Health

ഉത്സവങ്ങളിലെ ഭക്ഷ്യവിഷബാധ; ലക്ഷണങ്ങളും അവഗണിക്കരുതാത്ത അപായസൂചനകളും

ചില സന്ദർഭങ്ങളിൽ ഇത് അടിയന്തര വൈദ്യസഹായം ആവശ്യപ്പെടുന്ന ഗുരുതരമായ അവസ്ഥകളിലേക്ക് വഴിമാറാം.

Madism Desk

ഉത്സവ സീസണുകളിൽ വലിയ അളവിൽ ഭക്ഷണം പാകം ചെയ്യുന്നതും അവ ശരിയായി സൂക്ഷിക്കാത്തതും പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. തലേദിവസം തന്നെ തയ്യാറാക്കി വെക്കുന്ന ചോറും കറികളും, വലിയ പാത്രങ്ങളിൽ സാവധാനം തണുക്കാനിടുന്ന ​ഗ്രേവികളും, മണിക്കൂറുകളോളം തുറന്നുവെക്കുന്ന ബുഫെകളുമെല്ലാം ബാക്ടീരികയകൾക്ക് പെരുകാൻ അനുകൂലമായ സാഹചര്യമൊരുക്കുന്നു. ഇത്തരം ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടാകുന്ന വയറുവേദനയും അസ്വസ്ഥതകളും പലരും നിസ്സാരമായ തള്ളിക്കളയാറാണ് പതിവ്. മിക്കവാറും പ്രശ്നങ്ങൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മാറാറുണ്ടെങ്കിലും, ചില സന്ദർഭങ്ങളിൽ ഇത് അടിയന്തര വൈദ്യസഹായം ആവശ്യപ്പെടുന്ന ഗുരുതരമായ അവസ്ഥകളിലേക്ക് വഴിമാറാം.

രോ​ഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയം, രോ​ഗകാരണം തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന സൂചനയാണ്. ഭക്ഷണം കഴിച്ച് ഒന്ന് മുതൽ ആറ് മണിക്കൂറിനുള്ളിൽ ആരംഭിക്കുന്ന ലക്ഷണങ്ങൾ സാധാരണയായി ഭക്ഷണത്തിൽ നേരത്തെ തന്നെയുള്ള വിഷവസ്തുക്കളിൽ നിന്നാണ് ഉണ്ടാകുന്നത്. അശ്രദ്ധമായി മുറിയിലെ ഊഷ്മാവിൽ വെച്ചിരിക്കുന്ന ഭക്ഷണത്തിൽ ഉണ്ടാകുന്ന സ്റ്റാഫൈലോകോക്കസ് ഓറിയസ്, മണിക്കൂറുകളോളം ചൂടാക്കി വെക്കുന്ന ചോറിലെ ബാസിലസ് സെറിയസ് തുടങ്ങിയ ബാക്ടീരിയകളാണ് ഇതിന് കാരണം.

ഇവ പെട്ടെന്ന് ഛർദ്ദി ഉണ്ടാകാനും വയറുവേദനയ്ക്കും കാരണമാകുമെങ്കിലും സാധാരണയായി വേഗത്തിൽ ഭേദമാകും. എന്നാൽ എട്ട് മുതൽ എഴുപത്തിരണ്ട് മണിക്കൂർ കഴിഞ്ഞാണ് ലക്ഷണങ്ങൾ ആരംഭിക്കുന്നതെങ്കിൽ, അത് സാൽമൊണെല്ല, കാംപിലോബാക്റ്റർ അല്ലെങ്കിൽ ഇ. കോളി തുടങ്ങിയ ബാക്ടീരിയകൾ കുടലിനുള്ളിൽ പെരുകുന്നതുകൊണ്ടാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യങ്ങളിൽ പനി, നീണ്ടുനിൽക്കുന്ന വയറിളക്കം, മലത്തിൽ രക്തം കാണുക തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

ചില ലക്ഷണങ്ങൾ ഒരിക്കലും അവ​ഗണിക്കാനും സ്വയം ചികിത്സിക്കാനും പാടില്ല. മലത്തിൽ രക്തം കാണുകയോ മലം കറുത്ത നിറത്തിൽ പോവുകയോ ചെയ്യുന്നത് അപകടകാരികളായ സൂക്ഷ്മാണുക്കൾ കുടൽ പാളിയെ നശിപ്പിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. വയറിളക്കത്തോടൊപ്പം കടുത്ത പനിയും ഉണ്ടെങ്കിൽ അന്നുതന്നെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ വയറിളക്കം നിൽക്കാനുള്ള ഗുളികകൾ കഴിക്കുന്നത് രോഗകാരികളായ അണുക്കളെ കുടലിൽ കൂടുതൽ നേരം നിലനിർത്താൻ മാത്രമേ ഉപകരിക്കൂ.

വയറിളക്കത്തിലും ഛർദ്ദിയിലും ഏറ്റവും വലിയ വില്ലനാകുന്നത് നിർജ്ജലിനീകരണമാണ്. ഇരുണ്ട മൂത്രം, വരണ്ട നാവ്, തലകറക്കം എന്നിവ ശരീരത്തിൽ ജലാംശം കുറഞ്ഞതിന്റെ ലക്ഷണങ്ങളാണ്. ഒആർഎസ് ലായനി കൃത്യമായ ഇടവേളകളിൽ കുടിക്കുന്നത് ശരീരത്തിന് നഷ്ടപ്പെട്ട ലവണങ്ങളെ വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കും. ചെറിയ കുട്ടികൾക്കും പ്രായമായവർക്കും ദാഹം വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല എന്നതിനാൽ അവരിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

നാഡീവ്യൂഹത്തെ ബാധിക്കുന്ന ലക്ഷണങ്ങളോ വയറുവേദനയുെ സ്വാബാവത്തിലുള്ള മാറ്റങ്ങളോ കണ്ടാൽ ഒട്ടും വൈകാതെ ആശുപത്രിയിൽ എത്തേണ്ടതുണ്ട്. വീട്ടിൽ ടിന്നിലടച്ചതോ ശരിയായി സൂക്ഷിക്കാത്തതോ ആയ ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന ബോട്ടുലിനം ടോക്സിൻ കാഴ്ച മങ്ങുക, കൺപോളകൾ തൂങ്ങുക, സംസാരം കുഴയുക, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അടിയന്തര ചികിത്സ നൽകണം. അതുപോലെ വേദന തുടർച്ചയായി നിൽക്കുകയോ, വയറിന്റെ വലതുഭാഗത്ത് താഴെയായി കേന്ദ്രീകരിക്കുകയോ ചെയ്താൽ അത് അപ്പെൻഡിസൈറ്റിസ് അല്ലെങ്കിൽ കുടലിലുണ്ടാകുന്ന സുഷിരം എന്നിവയുടെ ലക്ഷണമാകാം. കുട്ടികളിൽ മലത്തിൽ രക്തം പോകുന്ന വയറിളക്കം വന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുകയും മുഖത്ത് നീര് വരികയും ചെയ്യുന്നത് വൃക്കകളെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയെ സൂചിപ്പിക്കുന്നു.

പ്രമേഹം ഉൾപ്പെടെയുള്ള മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ ഭക്ഷ്യവിഷബാധ കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ചേക്കാം. നിർജ്ജലീകരണം രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കാനും ഡയബറ്റിക് കീറ്റോഅസിഡോസിസ് പോലെയുള്ള അവസ്ഥകളിലേക്ക് നയിക്കാനും കാരണമാകുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളിൽ മരുന്നുകളുടെ ഉപയോഗത്തിൽ സ്വന്തമായി തീരുമാനമെടുക്കാതെ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അനിവാര്യമാണ്. ഗർഭിണികൾ, ചെറിയ കുട്ടികൾ, വൃക്ക-കരൾ രോഗങ്ങൾ ഉള്ളവർ എന്നിവർ ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും ഉടൻ തന്നെ ഡോക്ടറെ കാണണം. ഗർഭകാലത്ത് പാസ്ചറൈസ് ചെയ്യാത്ത പാലുത്പ്പന്നങ്ങളിൽ നിന്നുണ്ടാകുന്ന അണുബാധ ഗർഭസ്ഥ ശിശുവിനെ നേരിട്ട് ബാധിച്ചേക്കാമെന്നതിനാൽ ചെറിയ പനി പോലും ഗർഭിണികൾ അവഗണിക്കരുത്.

ഭക്ഷ്യവിഷബാധ ഒഴിവാക്കുന്നതിൽ വിരുന്ന് ഒരുക്കുന്നവർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. പാകം ചെയ്ത ഭക്ഷണം ചൂടോടെ തന്നെ വിളമ്പാനും, ബാക്കി വരുന്നവ ചൂടുള്ള കാലാവസ്ഥയിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റാനും ശ്രദ്ധിക്കണം. വലിയ അളവിൽ ചോറ് വെക്കുമ്പോൾ പരന്ന പാത്രങ്ങളിൽ പെട്ടെന്ന് തണുപ്പിച്ച് മാറ്റുകയും, വീണ്ടും ഉപയോഗിക്കുമ്പോൾ നന്നായി ആവി വരുന്നതുവരെ ചൂടാക്കുകയും വേണം. പാൽ, ക്രീം എന്നിവ അടങ്ങിയ പലഹാരങ്ങൾ നിർബന്ധമായും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. വിളമ്പാൻ പ്രത്യേക സ്പൂണുകൾ ഉപയോഗിക്കുന്നതും കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതും അണുബാധ പകരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. അപകടസൂചനകൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടിയാൽ ഭയപ്പെടുത്തുന്ന വലിയൊരപകടത്തെ ചെറിയൊരു ബുദ്ധിമുട്ടായി മാത്രം ഒതുക്കാനും ആഘോഷങ്ങൾ സുരക്ഷിതമാക്കാനും സാധിക്കും.

This article explains the causes, symptoms, and prevention of food poisoning commonly occurring during festival feasts. It breaks down how the onset time of symptoms can identify the responsible bacteria and highlights critical red flags that require immediate medical attention, such as bloody stools, severe dehydration, and neurological issues. It also outlines the specific risks for vulnerable groups like diabetics and pregnant women, while providing practical food safety and storage guidelines for hosts to ensure a safe celebration.