വ്യവസ്ഥയാണ്. ഇതുപ്രകാരം, ബ്രിട്ടനിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രഫഷണലുകളും അവരുടെ തൊഴിലുടമകളും ഒരേസമയം രണ്ട് രാജ്യങ്ങളിലും സോഷ്യൽ സെക്യൂരിറ്റി വിഹിതം അടയ്ക്കേണ്ടതില്ല. ഹ്രസ്വകാലത്തേക്ക് നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് അഞ്ച് വർഷം വരെ ഇന്ത്യയിൽ മാത്രം വിഹിതം അടച്ചാൽ മതിയാകും. ഇത് ഇന്ത്യൻ ഐ.ടി കമ്പനികൾക്കും മറ്റ് സേവന കയറ്റുമതിക്കാർക്കും ചെലവ് കുറക്കാൻ സഹായിക്കും.

കരാർ ഇന്ത്യയിലെ ഏതൊക്കെ മേഖലകളിൽ നേട്ടമുണ്ടാക്കും?

എഫ്‌ ടി‌ എ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിലെ തുണിത്തരങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ, ഓട്ടോ പാർട്‌സ്, എഞ്ചിനുകൾ, ഫർണിച്ചർ, സ്‌പോർട്‌സ് ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, യന്ത്രങ്ങൾ തുടങ്ങി ഒന്നിലധികം മേഖലകൾക്ക് നേട്ടമുണ്ടാകും. ഈ മേഖലകളിലെ ഉൽപ്പന്നങ്ങൾക്ക് ഇതുവരെ നാല് ശതമാനം മുതൽ 16 ശതമാനം വരെയാണ് യു കെയിൽ തീരുവ ചുമത്തിയിരുന്നത്. സ്വർണ്ണം, വജ്രാഭരണങ്ങൾ, തുകൽ വസ്തുക്കൾ എന്നിവയ്ക്ക് പൂജ്യം താരിഫ് ഏർപ്പെടുത്തുന്നത് ഇന്ത്യയിലെ ചെറുകിട കയറ്റുമതിക്കാർക്കും ആഡംബര ഉൽപ്പന്ന നിർമ്മാതാക്കൾക്കും ശക്തി പകരും.

കേരളം, അസം, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതിക്ക് ഉത്തേജനം നൽകിക്കൊണ്ട് ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍, ബസുമതി അരി, ചെമ്മീൻ, സുഗന്ധവ്യഞ്ജനങ്ങൾ, ചായ എന്നിവയുടെ തീരുവയും കുറയ്ക്കും. എഫ്‌ ടി‌ എ പ്രകാരം, ഇന്ത്യയിലെ പ്രീമിയം ഭക്ഷ്യ ബ്രാൻഡുകൾക്ക് യു കെ വിപണിയിലേക്കുള്ള പ്രവേശനവും മെച്ചപ്പെടുത്തും. കാർഷിക രാസവസ്തുക്കൾ, വ്യാവസായിക രാസവസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ എന്നിവയുടെ തീരുവയും നീക്കം ചെയ്യും. യു കെയിലേക്കുള്ള ഇന്ത്യയുടെ രാസ കയറ്റുമതി 2030 ആകുമ്പോഴേക്കും ഇരട്ടിയാകും.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് എന്തെല്ലാം നേട്ടങ്ങൾ ലഭിക്കും?

ഇന്ത്യ-യു.കെ വ്യാപാര കരാർ കയറ്റുമതിക്കാർക്കൊപ്പം രാജ്യത്തെ സാധാരണക്കാർക്കും നേട്ടമുണ്ടാക്കും. ഇന്ത്യയിൽ ചില ഉൽപ്പന്നങ്ങളുടെ തീരുവ കുറയുന്നതോടെ അവയുടെ വിലയും കുറയും. ഇത് സാധാരണക്കാർക്ക് ആശ്വാസമായി മാറും. എഫ്‌ ടി‌ എ വിവിധ തരം പ്രീമിയം മദ്യങ്ങൾക്ക് താരിഫ് ഇളവുകൾ നൽകുന്നുണ്ട്. സ്കോച്ച് വിസ്‌കിയുടെയും ജിന്നിന്റെയും താരിഫ് 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായും അടുത്ത 10 വർഷത്തിനുള്ളിൽ 40 ശതമാനമായും കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.

ഈ വ്യാപാര കരാറിലൂടെ യു കെയിൽ നിർമ്മിക്കുന്ന കാറുകളുടെയും ട്രക്കുകളുടെയും ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഈ വാഹനങ്ങളുടെ താരിഫ് ഘട്ടം ഘട്ടമായി 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കുള്ള ഇളവ് ‌ആദ്യ ദിവസം മുതൽ ആരംഭിക്കുമെന്ന് കരാറിൽ പറയുന്നു. അതേസമയം, കരാർ ആരംഭിച്ച് ആറാം വർഷം മുതൽ ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജൻ എന്നിവയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ വാഹനങ്ങൾക്കും ഇളവുകൾ ലഭിക്കും.

യു കെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സൗന്ദര്യവർധക വസ്തുക്കളുടെയും വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ, ഈ ഉൽപ്പന്നങ്ങൾക്ക് 22 ശതമാനം വരെ ഇറക്കുമതി തീരുവ ഉണ്ടായിരുന്നു. ഇത് 10 വർഷത്തിനുള്ളിൽ പൂജ്യമായി കുറയ്ക്കും. ബ്രിട്ടീഷ് ഉൽപ്പന്നങ്ങളായ ചോക്ലേറ്റുകൾ, മധുരമുള്ള ബിസ്‌ക്കറ്റുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയും അവയുടെ തീരുവ കുറയ്ക്കുന്നതിലൂടെ വിലയും കുറയും. ഇന്ത്യ-യു കെ വ്യാപാര കരാർ പ്രകാരം ബ്രിട്ടനിൽ നിന്നുള്ള വെള്ളി ഇറക്കുമതിക്കും ക്രമേണ താരിഫ് കുറയും. ശസ്ത്രക്രിയാ ഉപകരണങ്ങൾ, രോഗനിർണയ ഉപകരണങ്ങൾ, ഇ സി ജി മെഷീനുകൾ, എക്സറേ സംവിധാനങ്ങൾ എന്നിവയ്ക്കും തീരുവ കുറയും.

ഈ കരാർ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുമെന്നാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. സ്ത്രീകൾ, കർഷകർ, യുവാക്കൾ, യുവ സംരംഭകർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്കെല്ലാം ഇത് സൃഷ്ടിക്കുന്ന അവസരങ്ങളിൽ നിന്ന് നേട്ടമുണ്ടാകുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

The India–UK Free Trade Agreement (FTA) comes into force today, marking one of the most significant trade deals between the two countries. The agreement removes or reduces tariffs on most traded goods, creating major export opportunities for Indian businesses while making several UK products more affordable for Indian consumers.

Key Indian export sectors expected to benefit include textiles, leather, gems and jewellery, auto components, engineering goods, furniture, chemicals, machinery, tea, spices, basmati rice, and seafood. The deal also exempts eligible Indian professionals temporarily working in the UK from paying UK National Insurance contributions for up to five years under the Double Contribution Convention (DCC).