Health

മുട്ട മാത്രം കഴിച്ചാല്‍ കുട്ടികള്‍ക്ക് മതിയായ പോഷണം ലഭിക്കുമോ? പോഷകാഹാര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടർ പറയുന്നത്

ഒരു ഭക്ഷണം മാത്രം കുട്ടികളുടെ എല്ലാ പോഷകാവശ്യങ്ങളും നിറവേറ്റില്ലെന്ന് ദേശീയ പോഷകാഹാര ഇന്‍സ്റ്റിറ്റ്യൂട്ട്

Madism Desk

കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മുട്ട മാത്രം കഴിച്ചാല്‍ മതിയാകില്ലെന്നും വിവിധ ഭക്ഷ്യവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സമീകൃതവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണക്രമമാണ് ഏറ്റവും പ്രധാനമെന്നും ദേശീയ പോഷകാഹാര ഇന്‍സ്റ്റിറ്റ്യൂട്ട് (എൻ ഐ എൻ) ഡയറക്ടര്‍ ഡോ. ഭാരതി കുല്‍ക്കര്‍ണി. കുട്ടികളുടെ പോഷകാഹാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു ഭക്ഷണത്തില്‍ മാത്രം ഒതുക്കാതെ ഗുണനിലവാരത്തിനും വൈവിധ്യത്തിനും പ്രാധാന്യം നല്‍കണമെന്നും അവര്‍ പറഞ്ഞു.

സ്‌കൂള്‍ പ്രായത്തില്‍ പോഷകാഹാരം നിര്‍ണായകം

ആറ് മുതല്‍ 18 വയസ് വരെയുള്ള കാലഘട്ടം കുട്ടികളുടെ ശാരീരിക വളര്‍ച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഏറെ പ്രധാനമാണെന്ന് ഡോ. കുല്‍ക്കര്‍ണി വ്യക്തമാക്കി. ഈ പ്രായത്തില്‍ ലഭിക്കുന്ന പോഷകാഹാരം ഉയരം, ഭാരം, പഠനശേഷി, ഏകാഗ്രത, അക്കാദമിക പ്രകടനം എന്നിവയെ നേരിട്ട് സ്വാധീനിക്കുമെന്നും അവര്‍ പറഞ്ഞു.

മുട്ട മാത്രമല്ല, വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് പ്രധാനം

മുട്ട ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണമാണെങ്കിലും അത് കുട്ടികളുടെ ഭക്ഷണത്തിലെ ഒരു ഘടകം മാത്രമാണെന്ന് അവര്‍ പറഞ്ഞു. ധാന്യങ്ങള്‍, ചെറുധാന്യങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, പാല്‍, മുട്ട, മത്സ്യം അല്ലെങ്കില്‍ മാംസം, നട്‌സ്, വിത്തുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമീകൃത ഭക്ഷണമാണ് കുട്ടികള്‍ക്കു നല്‍കേണ്ടത്. അമിത പഞ്ചസാരയും ഉപ്പും കൊഴുപ്പും അടങ്ങിയ അമിതമായി സംസ്കരിച്ച (അള്‍ട്രാ-പ്രോസസ്ഡ്) ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നു.

സസ്യപ്രോട്ടീനും മികച്ച തിരഞ്ഞെടുപ്പ്

മുട്ടയ്ക്കുപകരം ഒരു ഭക്ഷണത്തെ മാത്രം ആശ്രയിക്കുന്നതിനേക്കാള്‍ വിവിധ സസ്യപ്രോട്ടീന്‍ ഉറവിടങ്ങള്‍ ചേര്‍ത്തുകഴിക്കുന്നതാണ് നല്ലതെന്ന് ഡോ. ഭാരതി കുല്‍ക്കര്‍ണി പറഞ്ഞു. പരിപ്പ്, കടല, രാജ്മ, സോയ, ടോഫു, പാല്‍, തൈര്, പനീര്‍, നിലക്കടല, വിവിധ നട്‌സ് എന്നിവ പ്രോട്ടീന്റെ നല്ല ഉറവിടങ്ങളാണ്. അരിയും പരിപ്പും, ഇഡ്‌ലി-സാംബാര്‍, ചപ്പാത്തി-കടലക്കറി തുടങ്ങിയ ഇന്ത്യന്‍ ഭക്ഷണസംയോജനങ്ങള്‍ പ്രോട്ടീന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ട വേണോ?

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് പോഷകഗുണം വര്‍ധിപ്പിക്കുമെന്ന് എന്‍ഐഎന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ തീരുമാനമാണ്. മുട്ട നല്‍കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മറ്റു പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയും കുട്ടികളുടെ പോഷകാവശ്യങ്ങള്‍ നിറവേറ്റാനാകുമെന്ന് ഡോ. ഭാരതി കുല്‍ക്കര്‍ണി പറഞ്ഞു.

പരിഹാരം സമീകൃത ഭക്ഷണം

കുട്ടികളിലെ വളര്‍ച്ചക്കുറവ്, പോഷകക്കുറവ്, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒരു ഭക്ഷണം കൊണ്ടോ ഒരു ഇടപെടല്‍ കൊണ്ടോ പരിഹരിക്കാനാകില്ലെന്നും ഗര്‍ഭകാലം മുതല്‍ കൗമാരപ്രായം വരെ സമീകൃത പോഷകാഹാരം, ശുദ്ധജലം, ശുചിത്വം, അണുബാധ പ്രതിരോധം എന്നിവ ഉള്‍പ്പെടുന്ന സമഗ്ര സമീപനമാണ് ദീര്‍ഘകാല പരിഹാരമെന്നും ഡോ. കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി.

Are children getting adequate nutrition? According to the Director of the National Institute of Nutrition (NIN), ensuring balanced nutrition during childhood is essential for healthy growth, brain development, and immunity. A nutritious diet should include adequate proteins, vitamins, minerals, healthy fats, and whole grains. The director emphasized that parents should focus on balanced meals rather than relying on processed or junk foods, as proper nutrition in the early years lays the foundation for lifelong health.