Explainer

നിശ്ചലമായി ടെലഗ്രാം, പ്ലേ സ്റ്റോറിൽ നിന്നും നീക്കി; എങ്ങനെ വാട്സ്ആപ്പ് രക്ഷപെട്ടു?

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മാഫിയാ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്

Madism Desk

ജൂൺ 21ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി കനത്ത ജാഗ്രതയിലാണ് രാജ്യം. താല്‍ക്കാലികമായി വിലക്കിയ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്നും നീക്കി. സർക്കാർ നിയന്ത്രണങ്ങളെ തുടർന്നാണ് ഗൂഗിളിന്റെ നടപടി.

ഇനി ഇന്ത്യയിലാർക്കും ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല. ജൂൺ 30 വരെ ടെലഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറും പ്രവർത്തിക്കില്ല.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മാഫിയാ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്.

പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താൽക്കാലിക നിരോധനത്തിലേക്ക് നയിച്ചത്. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്.

എൻടിഎ പറയുന്നതനുസരിച്ച്, ടെലഗ്രാമിൽ പരസ്യമായി പ്രവർത്തിച്ചിരുന്ന ചില ചാനലുകൾ പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും ഏതാനും ആയിരം രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ ഈടാക്കിയിരുന്നു. പേപ്പർ ലീക്ക്ഡ് നീറ്റ്, റീ-നീറ്റ് 2026, പ്രൈവറ്റ് മാഫിയ, റീ നീറ്റ് മാഫിയ തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകളായിരുന്നു ഇത്.

ചോർന്ന ചോദ്യപേപ്പറുകൾ നൽകാമെന്നും വിജയം ഉറപ്പാണെന്നും അവകാശപ്പെട്ട് ആശങ്കയിലായ വിദ്യാർഥികളെ വലയിലാക്കാൻ സംഘടിത കോപ്പിയടി സംഘങ്ങൾ ടെലഗ്രാം ചാനലുകളും ഗ്രൂപ്പുകളും ദുരുപയോഗം ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നുണ്ട്.

ഇങ്ങനെ വ്യാപകമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടതോടെയാണ് പരീക്ഷ അവസാനിക്കുന്നത് വരെ കടുത്ത നടപടിയിലേക്ക് കേന്ദ്രം നീങ്ങിയത്. നടപടിക്കെതിരെ ഇതിനോടകം തന്നെ വിമർശനങ്ങളുയർന്നിട്ടുണ്ടെങ്കിലും സുതാര്യമായി പരീക്ഷ നടത്തുകയെന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ കേന്ദ്രത്തിന് മുന്നിലുള്ളത്. പരീക്ഷ നടന്ന് ഒരാഴ്ചയ്ക്ക് ശേഷമേ മെസേജ് എഡിറ്റിംഗ് ഫീച്ചർ പോലും പ്രവർത്തിക്കുകയുള്ളൂ.

എന്തുകൊണ്ട് ടെലഗ്രാം?

ഇങ്ങനെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള കാരണങ്ങളിലൊന്ന് ടെലഗ്രാം ഡിസൈൻ ചെയ്തിരിക്കുന്ന രീതിയാണ്. മെസേജുകൾ എഡിറ്റ് ചെയ്യാനും പിഡിഎഫ് അടക്കമുള്ള ഫയലുകൾ റീപ്ലേസ് ചെയ്യാനുമൊക്കെ വളരെയെളുപ്പത്തിൽ ടെലഗ്രാമിലൂടെ സാധിക്കും. ടെലഗ്രാമിൽ ഒരു പ്രൊഫൈൽ സൃഷ്ടിക്കുമ്പോൾ ഫോൺ നമ്പർ മറ്റ് ഉപയോക്താക്കളിൽ നിന്ന് മറച്ചുവയ്ക്കാനാകും. പേരുപയോഗിച്ച് മാത്രം ആപ്പ് ഉപയോഗിക്കാനും സാധിക്കും. പ്രൊഫൈൽ സൃഷ്ടിച്ചുകഴിഞ്ഞാൽ, പരിധിയില്ലാതെ സബ്‌സ്‌ക്രൈബർമാരുള്ള ചാനൽ എളുപ്പത്തിൽ ആരംഭിക്കാം. ഇതെല്ലാം ചെയ്യുമ്പോഴും ഉപയോക്താവിന്റെ യഥാർഥ തിരിച്ചറിയൽ അജ്ഞാതമായി തുടരും..

മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഒരുകൂട്ടമാളുകൾക്ക് ലക്ഷണക്കണക്കിന് ആളുകളുള്ള ഒരു ചാനൽ യാതൊരുവിധ ഐഡന്റിറ്റിയും വെളിപ്പെടുത്താതെ നടത്തിക്കൊണ്ടുപോകാം. അതുവഴി എന്ത് തട്ടിപ്പ് വേണമെങ്കിലും ആവുകയുമാകാം. ആരാണതിന് പിന്നിലെന്ന് കണ്ടെത്താനാവില്ല. പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്താലും അവയുടെ യഥാർഥ സമയം (ടൈംസ്റ്റാമ്പ്) നിലനിൽക്കും.

ഈ സൗകര്യം ദുരുപയോഗം ചെയ്ത് അഡ്മിന്മാർ പഴയ സന്ദേശങ്ങൾ തിരുത്തുകയും ചിലപ്പോൾ അവയ്ക്ക് പകരം PDF ഫയലുകൾ ചേർക്കുകയും ചെയ്തിരുന്നുവെന്ന് എൻടിഎ പറയുന്നു. ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ തെളിവുകൾ സൃഷ്ടിക്കാനായിരുന്നു ഇതെന്നാണ് ആരോപണം. ഇതിനെ തുടർന്നാണ് ഇന്ത്യയിൽ ഈ എഡിറ്റിംഗ് ഫീച്ചറും ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കിയിരിക്കുന്നത്.

എന്തുകൊണ്ട് വാട്സ്ആപ്പിന് നിയന്ത്രണമില്ല?

ഇന്ത്യയിൽ ടെലഗ്രാം നിയന്ത്രിച്ചതിന് പിന്നാലെ എന്തുകൊണ്ട് വാട്സആപ്പിനെ ഒഴിവാക്കി എന്നതിൽ വലിയ തർക്കങ്ങളും ഉടലെടുക്കുന്നുണ്ട്. ടെലഗ്രാമിലൂടെ ചോദ്യപേപ്പർ ചോരുമെങ്കിൽ വാട്സാപ്പിലൂടെയുമാകാം എന്നാണ് വിമർശകരുടെ വാദം. എന്നാൽ ടെലഗ്രാമിനെ പോലെയല്ല എഡിറ്റ് ഫീച്ചർ ഉൾപ്പടെ വാട്സ്ആപ്പിൽ ഡിസൈൻ ചെയ്തിരിക്കുന്നത് എന്നതാണ് ഇതിനൊരു പ്രധാന കാരണം.

വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻ മാത്രമാണ് അനുമതിയുള്ളത്. അതും പരിമിത സമയത്തിനുള്ളിൽ മാത്രമേ സാധിക്കൂ. കൂടാതെ, എഡിറ്റ് ചെയ്ത സന്ദേശത്തിലേക്ക് പുതിയ ഫയലുകൾ ചേർക്കാനും വാട്‌സ്ആപ്പ് അനുവദിക്കുന്നില്ല.

നീറ്റ് സംബന്ധിച്ച നിലവിലെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിനെതിരെ സർക്കാർ ഇതുവരെ പൊതുവായി യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ല.

വാട്‌സ്ആപ്പും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കപ്പെടാമെങ്കിലും, അതിന്റെ രൂപകൽപ്പന കൂടുതൽ നിയന്ത്രിതമാണ്. ആശയവിനിമയം പ്രധാനമായും ഫോൺ നമ്പറുകളുമായി ബന്ധിപ്പിച്ച സ്വകാര്യ ചാറ്റുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമാണ് നടക്കുന്നത്. അതിനാൽ, ടെലഗ്രാമിലെ ചാനൽ അധിഷ്ഠിത സംവിധാനത്തെ അപേക്ഷിച്ച് വലിയ തോതിലുള്ള പൊതുപ്രക്ഷേപണം (public broadcasting) വാട്‌സ്ആപ്പിൽ താരതമ്യേന കുറവാണ്.

വാട്‌സ്ആപ്പ് ഇന്ത്യയിൽ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ട്. എന്നാൽ ടെലഗ്രാമിന് ഇന്ത്യയിൽ ഓഫീസ് ഇല്ലാത്തതിനാൽ നിയമനടപടികൾ നടപ്പാക്കുന്നത് താരതമ്യേന കൂടുതൽ ബുദ്ധിമുട്ടുള്ളതാണ്.

വാട്‌സ്ആപ്പിന്റെ ഉടമസ്ഥരായ മെറ്റ AI അധിഷ്ഠിത ഉപകരണങ്ങൾ ഉപയോഗിച്ച് ഉപയോഗരീതികൾ സ്വയമേവ നിരീക്ഷിക്കുന്നുണ്ട്. സ്വകാര്യ സന്ദേശങ്ങളുടെയോ സംഭാഷണങ്ങളുടെയോ ഉള്ളടക്കം തങ്ങൾക്ക് കാണാനാകില്ലെന്നാണ് കമ്പനി പറയുന്നത്. എന്നാൽ പൊതുഗ്രൂപ്പുകളിലെ പ്രവർത്തനരീതികളും ഉപയോക്തൃ പെരുമാറ്റവും AI ഉപയോഗിച്ച് നിരീക്ഷിക്കാറുണ്ട്.

ഇത്തരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളാണ് സൈബർ കുറ്റവാളികളും തട്ടിപ്പ് ശൃംഖലകളും ടെലഗ്രാമിനെ കൂടുതൽ ആശ്രയിക്കുന്നതിന് ഒരു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അതിനാലാണ് നിയന്ത്രണ ഏജൻസികൾ ടെലഗ്രാമിനെ കൂടുതൽ ലക്ഷ്യമിടുന്നതും.

ഏത് ആപ്പാണ് കൂടുതൽ ജനപ്രിയമെന്നതല്ല തീരുമാനത്തിന്റെ അടിസ്ഥാനം. അധികാരികളുടെ വിലയിരുത്തലിൽ, പ്രത്യേക തരത്തിലുള്ള ക്രമക്കേടുകൾ വ്യാപകമായി നടത്താൻ ഏത് പ്ലാറ്റ്‌ഫോമാണ് കൂടുതൽ ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളത് എന്നതിനാണ് പ്രധാന പരിഗണന.

English Summary: India is on high alert ahead of the NEET re-examination scheduled for June 21. The Telegram app, which has been temporarily banned, has been removed from the Play Store following government restrictions.

As a result, users in India can no longer download the app. Telegram’s message-editing feature will also remain disabled until June 30. The temporary ban on the popular messaging platform was imposed after reports emerged of mafia involvement in the NEET question paper leak case.

The move was prompted by the widespread use of Telegram for spreading false claims about leaked question papers ahead of the re-examination and for carrying out large-scale financial scams. Several Telegram channels and bots have also been removed.