സൂര്യന്‍ കത്തി ജ്വലിക്കുന്ന ഈ ചൂടുകാലത്ത് എസിയെ ആശ്രയിക്കാത്ത മലയാളികള്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍, എസിയുടെ ഉപയോഗം ചില വേളകളില്‍ നമ്മളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന കണ്ടെത്തലുകളുമായി വന്നിരിക്കുകയാണ് യെലഹങ്കയിലെ മണിപാല്‍ ആശുപത്രിയിലെ പള്‍മണോളജി വിഭാഗം ഡോക്ടറായ ഭരത് ഛബ്രിയ.
നട്ടുച്ചക്ക് ചൂടത്തുനിന്ന് എസി റൂമിലേക്ക് കയറിപ്പോകുമ്പോള്‍ നമുക്ക് കിട്ടുന്ന ആശ്വാസം ചെറുതല്ല. ശരീരം തണുക്കുന്നതും, വിയര്‍പ്പ് ഇല്ലാതാവുന്നതും മാനസികമായി നമ്മളെ ശാന്തരാക്കുന്നു. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ഇത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കഠിനമായ ചൂടില്‍ നിന്ന് കഠിനമായ തണുപ്പിലേക്ക് കടക്കുമ്പോള്‍ പലര്‍ക്കും തലവേദനയും മൂക്കടപ്പും അനുഭവപ്പെട്ടേക്കാം.
മണിക്കൂറുകളോളം എസി റൂമില്‍ ഇരിക്കുന്നത് തൊണ്ടയില്‍ പോറല്‍ വീഴുന്നത് പോലുള്ള അസ്വസ്ഥകളും സൃഷ്ടിക്കാം. ചൂടില്‍ നിന്ന് തണുപ്പിലേക്ക് പെട്ടെന്നുള്ള മാറ്റം ശ്വാസോഛ്വാസത്തെ ബുദ്ധിമുട്ടിലാക്കും. ചിലരില്‍ ഇത് വീര്‍പ്പുമുട്ടലുകളും ശരീരവേദനയും ഉണ്ടാക്കാറുണ്ട്. ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആളുകള്‍ക്ക് പലപ്പോഴും തണുപ്പുള്ള അന്തരീക്ഷത്തിൽ സുഖമില്ലായ്മ അനുഭവപ്പെടുന്നതിന് കാരണവും ഇതാണ്.
മുറിയിലെ വായു തണുപ്പിക്കുന്നതിലുപരിയായി, അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാനും എസികൾക്ക് (AC) കഴിവുണ്ട്. എന്നാൽ ദീർഘനേരം എസി പ്രവർത്തിപ്പിക്കുന്നത് മുറിക്കുള്ളിലെ ഈർപ്പം പൂർണ്ണമായും നഷ്ടപ്പെട്ട് അന്തരീക്ഷം വരണ്ടതാകാൻ കാരണമാകും. ഇത് തൊണ്ടയിലെ വരൾച്ച, ശ്വസന തടസ്സം, നിർജ്ജലീകരണം തുടങ്ങിയ ശാരീരിക അസ്വസ്ഥതകളിലേക്ക് നയിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (NIH) പഠനപ്രകാരം, അടച്ചിട്ട മുറികളിലെ ഈ ഈർപ്പമില്ലായ്മ വായ, മൂക്ക്, തൊണ്ട എന്നിവിടങ്ങളിലെ സംരക്ഷണ പാളിയായ മ്യൂക്കസ് മെംബ്രെയ്‌നെ (Mucus Membrane) വരണ്ടതാക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു. ഇത് വായുസഞ്ചാരമില്ലാത്ത മുറികളിൽ അണുബാധകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും
കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ എസി കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഫില്‍ട്ടറുകളും നാളികളും കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ പൊടി, പൂപ്പല്‍ എന്നിവയും അതുവഴി ബാക്ടീരിയകളേയും എസി പുറത്തുവിടും. ഇതുമൂലം അലര്‍ജി, ആസ്മ, തുടര്‍ച്ചയായ തുമ്മല്‍, ചുമ എന്നിവ പിടിപെട്ടേക്കാം.
ചിലര്‍ക്ക് എസിയില്‍ തുടര്‍ച്ചയായി ഇരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാറില്ല. ഇതിന്റെ പ്രധാന കാരണമാകുന്നത് ഓരോരുത്തര്‍ക്കും നേരത്തേ പിടിപെട്ട രോഗങ്ങളുടെ സ്വാധീനം തന്നെയാണ്. ശ്വാസതടസ്സമോ അലര്‍ജി സംബന്ധമോ ആയ രോഗങ്ങള്‍ ഇതുവരെ നേരിടാത്തവര്‍ക്ക് എസി അത്രവലിയ പ്രശ്‌നമായി തോന്നില്ല.
English Summary: Doctors warn that excessive use of air conditioners during summer may lead to nasal blockage, throat dryness, and respiratory issues including asthma, especially if not properly maintained.