തമിഴ്നാട് തൂത്തുക്കുടിയിൽ മൊബൈൽ ഷോപ്പ് ഉടമയെയും മകനെയും കസ്റ്റഡിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഒൻപത് പൊലീസുകാർക്ക് വധശിക്ഷ നല്‍കിയ വിചാരണക്കോടതി വിധി നിയമവൃത്തങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. 2020ല്‍ ജില്ലയിലെ സാത്താൻകുളം പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവത്തിൽ മധുരൈ കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥ കാലം ഓർമപ്പെടുത്തും വിധം നടന്ന അതിക്രൂരമായ കസ്റ്റഡി കൊല അപൂർവങ്ങളില്‍ അപൂർവമെന്നായിരുന്നു വിധിയിൽ ജഡ്ജി ജി. മുത്തുകുമാരൻ നിരീക്ഷിച്ചത്.
2020 ജൂൺ 19-നായിരുന്നു തമിഴ്‌നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയം. ലോക്ക്ഡൗൺ നിയമങ്ങള്‍ അംഗീകരിച്ചില്ലെന്ന കുറ്റത്തിന് മൊബൈൽ ഷോപ്പ് നടത്തിയിരുന്ന പി. ജയരാജിനെയും ൃമകൻ ജെ. ബെനിക്സിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നു. കൊറോണ സമയമായത് കൊണ്ടുതന്നെ 24 മണിക്കൂറില്‍ ജാമ്യം നല്‍കാനായി അഭിഭാഷകരെയോ, ഇതര നിയമസംവിധാന സഹായങ്ങളോ എത്തിക്കാന്‍ പി. ജയരാജിന്‍റെ കുടുംബത്തിന് സാധിച്ചിരുന്നില്ല.
അറസ്റ്റ് ചെയ്യപ്പെട്ടതിന് 24 മണിക്കൂറിനുശേഷം ഇരുവരെയും കോവിൽപട്ടി സബ് ജയിലിലേക്കു മാറ്റി. അടുത്ത രണ്ടു ദിവസങ്ങൾക്കിടയിൽ ശക്തമായ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു, ചികിത്സ പുരോഗമിക്കുന്നതിനിടെ ജൂൺ 22നും 23നുമായി തൊട്ടടുത്ത ദിവസങ്ങളിൽ അച്ഛനും മകനും മരിച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന സമയത്ത് ഇരുവർക്കും പൊലീസിന്റെ അതിക്രൂരമായ മർദ്ദനങ്ങള്‍ വിധേയമാകേണ്ടി വന്നിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അറസ്റ്റിന് ആധാരമായ ആരോപണങ്ങളും വ്യാജമാണെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു.
സംഭവത്തിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സാത്തൻകുളം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ പി. രഘു ഗണേഷ്, കെ. ബാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിള്മാരായ എസ്. മുരുകൻ, എ. സാമിദുരൈ, കോൺസ്റ്റബിള്മാരായ എം. മുത്തുരാജ്, എസ്. ചെല്ലദുരൈ, എക്സ്. തോമസ് ഫ്രാൻസിസ്, എസ്. വേലുമുത്തു എന്നിവർ കേസില്‍ വൈകാതെ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് പുരോഗമിക്കുന്നതിനിടെ കോൺസ്റ്റബിൾ പാൽ ദുരൈ മരിച്ചു.
ഒരുപക്ഷേ വലിയ കോളിളക്കമുണ്ടാക്കാതെ കടന്നുപോകുമായിരുന്ന കേസിന്റെ ഗതിമാറ്റിയത് ഒരു വനിത ഹെഡ് കോൺസ്റ്റബിളിന്റെ സാക്ഷി മൊഴിയാണ്. അറസ്റ്റിന് പിന്നാലെ ഇരുവരെയും രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ചിരുന്നുവെന്നായിരുന്നു ആ നിർണായക മൊഴി. ഇത് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമാവുകയും ചെയ്തു. ക്രൂരമായ മർദ്ദനങ്ങളിലൂടെ ഗുരുതരമായി പരുക്കേറ്റശേഷമാണ് ഇരുവരെയും പൊലീസ് ജയിലിലേക്ക് മാറ്റിയത്.
ക്രൂരമായ ശാരീരിക പീഡനത്തിനാണ് ഇരുവരും ഇരയായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. ലാത്തി ഉപയോഗിച്ച് ഇരുവരുടെയും ജനനേന്ദ്രിയങ്ങളില്‍ പൊലീസ് ക്ഷതമേല്‍പ്പിച്ചുവെന്നും മെഡിക്കല്‍ റിപ്പോർട്ട് സാക്ഷ്യം പറഞ്ഞു. ക്രൂരമർദനത്തിനുശേഷം പ്രതികള്‍ തെളിവുകൾ നശിപ്പിച്ച് അധികാര ദുരുപയോഗം നടത്തി രക്ഷപ്പെടാനുള്ള അവസാന ശ്രമവും നടത്തി. മർദനത്തിൽ രക്തം വാർന്ന നിലയിൽ അവശരായ ഇരകളെ സ്വന്തം രക്തം വൃത്തിയാക്കാൻ നിർബന്ധിച്ചുവെന്നും ഇതിനൊപ്പം ആരോപണം ഉയർന്നു. രക്തംപുരണ്ട വസ്ത്രങ്ങൾ പൊലീസ് നശിപ്പിച്ചതായും പിന്നീട് കണ്ടെത്തി.
മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് സ്വമേധയാ കേസില്‍ ഇടപെട്ടു. കോടതി നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. പൊതുജനരോഷത്തെ തുടർന്ന് തമിഴ്നാട് സർക്കാർ കേസ് സി.ബി.ഐയ്ക്ക് കൈമാറുകയും 24 പൊലീസുകാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിൽനിന്നുള്ള തെളിവുകൾ ശേഖരിക്കാൻ അധികൃതർ സഹകരിക്കാത്ത സാഹചര്യത്തിൽ റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ഹൈക്കോടതിയും ഇക്കാലയളവില്‍ ഇടപെട്ടു. പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിലൂടെ ഭയമില്ലാതെ സാക്ഷികള്‍ മൊഴി രേഖപ്പെടുത്തി.
2020 സെപ്റ്റംബർ 25-ന് ഒൻപത് പൊലീസുകാരെതിരെ സി.ബിഐ കുറ്റപത്രം സമർപ്പിച്ചു. 2022 ഓഗസ്റ്റ് 12-ന് അനുബന്ധ കുറ്റപത്രവും സമർപ്പിച്ചതോടെ പ്രതികള്‍ക്ക് കോടതിയില്‍ കുറ്റകൃത്യം തെളിയിക്കപ്പെട്ടു. ആറ് വർഷം നീണ്ട വിചാരണയ്ക്കുശേഷം എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയും ചെയ്തു.
English Summary: A Madurai trial court has sentenced nine police personnel to death in the 2020 Sathankulam custodial deaths of a father and son in Tamil Nadu. The verdict follows years of investigation into custodial torture, evidence destruction, and abuse of power, marking a landmark judgment in India’s human rights history.