Health

പ്രഭാതഭക്ഷണം അഡ്ജസ്റ്റ് ചെയ്യരുതേ; അളവും ഗുണവും ഒരേപോലെ പ്രധാനമെന്ന് പഠനം

അളവുപോലെ തന്നെ ബ്രേക്ക്ഫാസ്റ്റിന്റെ ഗുണനിലവാരവും പ്രധാനമാണ്

Madism Desk

ജോലിക്കുപോകാനുള്ള തിരക്കു കാരണം രാവിലെ ഭക്ഷണമുണ്ടാക്കാൻ മടിക്കുന്നവരോ ഒഴിവാക്കുന്നവരോ ആണ് പലരും. ചിലർ പേരിന് എന്തെങ്കിലും കഴിക്കും. എന്നാൽ അങ്ങനെയുള്ള 'ഒപ്പിക്കൽ' ഗുണകരമല്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

പ്രഭാതഭക്ഷണത്തിന്റെ അളവും അതിലെ പോഷകഗുണവും നല്ല ആരോഗ്യം നിലനിർത്തുന്നതിൽ നിർണായകമാണെന്നാണ് സ്പെയിനിൽ നടത്തിയ പഠനത്തിന്റെ കണ്ടെത്തൽ. ആരോഗ്യകരമായ പ്രഭാതഭക്ഷണ ശീലം പിന്തുടരുന്നത് മെറ്റബോളിക് സിന്‍ഡ്രോം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നത്.

പ്രഭാതഭക്ഷണത്തിലെ കലോറിയും പോഷകഗുണവും ദീർഘകാല ഹൃദയാരോഗ്യത്തെ ബാധിക്കും.ദിവസേന ആവശ്യമായ കലോറിയുടെ 20 മുതൽ 30 ശതമാനം വരെ പ്രഭാതഭക്ഷണത്തിലൂടെ ലഭിക്കുന്നവർക്കാണ് മികച്ച ആരോഗ്യഫലങ്ങൾ ലഭിച്ചതെന്ന് പഠനം കണ്ടെത്തി.

അതിൽ താഴെയോ അതിലധികമോ കലോറി രാവിലെ കഴിക്കുന്നവരിൽ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ കണ്ടതായി പഠനം പറയുന്നു. അളവിനൊപ്പം ഗുണനിലവാരവും നിർണായകമാണ്. പോഷകമൂല്യം കുറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരിൽ കുടവയര്‍, ശരീരത്തിൽ കൊഴുപ്പ് കൂടുക, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ നെഗറ്റീവ് ആരോഗ്യപ്രവണതകൾ കൂടുതലായി കണ്ടതായി പഠനം വിലയിരുത്തുന്നു. 300-ലധികം പേരെ ഉൾപ്പെടുത്തി മൂന്ന് വർഷം നീണ്ടതായിരുന്നു ഈ പഠനം.

പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന പോഷകങ്ങളെ അടിസ്ഥാനമാക്കി ഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്ന മീൽ ബാലൻസ് സൂചികയാണ് പഠനത്തിൽ ഉപയോഗിച്ചത്. കൂടാതെ പഞ്ചസാര, കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവുകൾക്കുള്ള അന്താരാഷ്ട്ര മാർഗനിർദേശങ്ങളും പരിഗണിച്ചു. ഉയർന്ന സ്കോർ മികച്ച പോഷകഗുണത്തെ സൂചിപ്പിക്കുന്നതാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

കുറ്റമറ്റ പ്രഭാതഭക്ഷണം എങ്ങനെ ആയിരിക്കണം?

ദിവസേന ആവശ്യമായ കലോറിയുടെ 20–30 ശതമാനം ഉൾക്കൊള്ളുന്ന സമതുലിതമായ ഭക്ഷണമാണ് ഏറ്റവും ഉചിതമെന്നാണ് പഠനം നിർദ്ദേശിക്കുന്നത്. ധാന്യങ്ങൾ, പ്രോട്ടീൻ ഉറവിടങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പഴങ്ങൾ അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന ആഹാരക്രമമാണ് മികച്ചത്. അതേസമയം, പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം. ശരിയായ രീതിയിൽ പ്രഭാതഭക്ഷണം ക്രമീകരിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോം, ഹൃദയരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ തടയാനും നിയന്ത്രിക്കാനും സഹായിക്കുന്നതായാണ് പഠനത്തിന്റെ നിഗമനം.

English Summary: A Spanish study highlights that both the quantity and quality of breakfast are crucial, with 20–30% daily calorie intake in the morning improving health and reducing disease risks