

ഒരു കപ്പ് കാപ്പിയോടെ ദിവസം തുടങ്ങുന്നത് പലർക്കും പതിവാണ്. എന്നാൽ കാപ്പി വെറും ഉണർവ്വ് നൽകുന്ന പാനീയമല്ലെന്ന് പഠനം പുറത്തു വന്നിരിക്കുന്നു. ഒരു കപ്പ് കാപ്പി മനസിനെയും ദഹനാരോഗ്യത്തെയും ബുദ്ധിശേഷിയെയും സ്വാധീനിക്കാൻ കഴിവുള്ള സൂക്ഷ്മമായ ശക്തി കൂടിയാണെന്ന് തെളിഞ്ഞിരിക്കുയാണ് ഇപ്പോൾ.
നമ്മുടെ ദഹനസംവിധാനത്തിൽ കോടിക്കണക്കിന് സൂക്ഷ്മജീവികൾ (microbiome) ജീവിക്കുന്നുണ്ട് ഇവ ദഹനത്തിന് മാത്രമല്ല, നമ്മുടെ മാനസികാരോഗ്യം, സമ്മർദ്ദം, ചിന്താശേഷി എന്നിവയെ നിയന്ത്രിക്കുന്ന 'സെക്കൻഡ് ബ്രെയിൻ' പോലെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്ഥിരമായി കാപ്പി കുടിക്കുന്നവരുടെ വയറിൽ കാണുന്ന സൂക്ഷ്മജീവികൾ ദഹനത്തിനും മനസ്സിനും ശരീരത്തിനും ഇടയിൽ ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് എപിസി മൈക്രോബയോം അയർലന്റിന്റെ പുതിയ പഠനം.
62 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, 31 പേർ കോഫി കുടിക്കുന്നവരും 31 പേർ കുടിക്കാത്തവരുമായിരുന്നു. മാനസികാരോഗ്യ പരിശോധനകളും, ഭക്ഷണക്രമവും കാപ്പിയുടെ ഉപയോഗവും പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചു. കാപ്പി കുടിക്കുന്നവരിൽ എഗെർത്തെല്ല, ക്രിപ്റ്റോബാക്ടീരിയം കർടം പോലുള്ള ചില ഗുണകരമായ ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
കാപ്പിയും ഘടകങ്ങളും
കാഫെയ്ൻ ഉള്ളതും ഇല്ലാത്തതുമായ കാപ്പി (ഡീകാഫ്) കുടിക്കുന്നവർ ഇരുവരും കുറഞ്ഞ സമ്മർദ്ദം, മാനസിക വിഷാദം, അതിവേഗ പ്രതികരണങ്ങൾ (impulsivity) എന്നിവ റിപ്പോർട്ട് ചെയ്തു. ഇത് കോഫിയിലെ പോളിഫീനോളുകൾ, ആന്റിഓക്സിഡന്റുകൾ പോലുള്ള കാഫെയ്ൻ അല്ലാത്ത ഘടകങ്ങൾ മാനസികാരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു.
എന്നാൽ രണ്ടു കാപ്പികൾക്കും വ്യത്യസ്തമായ ഗുണങ്ങൾ ഉണ്ടായിരുന്നെന്ന് പഠനം പറയുന്നു. കാഫെയ്ൻ ഉള്ള കാപ്പി ആശങ്ക കുറയ്ക്കാനും ശ്രദ്ധ മെച്ചപ്പെടുത്താനും സഹായിച്ചു. മറുവശത്ത്, ഡീകാഫ് കാപ്പി പഠന ശേഷിയിലും ഓർമ്മശേഷിയിലും (episodic memory) ശ്രദ്ധേയമായ പുരോഗതി ഉണ്ടാക്കുന്നതായി കണ്ടെത്തി. ഡീകാഫ് കുടിക്കുന്നവരിൽ ബുദ്ധിശേഷി വർധനവും, മെച്ചപ്പെട്ട ഉറക്കവും കണ്ടെത്തിയിട്ടുണ്ട്.
ദിവസവും എത്ര കാപ്പികുടിക്കാം?
ദിവസം 3 മുതൽ 5 കപ്പ് വരെ കാപ്പി കുടിക്കുന്നത് സാധാരണയായി സുരക്ഷിതമെന്നാണ് യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി പറയുന്നത്. കാപ്പി കുടിക്കുന്നത് നിർത്തിയാലും വീണ്ടും ആരംഭിച്ചാലും, വയറിലെ ബാക്ടീരിയയിൽ മാറ്റങ്ങൾ സംഭവിക്കുന്നതായി ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
വയറും ആരോഗ്യവും
കാപ്പി കുടിക്കുന്നവരിൽ ചില ഗുണകരമായ ബാക്ടീരിയകൾ കൂടുതലായി കാണപ്പെടുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും, ഗ്യാസ്ട്രിക് ആസിഡും പിത്തവും ഉൽപ്പാദിപ്പിക്കാനും സഹായിക്കുന്നുണ്ട്.
ഗ്യാസ്ട്രിക് ആസിഡും പിത്തവും
വയറിൽ നിർമ്മിക്കപ്പെടുന്ന ഗ്യാസ്ട്രിക് ആസിഡ് (വയറാമ്ലം) ഭക്ഷണം ദഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് പ്രോട്ടീനുകൾ ഘടകങ്ങളാക്കാനും സഹായിക്കുകയും, ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു.
അതേസമയം, കരളിൽ നിർമ്മിച്ച് പിത്താശയത്തിൽ സംഭരിക്കപ്പെടുന്ന പിത്തം (ബൈൽ) കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ (A, D, E, K) ശരീരത്തിൽ ആഗിരണം ചെയ്യുന്നതിനും ഇത് സഹായകമാണ്. ശരീരത്തിലെ ചില മാലിന്യങ്ങൾ പുറത്താക്കുന്നതിനും പിത്തം പ്രധാന പങ്ക് വഹിക്കുന്നു.
എന്നാൽ ഈ കണ്ടെത്തലുകൾ പ്രാഥമികമാണ്. പഠനം ചെറിയൊരു ഗ്രൂപ്പിൽ മാത്രമാണ് നടത്തിയിരിക്കുന്നത്, കൂടാതെ ചില വിവരങ്ങൾ പങ്കെടുത്തവരുടെ പ്രതികരണങ്ങൾ ആശ്രയിച്ചുള്ളതാണ്. പഞ്ചസാര, പാൽ തുടങ്ങിയ മറ്റ് ഘടകങ്ങൾ നിയന്തിക്കാതെയാണ് പഠനം നടന്നിട്ടുള്ളത്.
English Summary: A new study by APC Microbiome Ireland reveals that coffee consumption can improve gut health, mental well-being and cognitive function. Both caffeinated and decaf coffee influence microbiome balance, reduce stress and support digestion through compounds like polyphenols and antioxidants.